head1
head 3
head2

യൂറോപ്യന്‍ യൂണിയനിലാകെ 2024 മുതല്‍ യുഎസ്ബി ടൈപ്പ്-സി ചാര്‍ജ്ജറുകള്‍ മാത്രം

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും കാമറകള്‍ക്കുമെല്ലാം ഏകീകൃത ചാര്‍ജര്‍ സംവിധാനം 2024ഓടെ പ്രാബല്യത്തില്‍ വരും. ഇതോടെ ആപ്പിള്‍ ഉള്‍പ്പടെയുള്ള എല്ലാ ഫോണുകളുടെയും ചാര്‍ജ്ജറുകളും ഒന്നാകും. ലോകത്തില്‍ ആദ്യമായാണ് ഇത്തരമൊരു തീരുമാനമുണ്ടാകുന്നത്.

2024ഓടെ, യു എസ് ബി ടൈപ്പ്-സി ചാര്‍ജ്ജറുകളാകും യൂറോപ്യന്‍ യൂണിയനിലുണ്ടാവുക. എല്ലാ മൊബൈല്‍ ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും ക്യാമറകള്‍ക്കും പൊതുവായ ചാര്‍ജിംഗ് പോര്‍ട്ടായി ഇത് മാറുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസ്താവനയില്‍ പറഞ്ഞു.

നിലവിലെ ആപ്പിളിന്റെ ലൈറ്റണിംഗ് കേബിള്‍ സംവിധാനം ഉപയോഗിക്കുന്നതു തുടരാന്‍ ആപ്പിള്‍ നടത്തിയ നീക്കം മറ്റ് കമ്പനികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിജയിക്കാതെ പോവുകയായിരുന്നു.

ഒരു ദശാബ്ദത്തിലേറെയായി ഏകീകൃത മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടിനായി ബ്രസ്സല്‍സ് ശ്രമിക്കുകയായിരുന്നു. ഐഫോണുകള്‍ ലൈറ്റണിംഗ് കേബിളുപയോഗിച്ചും ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ യുഎസ്ബി സി കണക്റ്ററുകള്‍ ഉപയോഗിച്ചുമാണ് ചാര്‍ജ്ജ് ചെയ്യുന്നത്. അടിക്കടിയുള്ള ചാര്‍ജ്ജറുകളുടെ മാറ്റത്തിനെതിരെ ഐഫോണ്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കളില്‍ നിന്ന് വ്യാപകമായ പരാതികളുയര്‍ന്നിരുന്നു.

പണം ലാഭിക്കുന്നതുള്‍പ്പടെ ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്നതാണ് ഈ തീരുമാനമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. ഈ നിയമത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ഏകദേശം 250 മില്യണ്‍ യൂറോ ലാഭിക്കാനാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യവസായ മേധാവി തിയറി ബ്രെട്ടണ്‍ പറഞ്ഞു.

Comments are closed.