head2
head 3
head1

വനിതാ സംവരണവുമായി യൂറോപ്യന്‍ യൂണിയന്‍ നിയമം

വന്‍കിട കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് 40% സംവരണം

ബ്രസല്‍സ് : വന്‍കിട കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ സ്ത്രീകള്‍ക്ക് 40% സംവരണം ഏര്‍പ്പെടുത്തുന്നത്തിന് യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നു. ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചതോടെയാണ് ഒരു ദശാബ്ദമായി സ്തംഭിച്ചു നിന്ന ഇതു സംബന്ധിച്ച നടപടികള്‍ വീണ്ടും സജീവമായത്. ചൊവ്വാഴ്ചയാണ് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും ഇക്കാര്യത്തില്‍ ധാരണയിലെത്തിയത്.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അംഗരാജ്യങ്ങള്‍ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണം നടത്തും. 2026 ജൂണ്‍ 30നകം കമ്പനികള്‍ പുതിയ ലക്ഷ്യം നടപ്പിലാക്കണമെന്നാണ് ഇയു കമ്മീഷന്‍ ആഗ്രഹിക്കുന്നത്. നേരത്തേ ഇയു കൗണ്‍സില്‍ 2027 ഡിസംബര്‍ 31 വരെ സമയം അനുവദിച്ചിരുന്നു. ലിസ്റ്റഡ് അല്ലാത്ത കമ്പനികളെ കൂടി നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമോയെന്ന് പിന്നീട് തീരുമാനിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

പുതിയ വനിതാ സംവരണ നിയമം 2026 പകുതിയോടെ

2026 പകുതിയോടെ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്. എല്ലാ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളിലെയും ലിസ്റ്റഡ് കമ്പനികളുടെ നോണ്‍ എക്‌സിക്യുട്ടീവ് ബോര്‍ഡ് സീറ്റുകളുടെ 40 ശതമാനത്തിലും ബോര്‍ഡ് ഡയറക്ടര്‍ റോളുകളിലെ 33 ശതമാനത്തിലും സ്ത്രീകള്‍ക്കായി നീക്കിവെയ്ക്കണമെന്ന് ‘വിമന്‍ ഓണ്‍ ബോര്‍ഡ്സ്’ നിര്‍ദ്ദേശിക്കുന്നു.

കുറഞ്ഞത് 250 ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് നിയമം ബാധകമാവുക. കമ്പനികളില്‍ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്ന് നിയമം നിര്‍ദ്ദേശിക്കുന്നു. ബോര്‍ഡുകളില്‍ മതിയായ തോതില്‍ സ്ത്രീകളെ നിയമിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് പിഴ ചുമത്താനും നിയമം പാലിക്കാതെ നടത്തുന്ന നിയമനങ്ങള്‍ റദ്ദാക്കാനും നിയമം വ്യവസ്ഥ ചെയ്യും.

മികച്ച ജോലികള്‍ക്ക് യോഗ്യതയുള്ള ധാരാളം സ്ത്രീകളുണ്ട് അവര്‍ക്ക് അവ നേടാനാകണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

സംവരണം ഇയു രാജ്യങ്ങളില്‍

യൂറോപ്യന്‍ യൂണിയനിലുടനീളം ബോര്‍ഡ് സ്ഥാനങ്ങളില്‍ 30.6 ശതമാനം സ്ത്രീകളാണെന്നാണ് കണക്ക്. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ വലിയ അന്തരമാണ് ഇക്കാര്യത്തിലുള്ളത്. സൈപ്രസില്‍ ബോര്‍ഡുകളില്‍ 8.5 ശതമാനം സ്ത്രീകളുള്ളപ്പോള്‍ ഫ്രാന്‍സില്‍ ഇത് 45 ശതമാനത്തിലധികമാണ്.

സ്ത്രീകള്‍ക്ക് നിയമപരമായ സംവരണം ഏര്‍പ്പെടുത്തിയ ആദ്യ രാജ്യമാണ് ഫ്രാന്‍സ്. 2011ല്‍ ആയിരുന്നു ഇത്. 2017ല്‍ 40 ശതമാനം സ്ത്രീ സംവരണം ഇവിടെ നിലവില്‍ വന്നു. യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്റര്‍ ഇക്വാലിറ്റി (ഇ ഐ ജി ഇ) പരിധി മറികടക്കുന്ന ഏക ഇ യു രാജ്യവും ഫ്രാന്‍സാണ്.

ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ബെല്‍ജിയം, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ ബോര്‍ഡില്‍ 36നും 38.8 ശതമാനത്തിനും ഇടയിലാണ് സ്ത്രീകളുള്ളത്. ഹംഗറി, എസ്റ്റോണിയ, സൈപ്രസ് എന്നിവയാണ് വളരെ പിന്നിലുള്ളത്. അവിടങ്ങളില്‍ 10 നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളില്‍ താഴെ മാത്രമേ സ്ത്രീകളുള്ളൂ.

Comments are closed.