head2
head 3
head1

ഉക്രെയ്നിനും സെലെന്‍സ്‌കിയ്ക്കും പിന്നില്‍ ഉറച്ച നിലപാടുമായി യൂറോപ്പ്

ബ്രസല്‍സ് : റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് ഉക്രെയ്നും നേതാവ് സെലെന്‍സ്‌കിയ്ക്കും സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. റഷ്യന്‍ ആക്രമണം ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിഞ്ഞാണ് യൂറോപ്പിന്റെ ഈ നീക്കം. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്‌സോള (മാള്‍ട്ട) ഇക്കാര്യം എംഇപികളോട് വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയനും കമ്മീഷനും നേതാക്കളുമെല്ലാം ഈ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. യൂറോപ്പ് അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് റോബര്‍ട്ട മെറ്റ്‌സോള ചൂണ്ടിക്കാട്ടി. അഭയാര്‍ഥികളെ സ്വീകരിക്കുന്നതും ഉപരോധങ്ങള്‍ നടപ്പാക്കുന്നതും ഉക്രെയ്‌നിന് ആയുധങ്ങള്‍ നല്‍കുന്നതുമെല്ലാം ഇതു മുന്നില്‍ക്കണ്ടാണെന്ന് മെറ്റ്സോള പറഞ്ഞു.

കലാപകാരികള്‍ക്ക് യൂറോപ്പില്‍ സ്ഥാനമില്ല

സ്വേച്ഛാധിപതികളുടെ മുമ്പില്‍ പ്രതിരോധമുയര്‍ത്തിയതിന്റെ അഭിമാനകരമായ, ചരിത്രമാണ് യൂറോപ്യന്‍ പാര്‍ലമെന്റിനുള്ളത്. അതിനാല്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ക്രെംലിന്‍ പ്രതിനിധികളെ നിരോധിക്കും. അക്രമകാരികള്‍ക്കും കലാപകാരികള്‍ക്കും ജനാധിപത്യ സംവിധാനത്തില്‍ സ്ഥാനമില്ല. പുടിന്റെ യുദ്ധത്തെ യൂറോപ്പ് ഒറ്റക്കെട്ടായി നേരിടുമെന്ന് മെറ്റ്‌സോള പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അധികാരപരിധിയെയും ഉക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ അന്വേഷണത്തെയും ഇയു പിന്തുണയ്ക്കും. ലുകാഷെങ്കോയെ പ്രതിക്കൂട്ടില്‍ കയറ്റുമെന്നും മെറ്റ്‌സോള പറഞ്ഞു.

ക്രെംലിന്‍ ഗ്യാസിനെ ആശ്രയിക്കാതെ കാര്യങ്ങള്‍ നടത്താന്‍ ഊര്‍ജ സംവിധാനങ്ങള്‍ വൈവിധ്യവത്കരിക്കേണ്ടതുണ്ട്. പുടിന്റെ പ്രഭുക്കന്മാര്‍ക്ക് പാസ്‌പോര്‍ട്ടുകള്‍ വില്‍ക്കുന്നത് തടയാനും അവരുടെ സൂപ്പര്‍ യാച്ചുകളിലേക്കുള്ള പ്രവേശനം തടയാനുമുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കണമെന്നും മെറ്റ്‌സോള പറഞ്ഞു.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കണം

ഈ ആക്രമണം യൂറോപ്പിനെയാകെ ഉത്തേജിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോര്‍ ഫോറിന്‍ അഫയേഴ്‌സ് ആന്‍ഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെല്‍ പറഞ്ഞു.

‘യുദ്ധത്തിന് ഒരു ആക്രമണകാരി മാത്രമേ ആവശ്യമുള്ളൂ. യുദ്ധം തടയാന്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. പുടിന്റെ ആക്രമണം തടയാന്‍ നമ്മുടെ പ്രതിരോധം ശക്തമല്ലെന്ന് വ്യക്തമാണ്,’ അദ്ദേഹം പറഞ്ഞു.

ഏറ്റുമുട്ടുന്നത് സ്വേച്ഛാധിപത്യവുമായെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്

നിയമവാഴ്ചയും തോക്കിന്റെ ഭരണവും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഉക്രെയിനില്‍ നടക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലാണ് അവിടെ പോരാടുന്നത്. അഭയാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ മാത്രമല്ല, വരും നാളുകളിലും യൂറോപ്പ് അഭയമേകണം.

