head1
head 3
head2

യുദ്ധഭീതിയില്‍ യൂറോപ്പും ലോകവും; ചര്‍ച്ചകളൊന്നും ഫലപ്രാപ്തിയിലെത്തുന്നില്ല

ഡബ്ലിന്‍ : റഷ്യന്‍-ഉക്രെയ്ന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലോകവും യൂറോപ്പും യുദ്ധഭീതിയില്‍. യുദ്ധം ആസന്നമായെന്ന സൂചന നല്‍കി യുകെയും നോര്‍വേയും ഉക്രെയ്നില്‍ കഴിയുന്ന അവരുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാന്‍ ആവശ്യപ്പെട്ടു.

യുഎസും നേരത്തേ ഈ ആവശ്യം ഉന്നയിച്ചു. ഉക്രെയിനില്‍ റഷ്യന്‍ ആക്രമണം ഈ ആഴ്ചയിലുണ്ടാകുമെന്ന് വാഷിംഗ്ടണ്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്. സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് ബെര്‍ലിനില്‍ നടന്ന രണ്ടാംവട്ട ജര്‍മ്മനി, ഫ്രാന്‍സ്, റഷ്യ, ഉക്രെയ്ന്‍ ചര്‍ച്ചകളും ഫലം കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് യുദ്ധം ഉടനുണ്ടാകുമെന്ന രീതിയില്‍ അമേരിക്കന്‍ പ്രതികരണമുണ്ടായത്. പാരീസില്‍ നടത്തിയ ആദ്യ ചര്‍ച്ചയുടെ തുടര്‍ച്ചയെന്ന നിലയിലാണ് ബെര്‍ളിന്‍ ചര്‍ച്ചയുണ്ടായത്.

പ്രശ്നത്തെ ലഘൂകരിച്ച് ഉക്രെയിന്‍

എന്നാല്‍ ഈ തീരുമാനങ്ങളെ ഗൗരവകരമായി കാണുന്ന രീതിയിലല്ല ഉക്രെയ്ന്‍ പ്രതികരിച്ചത്. ഇപ്പോഴത്തെ പ്രസ്താവനകളില്‍ പുതുമയില്ലെന്ന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. എംബസി ജീവനക്കാരെയും കുടുംബങ്ങളെയും ഒഴിപ്പിക്കാനുള്ള തീരുമാനവും റഷ്യന്‍ ആക്രമണത്തെക്കുറിച്ചുള്ള അമേരിക്കന്‍ വിശകലനവും അതിശയകരമാണെന്ന് കീവ് നേരത്തേ പ്രസ്താവിച്ചിരുന്നു.

നിരീക്ഷിച്ചുവരികയാണെന്ന് ഇയു കമ്മീഷന്‍

സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വിദേശകാര്യ വക്താവ് പീറ്റര്‍ സ്റ്റാനോ യൂറോ പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയില്‍ ആരോടും രാജ്യം വിടാന്‍ ആവശ്യപ്പെടുന്നില്ലെന്ന് വക്താവ് വ്യക്തമാക്കി. എന്നിരുന്നാലും, അത്യാവശ്യമില്ലാത്ത ജീവനക്കാര്‍ക്ക് ടെലിവര്‍ക്ക് തുടര്‍ന്നാല്‍ മതിയെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റഷ്യയും ബെലാറസും സൈനികാഭ്യാസം തുടരുന്നു

അതിനിടെ റഷ്യയും ബെലാറസും ബെലാറസ് പ്രദേശത്ത് സംയുക്ത സൈനികാഭ്യാസം തുടരുകയാണ്. എന്നിരുന്നാലും അക്രമണമെന്ന വാര്‍ത്ത റഷ്യ തുടര്‍ച്ചയായി നിഷേധിക്കുകയാണ്.

