head1
head2
head 3

റഷ്യന്‍ നടപടികള്‍ക്കെതിരെ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് അംഗരാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : ഗ്യാസ് വിതരണം നിര്‍ത്തുന്നതുള്‍പ്പടെ റഷ്യ സ്വീകരിക്കാനിടയുള്ള കടുത്ത നടപടികള്‍ക്കെതിരെ തികഞ്ഞ ജാഗ്രത പാലിയ്ക്കണമെന്ന് അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്. പാചകവാതകം, ഓയില്‍ എന്നിവയുടെ വിതരണം പൂര്‍ണ്ണമായും നിര്‍ത്തലാക്കിയാല്‍ നേരിടാന്‍ നല്ല തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് ഇയു ഓര്‍മ്മിപ്പിച്ചു.

പോളണ്ടിനും ബള്‍ഗേറിയയ്ക്കുമുള്ള ഗ്യാസ് വിതരണം റഷ്യ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ ഈ മുന്നറിയിപ്പ്. ഗ്യാസിനുള്ള പണം റൂബിളാക്കി നല്‍കണമെന്ന് റഷ്യന്‍ ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് റഷ്യ ഇരു രാജ്യങ്ങള്‍ക്കും ഗ്യാസ് നല്‍കുന്നത് നിര്‍ത്തിയത്. ഇത് ഒരു സൂചനയാണെന്ന് തിരിച്ചറിയണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

റഷ്യ ഗ്യാസ് നിര്‍ത്തലാക്കുമെന്ന് കരുതി തന്നെ വേണം മുന്നോട്ടുപോകാനെന്ന് യൂറോപ്യന്‍ ഊര്‍ജ്ജ കമ്മീഷണര്‍ കഡ്രി സിംസണ്‍ പറഞ്ഞു. റൂബിളില്‍ പണമടയ്ക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ ഉപരോധത്തിന്റെ ലംഘനമാകുമെന്ന് കമ്മീഷന്‍ പറയുന്നു. റഷ്യന്‍ നീക്കം മുന്നില്‍ക്കണ്ടുള്ള പദ്ധതികള്‍ കഴിഞ്ഞ ജനുവരി മുതല്‍ യൂണിയന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇതിന് എല്ലാ അംഗങ്ങളുടെയും പൂര്‍ണ്ണമായ പിന്തുണ ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു.

പുതിയ സാമ്പത്തിക ഉപരോധം പരിഗണനയില്‍

അതിനിടെ ഗ്യാസിന്റെ ഇറക്കുമതി നിര്‍ത്തലാക്കുന്നതടക്കമുള്ള ഇയുവിന്റെ സാമ്പത്തിക ഉപരോധത്തിന്റെ ആറാമത് പായ്ക്കേജ് നാളെ നടക്കുന്ന ഇയു അംബാസഡര്‍മാരുടെ യോഗം ചര്‍ച്ച ചെയ്യും. ഭൂരിപക്ഷം അംഗ രാജ്യങ്ങളും ഇതിനെ അനുകൂലിക്കുമെന്നാണ് കരുതുന്നത്.

ഹംഗറിയും സ്ലോവാക്യയും മാത്രമാണ് ഇതിനെതിരെ വിയോജിപ്പ് അറിയിച്ചിട്ടുള്ളത്. ഇറക്കുമതി നിരോധനം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാട്. അതിനാല്‍ ഇവരുടെ കാര്യത്തില്‍ എന്ത് തീരുമാനമാകും ഇയു കൈക്കൊള്ളുക എന്നത് നിര്‍ണ്ണായകമാണ്.

ഇത്തരം തീരുമാനങ്ങള്‍ വന്‍ പ്രതിസന്ധിയുണ്ടാക്കുമെങ്കിലും അതിനെ നേരിടാന്‍ തയ്യാറാണെന്ന് ജര്‍മ്മനി വ്യക്തമാക്കിയിട്ടുണ്ട്.എന്നാല്‍ ഘട്ടം ഘട്ടമായി ഉപരോധം നടപ്പാക്കണമെന്നാണ് ജര്‍മ്മനിയുടെ നിലപാട്. അയര്‍ലണ്ട് പുതിയ സാമ്പത്തിക ഉപരോധ പായ്ക്കേജിന് പൂര്‍ണ്ണമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇയു ഊര്‍ജ്ജ മന്ത്രിമാരുടെ യോഗം

റഷ്യ ഗ്യാസ് വിതരണം നിര്‍ത്തലാക്കിയതിനെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ ഊര്‍ജ്ജ മന്ത്രിമാരുടെ ബ്രസല്‍സില്‍ ചേര്‍ന്ന അടിയന്തര യോഗം ചര്‍ച്ച ചെയ്തു. സമ്പൂര്‍ണ്ണ ഉപരോധത്തിന് പകരം റഷ്യന്‍ ഗ്യാസിനും ഓയിലിനും അധിക താരിഫുകള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നു.

ഭൂരിഭാഗം രാജ്യങ്ങളും ഉപരോധത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നുണ്ടെങ്കിലും റഷ്യന്‍ ഗ്യാസ് വിതരണം പൂര്‍ണ്ണമായും മാറ്റുന്നത് ബുദ്ധിമുട്ടാണെന്ന് യൂണിയന്‍ മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ ഗ്രീന്‍ ഡീല്‍ ത്വരിതപ്പെടുത്താനും ഊര്‍ജ്ജ കാര്യക്ഷമത നയങ്ങള്‍ ശക്തിപ്പെടുത്താനും പുനരുപയോഗ ഊര്‍ജത്തിന്റെ നൂതന വഴികള്‍ കണ്ടെത്തുന്നത് വേഗത്തിലാക്കാനും ഊര്‍ജ്ജ മന്ത്രിമാര്‍ സമ്മതിച്ചു.

പുനരുപയോഗ സാധ്യമായ ഊര്‍ജ്ജത്തിന്റെ വികസനമാണ് റഷ്യന്‍ ഓയിലും ഗ്യാസും ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് എയ്മണ്‍ റയാന്‍ യോഗത്തില്‍ പറഞ്ഞു.

Comments are closed.