head1
head 3
head2

മുന്‍ പരിചയവും യോഗ്യതകളും വേണ്ട… ആളുണ്ടോ യൂറോപ്യന്‍ ഹോട്ടലുകളില്‍ ജോലി റെഡി

ബ്രസല്‍സ്: ജീവനക്കാരില്ലാതെ ബുദ്ധിമുട്ടുന്ന യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ
ഹോട്ടലുകളും മറ്റും മതിയായ യോഗ്യതകളില്ലാത്ത ഉദ്യോഗാര്‍ഥികളെ നിയോഗിച്ച് എങ്ങനെയും കാര്യം നടത്താന്‍ ശ്രമിക്കുന്ന സ്ഥിതിയിലെന്ന് റിപ്പോര്‍ട്ട്.

കോവിഡ് പാന്‍ഡെമിക് സമയത്ത് അന്താരാഷ്ട്ര യാത്രകള്‍ നിര്‍ത്തിയതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ഉപേക്ഷിച്ചു പോയി. അവരിലേറെയും തിരികെയെത്തിയിട്ടില്ല. പകര്‍ച്ചവ്യാധിയെ മറികടന്ന് ടൂറിസം രംഗം സജീവമായതോടെ ജീവനക്കാരില്ലാത്തത് വന്‍ പ്രശ്നമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഹോസ്പിറ്റാലിറ്റി മേഖലയുടെ ഈ നയം മാറ്റം.

യൂറോപ്പിലാകെ ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലകള്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ പ്രതിസന്ധി നേരിടുകയാണ്. പ്രശ്നം പരിഹരിക്കാന്‍ യാതോരു മുന്‍പരിചയവുമില്ലാത്തയാളുകളെ അപേക്ഷയോ ബയോഡാറ്റയോ പോലും വാങ്ങാതെ ജോലിയില്‍ നിയോഗിക്കുകയാണ്.

24 മണിക്കൂറിനുള്ളില്‍ നിയമനം

ബയോഡാറ്റയും മുന്‍കൂര്‍ ജോലി പരിചയവുമില്ലാത്തവരെയും ഇന്റര്‍വ്യു നടത്തി 24 മണിക്കൂറിനുള്ളില്‍ നിയമിക്കുകയാണ് ചെയ്യുന്നത്. ആറ് മണിക്കൂര്‍ പരിശീലനം നല്‍കിയാണ് നിയമനം നല്‍കുന്നത്. നോര്‍ത്ത് ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും മറ്റുമാണ് ഇത്തരത്തില്‍ കൂടുതലായും നിയമിക്കുന്നത്.

യാതോരു മുന്‍പരിചയവുമില്ലാത്ത ആളുകളെ റിക്രൂട്ട് ചെയ്യുകയാണെന്ന് യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ അക്കോര്‍, ചീഫ് എക്‌സിക്യൂട്ടീവ് സെബാസ്റ്റ്യന്‍ ബാസിന്‍ വെളിപ്പെടുത്തുന്നു.

110ലധികം രാജ്യങ്ങളില്‍ മെര്‍ക്യൂര്‍, ഐബിസ്, ഫെയര്‍മോണ്ട് തുടങ്ങിയ ബ്രാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന അക്കോറിന് ആഗോളതലത്തില്‍ 35,000 തൊഴിലാളികളെയാണ് ആവശ്യമുള്ളത്. ഇവരെ നിയമിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നും ഇദ്ദേഹം പറയുന്നു.

സ്‌പെയിനില്‍ ആവശ്യമുള്ളത് രണ്ട് ലക്ഷത്തോളം ആളുകളെ

സ്‌പെയിനിലും പോര്‍ച്ചുഗലിലും സ്റ്റാഫ് ക്ഷാമം രൂക്ഷമാണ്. ഇവിടെ ഹോട്ടലുടമകള്‍ ഉയര്‍ന്ന ശമ്പളവും സൗജന്യ താമസവും ബോണസും ആരോഗ്യ ഇന്‍ഷുറന്‍സുമൊക്കെയുള്ള ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നിയമനം നടത്തിയില്ലെങ്കില്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

സ്പെയിനിലെ കാറ്ററിംഗ് വ്യവസായത്തില്‍ 200,000 തൊഴിലാളികളുടെ കുറവുള്ളതായി നോഷണല്‍ ഹോസ്പിറ്റാലിറ്റി അസോസിയേഷന്‍ പറയുന്നു. പോര്‍ച്ചുഗലില്‍ കുറഞ്ഞത് 15,000 ആളുകളാണ് ഈ മേഖലയില്‍ ആവശ്യമായുള്ളത്.

Comments are closed.