head 3
head1
head2

ആവശ്യത്തിന് ജീവനക്കാരില്ലാത്തത് യൂറോപ്യന്‍ എയര്‍ലൈനുകളേയും എയര്‍പോര്‍ട്ടുകളേയും വലയ്ക്കുന്നു

ബ്രസല്‍സ് : കോവിഡ് നിയന്ത്രണങ്ങളുടെ നൂലാമാലകളൊഴിവായതോടെ വ്യോമയാന മേഖല സജീവമായെങ്കിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് യൂറോപ്യന്‍ എയര്‍ലൈനുകളേയും എയര്‍പോര്‍ട്ടുകളേയും വലയ്ക്കുന്നു. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ പ്രശ്നങ്ങള്‍ ഇതിനകം തന്നെ വാര്‍ത്തയായിരുന്നു. ഇതു കൂടാതെ ജര്‍മ്മനി, ബ്രിട്ടന്‍ തുടങ്ങിയ വിവിധ രാജ്യങ്ങളും നിരവധിയായ വിമാനക്കമ്പനികളും സ്റ്റാഫ് ഷോര്‍ട്ടേജ് മൂലം പ്രതിസന്ധി നേരിടുകയാണ്. വിവിധ എയര്‍പോര്‍ട്ടുകളില്‍ നിരവധിയായ യാത്രകളാണ് കാരിയര്‍മാര്‍ സ്റ്റാഫ് ഷോര്‍ട്ടേജ് മൂലം റദ്ദാക്കുന്നത്.

പാന്‍ഡെമിക്കിനെ തുടര്‍ന്ന് നിരവധി ജീവനക്കാര്‍ ഫീല്‍ഡ് വിട്ടിരുന്നു. വീണ്ടും എയര്‍പോര്‍ട്ടുകള്‍ തുറന്നെങ്കിലും എയര്‍പോര്‍ട്ടുകളില്‍ റിക്രൂട്ട്മെന്റ് ഉണ്ടായില്ല. ബ്രിട്ടനിലെ ഉയര്‍ന്ന കോവിഡ് വ്യാപനവും മറ്റും ജീവനക്കാരെ കിട്ടാത്തതിന് കാരണമായി. തൊഴില്‍ വിപണിയിലെ പ്രശ്നങ്ങളും പുതിയ ജീവനക്കാരും മടങ്ങിവരുന്ന ജീവനക്കാര്‍ക്കുള്ള സുരക്ഷാ പരിശോധനകളിലെ കാലതാമസവുമെല്ലാം വിമാനത്താവളങ്ങളിലെ റിക്രൂട്ട്മെന്റിനെ മന്ദഗതിയിലാക്കി.

പുതിയ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യേണ്ടതിനാല്‍ ആഴ്ചകളോളം നീണ്ട ക്യൂവിന് സാധ്യതയുണ്ടെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജര്‍മ്മനിയിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ഫ്രാപോര്‍ട്ടും കാലതാമസത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. ഒന്‍പത് രാജ്യങ്ങളിലും ഫ്രാങ്ക്ഫര്‍ട്ടിലെ വിമാനത്താവളത്തിലും സര്‍വ്വീസ് നടത്തുന്ന ഫ്രാപോര്‍ട്ട് ഗ്രൂപ്പ് ഈ വര്‍ഷം 1,000 തൊഴിലാളികളെ നിയമിക്കാനാണ് ലക്ഷ്യമിടുന്നത്. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ ഏകദേശം 300 പേരെ റിക്രൂട്ട് ചെയ്തതായി വക്താവ് പറഞ്ഞു.

സൈന്യത്തെ വിളിക്കണമെന്ന് റയ്നെയര്‍

യൂറോപ്പിലെ ഏറ്റവും വലിയ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ റയ്നെയര്‍ കഴിഞ്ഞ മാസം പ്രീ-പാന്‍ഡെമിക് ലെവലില്‍ ഒന്നാമതെത്തിയിരുന്നു. ഈസ്റ്റര്‍ അവധിക്കാലത്തെ കാലതാമസം നേരിടാന്‍ സൈന്യത്തെ നിയോഗിക്കണമെന്ന് കമ്പനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

പറക്കാനാകാതെ ഈസിജെറ്റ്

ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ ഈസിജെറ്റിനെയാണ് ഏറ്റവും മോശമായി ജീവനക്കാരുടെ കുറവ് ബാധിച്ചത്. ഏകദേശം 60 യുകെ ഫ്ളൈറ്റുകളാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. വരും ദിവസങ്ങളിലും ക്യാന്‍സലേഷന്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.വാരാന്ത്യത്തില്‍ 200 സര്‍വ്വീസുകളും തിങ്കളാഴ്ച 62 സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കാന്‍ കുറഞ്ഞത് രണ്ടോ മൂന്നോ മാസമെങ്കിലും എടുക്കുമെന്ന് ട്രാവല്‍ കണ്‍സള്‍ട്ടന്‍സി ദി പിസി ഏജന്‍സി മേധാവി പോള്‍ ചാള്‍സ് പറഞ്ഞു.

അധിക സ്റ്റാന്‍ഡ്‌ബൈ ക്രൂവിനെ നിയോഗിക്കുന്നുണ്ടെന്ന് ഈസിജെറ്റ് പറഞ്ഞു. പതിവായി സര്‍വീസുകള്‍ നടത്തുന്ന റൂട്ടുകളിലെ റദ്ദാക്കിയ ഫ്ളൈറ്റുകളില്‍ യാത്രക്കാര്‍ക്ക് റീബുക്ക് ചെയ്യാനുള്ള ഓപ്ഷനുകളുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ക്യാന്‍സലേഷന്‍ കണക്കുകള്‍ പോലുമില്ലാതെ ബിഎ

ബ്രിട്ടീഷ് എയര്‍വേയ്‌സ് (ബിഎ) കഴിഞ്ഞ ആഴ്ചയില്‍ 662 ഫ്ളൈറ്റുകള്‍ റദ്ദാക്കിയതായി ഏവിയേഷന്‍ അനലിറ്റിക്‌സ് സ്ഥാപനമായ സിറിയം പറഞ്ഞു. റദ്ദാക്കിയവയില്‍ ദീര്‍ഘദൂര വിമാനങ്ങളും ഉള്‍പ്പെടുന്നു.

എയര്‍പോര്‍ട്ടിലും വിമാനങ്ങളിലും ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമാണ് ഇവര്‍ക്കുണ്ടാക്കുന്നത് .എത്ര സര്‍വ്വീസുകള്‍ റദ്ദാക്കിയെന്ന് പോലും വെളിപ്പെടുത്താനാവാത്ത നിലയിലാണ് കമ്പനി.

ലണ്ടനിലെ ഹീത്രൂ, ഗാറ്റ്വിക്ക്, മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടുകളില്‍ ജീവനക്കാരുടെ കുറവു മൂലം യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നിരുന്നു. എയര്‍പോര്‍ട്ടുകളുടെ ക്ഷമാപണമല്ലാതെ പ്രശ്നം പരിഹാരമില്ലാതെ നീളുകയാണ്.

Comments are closed.