ആദ്യമായാണ് ആക്രമണത്തിനിരയായ ഒരു രാജ്യത്തിന് ആയുധങ്ങള്‍ എത്തിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ബജറ്റ് ഉപയോഗിക്കുന്നത്. യൂറോപ്യന്‍ സമാധാനത്തിനായി 500 മില്യണ്‍ യൂറോയുണ്ട്. തുടക്കമെന്ന നിലയില്‍ രാജ്യത്തെയും അഭയാര്‍ഥികളെയും സഹായിക്കാന്‍ മറ്റൊരു 500 മില്യണ്‍ യൂറോ കൂടി നീക്കിവെയ്ക്കുമെന്നും അവര്‍ അറിയിച്ചു.

ഇയുവിനോടുള്ള സെലന്‍സ്‌കിയുടെ ചോദ്യങ്ങളെ സ്വാഗതം ചെയ്ത ഇപിപി നേതാവ് മാന്‍ഫ്രെഡ് വെബര്‍, ഉക്രെയ്ന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണെന്ന് പറഞ്ഞു. സ്വേച്ഛാധിപത്യം, ക്രൂരത, സാമ്രാജ്യത്വ അഭിലാഷങ്ങള്‍ എന്നിവയുടെ മൂര്‍ത്തീഭാവമാണ് പുടിന്‍. റഷ്യയെ നേരിടാന്‍ ഊര്‍ജ്ജ സംക്രമണം വേഗത്തിലാക്കണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പിന് ഇക്കാര്യത്തില്‍ അമേരിക്കയുടെ ജോ ബൈഡനൊപ്പം മുന്നോട്ടുപോകേണ്ടതുണ്ട്. യുഎസുമായി പുതിയ സ്വതന്ത്ര വ്യാപാര കരാര്‍ ഉണ്ടാക്കാനും ശ്രമമുണ്ടാകണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ വിശ്വാസ്യത തെളിയിക്കണമെന്ന് സെലന്‍സ്‌കി

ഓണ്‍ലൈനിലൂടെ ഉക്രെയ്ന്‍ പ്രസിഡന്റ് വ്ളാഡിമര്‍ സെലെന്‍സ്‌കിയും യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ്ണ സമയ അംഗരാജ്യമാക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഉക്രെയ്‌നെ ഉപേക്ഷിക്കാതെ യൂറോപ്യന്‍ വിശ്വാസ്യത കാണിക്കണമെന്ന് സെലെന്‍സ്‌കി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു. ഉക്രെയിന്റെ സ്വപ്നം യൂണിയനിലെ മറ്റ് രാജ്യങ്ങളെപ്പോലെയാകണമെന്നാണ്.അതിന് ഞങ്ങളെ അനുവദിക്കണം.

റഷ്യന്‍ ആക്രമണത്തെയും ക്രെംലിനെതിരായ ഉപരോധത്തെയും അപലപിച്ച് യൂറോപ്പിന്റെ നടപടിയില്‍ സന്തോഷമുണ്ട്. രണ്ട് വിപ്ലവങ്ങള്‍ക്കും ഒരു യുദ്ധത്തിനും അഞ്ച് ദിവസത്തെ സമ്പൂര്‍ണ അധിനിവേശത്തിനും ഉക്രെയിന്‍ ജനതയ്ക്ക് വലിയ വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് സെലെന്‍ക്‌സി പറഞ്ഞു.

”നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യ മൂല്യങ്ങളും കാത്തുസൂക്ഷിക്കുന്നതിന് ജീവന്‍ നല്‍കുന്നവരെക്കുറിച്ചുള്ള പത്രവാര്‍ത്തകളൊന്നും വായിക്കാറില്ല. കാരണം അത് വല്ലാത്ത വേദനയാണുണ്ടാക്കുന്നത്. പോരാടി വിജയിക്കാനുള്ള ഉക്രെയ്ന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിലും ശക്തിയിലും വിശ്വാസമുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞു. ആരും നമ്മളെ തകര്‍ക്കില്ല, ഞങ്ങള്‍ ശക്തരാണ്, ഞങ്ങള്‍ ഉക്രെയിന്‍കാരാണ്” – സെലന്‍സ്‌കി വികാരാവേശത്തോടെ യൂറോപ്യന്‍ നേതാക്കളോട് പറഞ്ഞു.

പ്രസംഗം കഴിഞ്ഞപ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചാണ് സെലന്‍സ്‌കിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.