head2
head1
head 3

വരള്‍ച്ചയുടെ വറുതിയില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍

ബ്രസല്‍സ് : കാലാവസ്ഥാ വ്യതിയാനത്തിന്റെ കൊടിയ കെടുതികള്‍ നേരിടുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. കൊടും വരള്‍ച്ചയാണ് മിക്കരാജ്യങ്ങളും ഒരു വര്‍ഷമായി അഭിമുഖീകരിക്കുന്നത്. ചില മെഡിറ്ററേനിയന്‍ രാജ്യങ്ങളും ഈ പ്രശ്നങ്ങളെ നേരിടുന്നുണ്ട്. ഏറ്റവും ഭീകരമായ വരള്‍ച്ചയായിരിക്കും യൂറോപ്പ് നേരിടുകയെന്ന് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ മരോഷ് സെഫെകോവിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഗ്രീസും ഇറ്റലിയും ഉള്‍പ്പെടെ വിവിധ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളെ വരള്‍ച്ച ബാധിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ യൂറോപ്പിലുടനീളം ഇത് ആശങ്ക പടര്‍ത്തുന്നതാണ്. ഫ്രാന്‍സിലെയും സ്‌പെയിനിലെയും ഉഷ്ണതരംഗം ഗോതമ്പ് കൃഷിയെ ദോഷകരമായി ബാധിച്ചെന്ന് കഴിഞ്ഞ മാസം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇറ്റലി വരളുന്നു…

70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയുടെ പിടിയിലാണ് ഇറ്റലി. വടക്കന്‍ ഇറ്റലിയിലെ ജനതയാകെ കുടിവെള്ള-ജല ക്ഷാമത്തിന്റെയും പ്രശ്നങ്ങളിലാണ്. ഇറ്റലിയിലെ ഏറ്റവും വലിയ നദിയായ പോയില്‍ പോലും വെള്ളം വളരെ കുറവാണ്. 1943ല്‍ രണ്ടാം ലോകമഹായുദ്ധ സമയത്ത് മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങള്‍ തെളിഞ്ഞുവന്നതും വാര്‍ത്തയായിരുന്നു.

ജലസംഭരണകളില്‍ വെള്ളമില്ല

കാട്ടുതീയുടെ അപകടം മുന്‍ നിര്‍ത്തി എട്ട് ദിവസത്തെ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ സര്‍ക്കാര്‍. വരള്‍ച്ച മൂലം പൊറുതിമുട്ടിയ രാജ്യത്ത് താപനില 43 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. 2017ല്‍ പോര്‍ച്ചുഗലിലെ കാട്ടുതീയില്‍ നൂറിലധികം പേരാണ് മരിച്ചത്. രാജ്യത്തിന്റെ 96 ശതമാനം പ്രദേശവും കടുത്ത വരള്‍ച്ചയിലാണ്.

സ്പെയിനിലെ ചില ഭാഗങ്ങളില്‍ താപനില വാരാന്ത്യത്തില്‍ 42ഡിഗ്രി സെല്‍ഷ്യസിലെത്തിയിരുന്നു. അണക്കെട്ടുകളില്‍ 45% ജലം മാത്രമേ അവശേഷിക്കുന്നുള്ളു. 30 വര്‍ഷം പെയ്ത മഴയുടെ പകുതി മാത്രമേ ഇവിടെ ലഭിക്കുന്നുള്ളുവെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

വെള്ളത്തിന്റെ ഉപഭോഗം നിയന്ത്രിച്ച് റൊമാനിയ

കടുത്ത വരള്‍ച്ച മൂലം വൈദ്യുതി ഉല്‍പ്പാദനത്തിനും കാര്‍ഷിക മേഖലയിലും ജല ഉപഭോഗം കുറയ്ക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് റൊമാനിയ. യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ ധാന്യ ഉല്‍പ്പാദക രാജ്യമാണ് റൊമാനിയ.

രാജ്യത്തെ 40 പ്രധാന ജലസംഭരണികളിലെ ജലനിരപ്പ് ജൂലൈ അവസാനത്തോടെ 68% ആയി കുറയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. രാജ്യത്തിന്റെ 70% പ്രദേശവും നിലവില്‍ വരള്‍ച്ച ബാധിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഫ്രാന്‍സും ഗ്രീസും പ്രശ്നത്തില്‍

ഉയര്‍ന്ന താപനിലയും നദീജലക്ഷാമവും കാരണം ആണവ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ഫ്രാന്‍സ്. ആണവ റിയാക്ടറുകളെ തണുപ്പിക്കാനാണ് നദീ ജലം ഉപയോഗിക്കുന്നത്.

2021 ഓഗസ്റ്റില്‍ വമ്പന്‍ കാട്ടുതീയ്ക്കാണ് ഗ്രീസ് സാക്ഷ്യം വഹിച്ചത്. ഭാവിയിലും ഇത്തരം തീപിടുത്തങ്ങള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഗ്രീസിലെ എവിയ ദ്വീപില്‍ ജൂണിലും കാട്ടുതീ പടര്‍ന്നിരുന്നു. തീപിടുത്തം നേരിടാന്‍ അഗ്നിശമന സേനാംഗങ്ങളെ വിന്യസിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ധനസഹായവും നല്‍കിയിരുന്നു.

Comments are closed.