head2
head 3
head1

യൂറോപ്യന്‍ കാര്‍ വിപണി മാന്ദ്യത്തില്‍; വില്‍പ്പന 14% കുറഞ്ഞു

ബ്രസല്‍സ് : കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ക്ഷാമവും ഉക്രൈയ്നിലെ റഷ്യന്‍ ആക്രമണവും യൂറോപ്യന്‍ കാര്‍ വിപണിയെ ബാധിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനിലാകെ പുതിയ കാറുകളുടെ വില്‍പ്പന 4.6 മില്യണായാണ് കുറഞ്ഞത്.

ഈ വര്‍ഷം ആറുമാസം പിന്നിടുമ്പോള്‍ കാറുകളുടെ വില്‍പ്പന 14 ശതമാനം കുറഞ്ഞതായി യൂറോപ്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഡാറ്റ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ജൂണിലെ വില്‍പ്പന 15.4 ശതമാനമായാണ് കുറഞ്ഞത്. തുടര്‍ച്ചയായ പതിനൊന്നാം മാസമാണ് കാര്‍ വില്‍പ്പന കുറയുന്നത്.

കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ക്ഷാമം കഴിഞ്ഞ ഒരു വര്‍ഷമായി ഓട്ടോമൊബൈല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഇത് ഡീലര്‍മാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇറ്റലിയിലെ കാര്‍ വില്‍പ്പനയില്‍ 22.7 ശതമാനം കുറവുണ്ടായി. അതേസമയം, ഫ്രാന്‍സില്‍ 16.3 ശതമാനവും, ജര്‍മ്മനിയില്‍ 11 ശതമാനവും സ്പെയിനില്‍ 10.7 ശതമാനവുമാണ് വില്‍പ്പന ഇടിവുണ്ടായത്. ബ്രിട്ടനിലെ കാര്‍ വില്‍പ്പനയില്‍ 11.9 ശതമാനവും കുറഞ്ഞു.

റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ഫോക്‌സ്വാഗണ്‍

വിപണിയില്‍ ഫോക്‌സ്വാഗണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ജര്‍മ്മന്‍ ഗ്രൂപ്പിന്റെ വിപണി വിഹിതം 25.8ല്‍ നിന്ന് 24.1 ശതമാനമായി കുറഞ്ഞു. വില്‍പ്പനയിലും (19.4%) ഇടിവുണ്ടായി. സ്റ്റെല്ലാന്റിസിന്റെ വില്‍പ്പന 21.3ല്‍ നിന്ന് 19.4 ശതമാനമായി കുറഞ്ഞു. റെനോയുടെ വില്‍പ്പനയില്‍ ഏഴ് ശതമാനത്തിന്റെ കുറവുമുണ്ടായി.

ഹോണ്ടാ കാറുകളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായെങ്കിലും ആറു മാസത്തിനുള്ളില്‍ 37,113 കാറുകളാണ് വില്‍പ്പന നടത്തിയത്. അതേസമയം, ഹ്യൂണ്ടായ് കിയയുടെ വില്‍പ്പന 12.6 ശതമാനം കൂടിയെന്ന് കണക്കുകള്‍ പറയുന്നു.

Comments are closed.