head1
head2
head 3

ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്നത്തിന് പരിഹാരവുമായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്

ബ്രസല്‍സ് : വര്‍ഷങ്ങളായി തുടരുന്ന ഇസ്രായേല്‍ – പലസ്തീന്‍ പ്രശ്നത്തിന് പരിഹാര നിര്‍ദ്ദേശവുമായി യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ്. ഇസ്രയേലിന് സുരക്ഷയും പലസ്തീന്‍കാര്‍ക്ക് സ്വതന്ത്രവും ജനാധിപത്യ രാഷ്ട്രവും എന്നതാണ് ഈ പ്രശ്നത്തിനുള്ള പരിഹാരമെന്ന് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള പറഞ്ഞു.

ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെ ജറുസലേമില്‍ പാര്‍ലമെന്റിന്റെ പ്രത്യേക സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രസിഡന്റ്. റഷ്യന്‍ പ്രസിഡന്റ് പുടിനെയും റോബര്‍ട്ട മെറ്റ്സോള വിമര്‍ശിച്ചു. ഇരു പരാമര്‍ശങ്ങളും പാര്‍ലമെന്റില്‍ ബഹളത്തിനും കാരണമായി.

മിഡില്‍ ഈസ്റ്റ് സമാധാന പ്രക്രിയയെ ശക്തമായി പിന്തുണയ്ക്കുന്നതായി മെറ്റ്സോള പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തെയാണ് ഇ.പി പിന്തുണയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു. സമാധാനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ഇവര്‍ ദീര്‍ഘനേരവും പ്രസംഗിച്ചത്. ഈ പരിഹാര നിര്‍ദ്ദേശം സമ്മതിക്കാത്തവരുണ്ടെന്ന് അറിയാം. എല്ലാവരും സമാധാനത്തെയല്ല ലക്ഷ്യമായി കാണുന്നതെന്നും അറിയാം. കുഞ്ഞുങ്ങളെ കൊന്ന അമ്മമാരോട് സമാധാനമായിരിക്കാന്‍ ആര്‍ക്കും പറയാനുമാവില്ല.

എന്നിരുന്നാലും ഈ മേഖലയിലെ പുരോഗതിക്കുള്ള ഏക വഴി സമാധാനമാണെന്നാണ് വിശ്വസിക്കുന്നതായി മെറ്റ്സോള പറഞ്ഞു. ഇസ്രായേലികള്‍ക്കും പലസ്തീനികള്‍ക്കും സുരക്ഷിതമായും സന്തോഷമായും ജീവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗമാണിതെന്നും അവര്‍ പറഞ്ഞു.

ആണവായുധങ്ങളുമായി ലോകത്തെ ഭീഷണിപ്പെടുത്തുകയാണ് പുടിനെന്ന് മെറ്റ്സോള വിമര്‍ശിച്ചു. മറ്റു രാജ്യങ്ങളെല്ലാം ചേര്‍ന്ന് നാശത്തിലേയ്ക്കുള്ള ഈ നീക്കത്തെ ചെറുക്കാന്‍ രംഗത്തുവരണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു.

മെറ്റ്‌സോളയുടെ റഷ്യയെക്കുറിച്ചും ദ്വിരാഷ്ട്ര പരിഹാര നിര്‍ദ്ദേശവും ഇസ്രായേല്‍ പാര്‍ലമെന്റിലും വലിയ ഇളക്കമുണ്ടാക്കി. തീവ്ര വലതുപക്ഷവും ഇടതുപക്ഷത്തെ നീസെറ്റ് അംഗങ്ങളും അതിനെ വിമര്‍ശിച്ചു. ഇസ്രായേല്‍ പാര്‍ലമെന്റാണിതെന്ന് നീസെറ്റ് സ്പീക്കര്‍ മെറ്റ്സോളയെ ഓര്‍മ്മിപ്പിച്ചു.

എന്നാല്‍ ഇതാണ് ജനാധിപത്യമെന്നായിരുന്നു മെറ്റ്‌സോളയുടെ മറുപടി. മുന്നോട്ടുള്ള വഴിയിലും സമാധാനത്തിനായുള്ള അന്വേഷണത്തിലും യൂറോപ്യന്‍ പാര്‍ലമെന്റ് എപ്പോഴും കൂടെയുണ്ടായിരിക്കുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

Comments are closed.