head1
head2
head 3

യൂറോപ്യന്‍ യൂണിയനില്‍ ഗ്യാസ് ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ

റഷ്യന്‍ ഗ്യാസ് വെട്ടിക്കുറയ്ക്കുന്നതു മുന്നില്‍ക്കണ്ട് മുന്‍കരുതലെന്ന നിലയില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി കെട്ടിടങ്ങളിലും ഓഫീസുകളിലും ഹീറ്റിംഗ്, കൂളിംഗ് എന്നിവ വെട്ടിക്കുറയ്ക്കാനാണ് ആലോചിക്കുന്നത്. സമ്മറില്‍ ഇത്തരത്തില്‍ സേവ് ചെയ്യുന്ന എനര്‍ജി വിന്ററിലേയ്ക്കായി കരുതിവെയ്ക്കാം. വിന്ററിലും ബദല്‍ സംവിധാനങ്ങളിലൂടെ എനര്‍ജി ഉപയോഗം കുറയ്ക്കാനും ശ്രമമുണ്ടാകണം. ഇതിനായി ബോധവല്‍ക്കരണ കാമ്പെയ്നുകളും കമ്മീഷന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.

പബ്ലിക് കെട്ടിടങ്ങള്‍ 19 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ ചൂടാക്കരുതെന്നും എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകള്‍ തണുപ്പ് 25 ഡിഗ്രി സെല്‍ഷ്യസില്‍ കുറയ്ക്കരുതെന്നുമാണ് കമ്മീഷന്‍ നിര്‍ദ്ദേശം. ഡിസ്ട്രിക്ട് ഹീറ്റിംഗിനായി ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെയും വീടുകളില്‍ ഹീറ്റ് പമ്പ് ഉപയോഗിച്ചും വലിയ തോതില്‍ ഊര്‍ജ്ജം സേവ് ചെയ്യാനാകുമെന്ന് കമ്മീഷന്‍ ഓര്‍മ്മിപ്പിക്കുന്നു. ജൂലൈ 26ന് ചേരുന്ന ഊര്‍ജ്ജ മന്ത്രിമാരുടെ യോഗത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകളും തീരുമാനവുമുണ്ടാകും.

പബ്ലിക് കെട്ടിടങ്ങളുടെയും ഓഫീസുകളുടെയും ഗ്യാസിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടപടിയെടുക്കണമെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നത്. ഈ വിന്ററില്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂടു കുറച്ചുപയോഗിക്കുന്നതും വലിയ ഊര്‍ജ്ജ ലാഭം കൊണ്ടുവരുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ക്കുന്നു.

യൂറോപ്യന്‍ യൂണിയന്റെ ഗ്യാസ് ഉപയോഗം പ്രതിവര്‍ഷം 25 മുതല്‍ 60 ബില്യണ്‍ ക്യുബിക് മീറ്റര്‍ കുറയ്ക്കാന്‍ ലക്ഷ്യമിടുന്ന നടപടികളുടെ ഭാഗമായാണ് കമ്മീഷന്‍ ശുപാര്‍ശകള്‍. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ കണക്കനുസരിച്ച് യൂറോപ്യന്‍ യൂണിയന്‍ റഷ്യയില്‍ നിന്നും 140 ബിസിഎം ഗ്യാസാണ് ഇറക്കുമതി ചെയ്യുന്നത്. അതേസമയം താപനില ഡിഗ്രി കുറയ്ക്കാനായാല്‍ കെട്ടിടത്തിന്റെ ബില്ലില്‍ 10 ശതമാനം കുറവുണ്ടാകുമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

Comments are closed.