head 3
head2
head1

കോവിഡ് ബൂസ്റ്ററുകള്‍ ഇടയ്ക്കിടെ നല്‍കുന്നത് രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി

ഇടയ്ക്കിടെ കോവിഡ്-19 ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നും അത് പ്രായോഗികമല്ലെന്നും യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍സ് മുന്നറിയിപ്പ് നല്‍കി. ഓരോ നാല് മാസം കൂടുമ്പോഴും ബൂസ്റ്റര്‍ ഡോസുകള്‍ ആവര്‍ത്തിക്കുന്നത് ക്രമേണ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും ആളുകളെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ഒമിക്രോണ്‍ അണുബാധയ്ക്കെതിരെ കൂടുതല്‍ സംരക്ഷണം നല്‍കുന്നതിനായി ആളുകള്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കുന്നത് ചില രാജ്യങ്ങള്‍ പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. പകരം, രാജ്യങ്ങള്‍ ബൂസ്റ്റര്‍ പ്രോഗ്രാമുകള്‍ക്കിടയില്‍ കൂടുതല്‍ സമയം വിടുകയും ഓരോ അര്‍ദ്ധഗോളത്തിലെയും തണുത്ത സീസണിന്റെ ആരംഭവുമായി അവയെ ബന്ധിപ്പിക്കുകയും വേണമെന്നാണ് ഇഎംഎ നല്‍കുന്ന ഉപദേശം.

ഈ മാസം ആദ്യം, ഇസ്രായേല്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് അഥവാ നാലാമത്തെ കോവിഡ് വാക്സിന്‍ നല്കിത്തുടങ്ങിയിരുന്നു.

അതേസമയം, ബൂസ്റ്ററുകള്‍ നല്ല തലത്തിലുള്ള സംരക്ഷണം നല്‍കുന്നുണ്ടെന്നും ഇപ്പോള്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഷോട്ടിന്റെ ആവശ്യമില്ലെന്നുമാണ് ബ്രിട്ടന്‍ പറഞ്ഞത്. എന്നാല്‍ വരും നാളുകളില്‍ സ്ഥിതിഗതികള്‍ വിശകലനം ചെയ്ത് വേണ്ടത് പരിഗണിക്കുമെന്നും ബ്രിട്ടന്‍ പറഞ്ഞു.

ബൂസ്റ്ററുകള്‍ ഒന്നോ രണ്ടോ തവണ നല്‍കാം, പക്ഷേ തുടര്‍ച്ചയായി ആവര്‍ത്തിക്കുന്നത് നല്ലതെല്ലെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാര്‍ക്കോ കവലേരി പറഞ്ഞു.

പാക്സ്ലോവിഡ്, റെംഡെസിവിര്‍ തുടങ്ങിയ ഓറല്‍, ഇന്‍ട്രാവണസ് ആന്റിവൈറലുകള്‍ ഒമൈക്രോണിനെതിരെ അവയുടെ ഫലപ്രാപ്തി നിലനിര്‍ത്തുന്നുണ്ടെന്നും ഇയു റെഗുലേറ്റര്‍ പറഞ്ഞു.

Comments are closed.