നാറ്റോ കിഴക്കന്‍ വിപുലീകരണം അവസാനിപ്പിക്കണമെന്ന ഉറപ്പാണ് റഷ്യ ആവശ്യപ്പെടുന്നത്. ഉക്രെയ്‌നിനും മറ്റ് മുന്‍ സോവിയറ്റ് രാജ്യങ്ങള്‍ക്കുമുള്ള അംഗത്വം ഒഴിവാക്കണമെന്നും യൂറോപ്പിലെ സൈനിക വിന്യാസം പിന്‍വലിക്കണമെന്നും മോസ്‌കോ ആവശ്യപ്പെടുന്നു.

ചര്‍ച്ചകള്‍ തുടരുന്നു

ബ്രിട്ടന്റെ പ്രതിരോധ മന്ത്രി ബെന്‍ വാലസും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി മോസ്‌കോയില്‍ ചര്‍ച്ച നടത്തി. യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നേരത്തെ നടത്തിയ ചര്‍ച്ച പൊളിഞ്ഞിരുന്നു. ബ്രസല്‍സില്‍, നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രശ്നപരിഹാരത്തിനായി നയതന്ത്രപരമായ വഴി കണ്ടെത്താനും ശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല.

ബ്രിട്ടനും പോളണ്ടും ‘ഒന്നിച്ച്’…

അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി പോളണ്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി മാത്യൂസ് മൊറാവിക്കിയുമായി ചര്‍ച്ച നടത്തി. നാറ്റോ ദൗത്യത്തിന്റെ ഭാഗമായി പോളണ്ടിന്റെ തലസ്ഥാനത്തിന് സമീപം നിലയുറപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് സൈനികരെയും ഇരുവരും സന്ദര്‍ശിച്ചു. ബെലാറസ്, ഉക്രെയ്ന്‍, റഷ്യയിലെ കലിനിന്‍ഗ്രാഡ് മേഖല എന്നിവയുടെ അതിര്‍ത്തിയിലാണ് പോളണ്ട്.

‘നാറ്റോയെ തകര്‍ക്കുകയെന്നതാണ് പുടിന്റെ രാഷ്ട്രീയ ലക്ഷ്യമെന്ന് പോളണ്ട് പ്രധാനമന്ത്രി പറഞ്ഞു. അതിനെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടന്‍ നല്‍കുന്ന പിന്തുണയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

പൗരന്മാരോട് രാജ്യം വിടാന്‍ ആഹ്വാനം ചെയ്ത് യുഎസും ബ്രിട്ടനും നോര്‍വ്വേയും

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ആക്രമണത്തിന് ഉത്തരവിട്ടതായി യുഎസിന് അറിവില്ലെന്ന് യുഎസിന്റെ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ജെയ്ക് സുള്ളിവന്‍ പറഞ്ഞു. യുഎസ് പൗരന്മാര്‍ എത്രയും വേഗം ഉക്രെയ്ന്‍ വിടണമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ ആഹ്വാനം ഇദ്ദേഹവും ആവര്‍ത്തിച്ചു.

ഉക്രെയിനിലേയ്ക്കുള്ള എല്ലാ യാത്രകളും റദ്ദാക്കണമെന്ന് ബ്രിട്ടനും നോര്‍വേയും ആളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉക്രെയ്നിലുള്ളവര്‍ ഉടന്‍ തന്നെ അവിടം വിടണമെന്നും ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കി. റഷ്യന്‍ സേനയുടെ ആക്രമണം ഉണ്ടാകുന്ന പക്ഷം കോണ്‍സുലര്‍ സഹായം നല്‍കാനുള്ള കൈവിലെ ബ്രിട്ടീഷ് എംബസിയുടെ കഴിവിനെ സാരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഉക്രെയിനിലുള്ളവര്‍ യുദ്ധത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും അവരുടെ യാത്രാ രേഖകള്‍ ഉറപ്പാക്കണമെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. നോര്‍വേ വിദേശകാര്യ വകുപ്പും ഉക്രെയ്ന്‍ വിടാന്‍ പൗരന്മാരോട് ആഹ്വാനം ചെയ്തു. തലസ്ഥാനമായ മിന്‍സ്‌ക് ഒഴികെയുള്ള ബെലാറസിലേക്കുള്ള യാത്ര റദ്ദാക്കാനും രാജ്യം ഉപദേശിച്ചു.

Comments are closed.