head2
head 3
head1

യൂറോപ്യന്‍ യൂണിയനിലെത്തുന്ന നോണ്‍ ഇ യൂ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ലോംഗ് ടേം റസിഡന്‍സി ലഭ്യമാക്കുന്ന നിര്‍ദേശവുമായി യൂറോപ്യന്‍ കമ്മീഷന്‍

ബ്രസല്‍സ് : ദീര്‍ഘകാലമായി യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന നോണ്‍ ഇയു പൗരന്മാര്‍ക്കുള്ള റസിഡന്‍സ് നിയമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വിദ്യാര്‍ഥികളായി ചെലവിട്ട കാലവും ദീര്‍ഘകാല റസിഡന്‍സ് (longterm residency) പദവി ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡമാക്കാനുള്ള നിര്‍ദേശവുമായി യൂറോപ്യന്‍ കമ്മീഷന്‍.

ഇ യു രാജ്യത്ത് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ലീഗലായി ജീവിച്ചവര്‍ക്കാണ് ദീര്‍ഘകാല റസിഡന്‍സ് പദവി ലഭിക്കുക. സ്ഥിര വരുമാനവും സാമ്പത്തിക സ്രോതസ്സുകളും ആരോഗ്യ ഇന്‍ഷുറന്‍സുമൊക്കെ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ടാകും. നാഷണല്‍ ലാംഗ്വേജിലോ സംസ്‌കാരത്തിലോ ഉള്ള ടെസ്റ്റ് പാസാകുന്നത് പോലെയുള്ള വ്യവസ്ഥകളും വന്നേക്കും.

താത്കാലിക തൊഴില്‍ തേടിയെത്തിയവര്‍ക്കും, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കും, താല്‍ക്കാലിക പരിരക്ഷാ കാലയളവില്‍ ഗുണഭോക്താക്കളായി കഴിഞ്ഞ നാളുകളുമെല്ലാം അഞ്ച് വര്‍ഷ കാലയളവില്‍ പരിഗണിക്കും.

ഇയുവില്‍ ദീര്‍ഘകാല റസിഡന്‍സ് പദവി നേടുക, ഇപ്പോള്‍ താമസിക്കുന്ന രാജ്യത്തു നിന്നും മറ്റ് ഇയു രാജ്യങ്ങളിലേക്ക് മാറുക, കുടുംബാംഗങ്ങളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ മൂന്ന് മേഖലകളിലെയും നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രപ്പോസലുകളാണ് യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഈ പ്രപ്പോസലുകള്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലും അംഗീകരിക്കേണ്ടതുണ്ട്.

ദീര്‍ഘകാലമായി ഇയു രാജ്യങ്ങളില്‍ താമസിക്കുന്ന നോണ്‍ ഇയു പൗരന്മാര്‍ക്ക് രാജ്യത്തും ഇയു തലത്തിലും ദീര്‍ഘകാല റസിഡന്‍സിന് അര്‍ഹത നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് കമ്മീഷന്‍ നല്‍കിയിട്ടുള്ളത്.

അഞ്ച് വര്‍ഷമായിരിക്കും ഇയു ദീര്‍ഘകാല റസിഡന്‍സ് പെര്‍മിറ്റിനുള്ളത്. ഓട്ടോമാറ്റിക്കായി പുതുക്കാനുമാകും. ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇയുവില്‍ നിന്നും വിട്ടുനിന്നാല്‍ സ്റ്റാറ്റസ് നഷ്ടമാകും. ഈ കാലാവധി 24 മാസമാക്കാന്‍ നിര്‍ദ്ദേശമുണ്ട്.

തൊഴില്‍, സ്വയം തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍, ഇയു പൗരന്മാര്‍ക്കുള്ള അതേ പരിഗണന ദീര്‍ഘകാല റസിഡന്‍സ് പെര്‍മിറ്റ് ഉടമകള്‍ക്കും ലഭിക്കും. വ്യവസ്ഥകള്‍ക്ക് വിധേയമായി മറ്റ് ഇയു രാജ്യങ്ങളിലേക്ക് മാറാനുള്ള അവസരവും ഇതു നല്‍കുന്നു. ഒരു രാജ്യത്ത് ഇയു ദീര്‍ഘകാല റസിഡന്റ് പദവി നേടിയയാള്‍ക്ക് മറ്റൊരു അംഗരാജ്യത്ത് അതേ പദവി ലഭിക്കാന്‍ മൂന്ന് വര്‍ഷം മാത്രം ജീവിച്ചാല്‍ മതിയാകും. എന്നാല്‍ ഇത് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത് വരെയാക്കണമോ എന്ന് ആ രാജ്യത്തിന് തീരുമാനിക്കാം.

പുതിയ വ്യവസ്ഥകളനുസരിച്ച് വിവിധ ഇയു രാജ്യങ്ങളിലായി 5 വര്‍ഷം താമസിച്ചാലും പെര്‍മിറ്റിന് പരിഗണിച്ചേക്കും. ഇദ്ദേഹം ജീവിച്ച കാലമത്രയും സര്‍ക്കാരുകള്‍ പെര്‍മിറ്റിനായി പരിഗണിക്കണം. എന്നാല്‍ റസിഡന്‍സ് ബൈ ഇന്‍വെസ്റ്റ്മെന്റ് പദ്ധതിയിലുള്‍പ്പെട്ടവര്‍ക്ക് ഈ നിയമം ബാധകമല്ല.

എന്നാല്‍ ഷോര്‍ട്ട് ടേം വിസയില്‍ ഇവിടെ കഴിഞ്ഞത് കണക്കാക്കില്ല. ഇന്റഗ്രേഷന്‍ ടെസ്റ്റുകള്‍ ലളിതവും ചെലവു കുറഞ്ഞതുമായിരിക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു.

മറ്റൊരു രാജ്യത്തേക്ക് മാറുമ്പോള്‍ അവിടെ വീടുകള്‍ സ്വന്തമാക്കുന്നതിനും പെന്‍ഷന്‍ എക്സ്പോര്‍ട്ട് ചെയ്യുന്നതിനും യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് തുല്യമായ അവകാശം ഉണ്ടായിരിക്കണമെന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു.

Comments are closed.