head1
head2
head 3

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണവുമായി യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : ലോകത്തില്‍ ആദ്യമായി സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. സോഷ്യല്‍ മീഡിയ അല്‍ഗോരിതങ്ങളിലേക്ക് പ്രവേശനം നേടുന്നതിന് വഴിയൊരുക്കി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ ഡിജിറ്റല്‍ സ്പേയ്സ് സൃഷ്ടിക്കുന്നതിനാണ് ഇ യു കരാര്‍ വരുന്നത്.

യൂറോപ്പിലെ ഡിജിറ്റല്‍ മാര്‍ക്കറ്റുകളെയും സോഷ്യല്‍ മീഡിയ സര്‍വ്വീസുകളേയും നിയന്ത്രിക്കുന്നതിനാണ് യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വ്വീസ് ആക്ട് (ഡി എസ് എ), ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് എന്നിവയിലൂടെ ലക്ഷ്യമിടുന്നത്. നിയമങ്ങള്‍ സാങ്കേതികമായി ഇതുവരെ അന്തിമമായിട്ടില്ല. ഇതിന് എം ഇ പി മാരും ഇ യു മന്ത്രിമാരും അംഗീകാരം നല്‍കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ 15 മാസത്തിന് ശേഷം നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും.

ഈ നിയമം കൊണ്ടു വരുന്നതിന് മുന്നോടിയായി ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മിറ്റിയിലെ എം ഇ പിമാര്‍ സിലിക്കണ്‍ വാലിയിലെ സോഷ്യല്‍ മീഡിയ ഭീമന്‍മാരായ മെറ്റാ, ഗൂഗിള്‍, ആപ്പിള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും. ഡി എസ് എ പാക്കേജിനെയും മറ്റ് ഡിജിറ്റല്‍ നിയമനിര്‍മ്മാണത്തെയും കുറിച്ച് നേരിട്ട് ഇവരുമായി ചര്‍ച്ച നടത്തും. നിയമം സംബന്ധിച്ച അമേരിക്കന്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നിലപാട് അറിയുന്നതിനാണ് ഇത്.

ഡി എസ് എ പുതിയ ആഗോള നിലവാരം കൊണ്ടുവരുമെന്നാണ് കരുതുന്നതെന്ന് ക്രിസ്റ്റല്‍ ഷാല്‍ഡെമോസ് എം ഇ പി പറഞ്ഞു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും വന്‍കിട ടെക് കമ്പനികളും ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തില്‍ പൗരന്മാര്‍ക്ക് മികച്ച നിയന്ത്രണം ഇതോടെ കൈവരുമെന്നും എം ഇ പി പറഞ്ഞു.

ഓണ്‍ലൈനിലും നിയമവിരുദ്ധമായത് ഓഫ്‌ലൈനിലും അങ്ങനെ തന്നെയാണെന്ന് ഉറപ്പാക്കുന്നതാണ് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നത്. അല്‍ഗോരിതമിക് സുതാര്യതയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് സംബന്ധിച്ച ബാധ്യതകളും നിയമത്തിന്റെ പ്രധാന നേട്ടങ്ങളാണെന്നും ഇദ്ദേഹം പറഞ്ഞു.

Comments are closed.