head1
head2
head 3

യൂറോപ്പ് രൂക്ഷമായ ഡീസല്‍ ക്ഷാമത്തിലേയ്ക്ക്… റേഷനിംഗ് വന്നേക്കും

ഡബ്ലിന്‍ : യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്പിലാകെ ഇന്ധനക്ഷാമം രൂക്ഷമാകുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഡീസലിന് റേഷനിംഗ് ഏര്‍പ്പെടുത്താനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. യൂറോപ്പാകെ ഇന്ധനമില്ലാതെ ഓടേണ്ടി വരുമെന്ന നിലയിലാണ് കാര്യങ്ങളുടെ പോക്കെന്ന് വിദഗ്ധര്‍ പറയുന്നു.

ഉക്രൈയ്ന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യക്കെതിരായ ഉപരോധം ശക്തമാക്കിയതു മുതല്‍ ആഗോള വിപണികളില്‍ ഇന്ധനക്ഷാമം നേരിട്ടു തുടങ്ങിയിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ അയര്‍ലണ്ടില്‍ ഡീസല്‍ തീര്‍ന്നേക്കുമെന്ന ഭീതിയും ഉയര്‍ന്നിരുന്നു. റഷ്യയില്‍ നിന്ന് പ്രതിദിനം 3 മില്യണ്‍ ബാരല്‍ എണ്ണ നഷ്ടപ്പെടുമെന്നാണ് കണക്കാക്കുന്നത്.

ഡീസല്‍ ഉള്‍പ്പടെ ശുദ്ധീകരിച്ച എണ്ണ ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ബ്രിട്ടനില്‍ നിന്നാണ് അയര്‍ലണ്ടിലെത്തുന്നത്. എന്നാല്‍ യുകെ അതിന്റെ 18% ഡീസല്‍ ഉപഭോഗത്തിന് റഷ്യയെയാണ് ആശ്രയിക്കുന്നത്.

യൂറോപ്പിനാവശ്യമായ ഡീസലിന്റെ പകുതിയോളം റഷ്യയില്‍ നിന്നും ബാക്കി മിഡില്‍ ഈസ്റ്റില്‍ നിന്നുമാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്പിലെ ഡീസല്‍ ഉപഭോഗത്തിന്റെ ഏകദേശം 15 ശതമാനവും റഷ്യയില്‍ നിന്നാണ്. ഇവിടെ നിന്നുള്ള ക്രൂഡ് ഓയിലാണ് യൂറോപ്പിലെ റിഫൈനറികള്‍ സംസ്‌കരിക്കുന്നതും. ഇവയെല്ലാം ഇന്ധന ക്ഷാമം ഉറപ്പാക്കുന്ന സംഗതികളാണ്.

റിഫൈനറികള്‍ക്ക് ഡീസല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. എന്നിരുന്നാലും റേഷനിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വ്യാപാരികളായ വിറ്റോള്‍, ഗണ്‍വോര്‍, ട്രാഫിഗുര എന്നിവയുടെ മേധവി റസ്സല്‍ ഹാര്‍ഡി വെളിപ്പെടുത്തുന്നത്. യൂറോപ്പ് പെട്രോളില്‍ നിന്ന് ഡീസല്‍ കാറുകളിലേക്ക് മാറിയത് പ്രശ്‌നം രൂക്ഷമാക്കിയെന്നും ഹാര്‍ഡി പറയുന്നു.

റഷ്യയില്‍ നിന്ന് ഡീസല്‍ കയറ്റുമതി ഇപ്പോഴും നടക്കുന്നുണ്ട്. എന്നാല്‍ അത് നിര്‍ത്തിയാല്‍, മിഡില്‍ ഈസ്റ്റ്, ഇന്ത്യ, യുഎസ്, ഗള്‍ഫ് എന്നിവിടങ്ങളില്‍ നിന്നുള്ള സപ്ലൈകള്‍ക്ക് തല്‍ക്കാലം ഈ വിടവ് നികത്താനാകുമെന്ന് കരുതുന്നുണ്ട്. എന്നിരുന്നാലും ആവശ്യത്തിന് തികയുമോയെന്ന ആശങ്കയുണ്ട്.

മിക്ക രാജ്യങ്ങളും പെട്രോളിന്റെയും ഡീസലിന്റെയും വില അടുത്ത ആഴ്ചകളില്‍ കുത്തനെ കൂടിയിരുന്നു. ഇത് വാഹന ഉടമകളെയും കുടുംബങ്ങളെയുമെല്ലാം പ്രതിസന്ധിയിലാക്കിയിരുന്നു. വില കുറയ്ക്കുന്നതിന് സര്‍ക്കാര്‍ ആദ്യം എക്സൈസ് നികുതി പെട്രോളിന് 20 സിയും ഡീസലിന് 15 സിയും കുറച്ചിരുന്നു. ഇന്ധന വിലയുടെ കുതിപ്പില്‍ ഇളവുകളൊന്നും ജനങ്ങളിലേയ്ക്കെത്തിയില്ല.

Comments are closed.