head1
head 3
head2

ദശലക്ഷക്കണക്കിന് ഉക്രൈന്‍ അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക്; ഒരുങ്ങിയിരിക്കാന്‍ ആഹ്വാനം ചെയ്ത് യൂറോപ്യന്‍ യൂണിയന്‍

ഉക്രൈനിലെ റഷ്യന്‍ അധിനിവേശം തുടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലേക്ക് വന്‍ അഭയാര്‍ഥി പ്രവാഹത്തിന് സാധ്യതയെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ യൂണിയന്‍. നാല് മില്യണിലധികം ആളുകള്‍ യൂറോപ്പിലേക്ക് അഭയം തേടിയെത്തുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍.

യൂറോപ്പ് നേരിട്ടതില്‍ വച്ച് ഏറ്റവും വലിയ മാനുഷിക പ്രതിസന്ധിയാണ് വരാനിരിക്കുന്നത്, ഈ ഘട്ടത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ ഫോര്‍ ഹ്യമാനിറ്റേറിയന്‍ എയ്ഡ് Janez Lenarcic കഴിഞ്ഞ ദിവസം പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യൂറോപ്യന്‍ ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതുവരെ ലഭ്യമായ കണക്കുകള്‍ പ്രകാരം സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള 368,000 ഉക്രൈന്‍ അഭയാര്‍ഥികളാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുള്ളത്. ഇവരില്‍ ഭൂരിഭാഗം ആളുകളും പോളണ്ടിലേക്കാണ് അഭയം തേടിയെത്തിയിരിക്കുന്നത്. റഷ്യന്‍ ആക്രമണം ആരംഭിച്ചതുമുതല്‍ 156,000 ആളുകള്‍ പോളണ്ട് അതിര്‍ത്തി കടന്നതായാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച മാത്രം 77,300 ആളുകള്‍ പോളണ്ടിലേക്ക് എത്തിയിട്ടുണ്ട്. കാറിലും, തിരക്കേറിയ ട്രെയിനുകളിലും, കാല്‍നടയായും ആണ് ഇവരുടെ യാത്ര.

അഭയാര്‍ഥികളെ സഹായിക്കുന്നതിനായി വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വരുന്ന സാഹചര്യവും നിലവിലുണ്ട്. പോളണ്ട് വഴി ജര്‍മ്മനിയിലേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് ട്രെയിനില്‍ യാത്ര സൗജന്യമായിരിക്കുമെന്ന് ജര്‍മ്മനി യുടെ റെയില്‍വേ ഓപ്പറേറ്റര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നിലവില്‍ ആറ് ട്രെയിനുകളാണ് പോളണ്ടില്‍ നിന്നും ജര്‍മ്മനിയിലേക്ക് ഓടുന്നത്. സമാനമായി ഓസ്ട്രിയയിലും ഉക്രൈനില്‍ നിന്നും രക്ഷപ്പെട്ട് എത്തുന്നവര്‍ക്കുള്ള ട്രെയിന്‍ യാത്ര സൗജന്യമാക്കിയിട്ടുണ്ട്.

ഉക്രൈന്‍ അഭയാര്‍ഥികള്‍ ഇറ്റലിയിലും

ഉക്രൈനില്‍ നിന്നും ഇറ്റലിയിലേക്കുള്ള അഭയാര്‍ഥികളുടെ ആദ്യസംഘം രാജ്യത്ത് എത്തിച്ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന അമ്പതോളം ആളുകളാണ് ബസ് മാര്‍ഗ്ഗം ഇറ്റലിയിലെത്തിയത്. ഇവരുടെ കൂടെയുണ്ടായിരുന്ന പുരുഷന്‍മാര്‍ ഉക്രൈനില്‍ റഷ്യന്‍ സൈന്യത്തിനെതിരായ പോരാട്ടത്തിലാണ് എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മാര്‍ഗ്ഗം ട്രീസ്റ്റെയിലെ Fernetti അതിര്‍ത്തിയിലായിരുന്നു ഇവര്‍ ആദ്യമെത്തിയത്. ഇവരില്‍ ഭൂരിഭാഗം പേരും വടക്കന്‍ ഇറ്റലിയിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട് ലക്ഷ്യമാക്കിയാണ് എത്തിയത്. ചിലര്‍ റോം ലക്ഷ്യമാക്കിയും എത്തിയവരാണ്. ഇറ്റലിയുടെ ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ഏജന്‍സിയായ ISTAT നല്‍കുന്ന ഡാറ്റ പ്രകാരം 236,000 ഉക്രൈന്‍ സ്വദേശികളാണ് ഇറ്റലിയില്‍ താമസിക്കുന്നത്. ഇവരില്‍ 80 ശതമാനത്തോളവും സ്ത്രീകളാണ്.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.