head1
head2
head 3

റഷ്യയ്ക്ക് “ഉപരോധത്തിലൂടെ മാത്രം” തിരിച്ചടി നല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : റഷ്യ വലിയ തോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യക്കെതിരെ പോരാടാന്‍ തന്റെ രാജ്യം ‘ഒറ്റയ്ക്കാണെന്ന പരിദേവനവുമായി ഉയരുന്ന’ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ സ്വരം യുദ്ധഗതിയില്‍ മാറ്റം വരുത്തുമോ ?

”ഞങ്ങളുടെ രാജ്യത്തെ പ്രതിരോധിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്കാണ്, നമ്മുടെ കൂടെ യുദ്ധം ചെയ്യാന്‍ ആരാണ് തയ്യാറുള്ളത്, ഞാന്‍ ആരെയും കാണുന്നില്ല.’ സെലെന്‍സ്‌കി ഇന്നലെ രാത്രി ഒരു വീഡിയോ സന്ദേശത്തില്‍ രാജ്യത്തോടാണ് തങ്ങളുടെ ദുര്‍ഗതി അറിയിച്ചത്.

ഇന്നലെ മാത്രം 137 ഉക്രേനിയക്കാര്‍ മരിച്ചതായി സെലെന്‍സ്‌കി സ്ഥിരീകരിച്ചു.”ഇന്ന് നമുക്ക് നമ്മുടെ 137 വീരന്മാരെയും നമ്മുടെ പൗരന്മാരെയും നഷ്ടപ്പെട്ടു. സൈനികരും സാധാരണക്കാരും,” 316 പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വെളിപ്പെടുത്തി.

റഷ്യന്‍ ‘സാബോട്ടേജ് ഗ്രൂപ്പുകള്‍’ കീവിലേക്ക് പ്രവേശിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കാനും കര്‍ഫ്യൂ നിയമങ്ങള്‍ പാലിക്കാനും അദ്ദേഹം താമസക്കാരോട് അഭ്യര്‍ത്ഥിച്ചു.

”ശത്രുക്കളുടെ അട്ടിമറി ഗ്രൂപ്പുകള്‍ കൈവിലേക്ക് പ്രവേശിച്ചു,” അദ്ദേഹം പറഞ്ഞു.

കൈവിട്ടോ അമേരിക്ക ?

ഉക്രൈനിലേക്ക് നേരിട്ട് സൈന്യത്തെ അയക്കില്ലെന്നും, സഖ്യകക്ഷികളെ സഹായിക്കാന്‍ മാത്രമാണ് തങ്ങളുടെ ശ്രമം എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഇന്നലെ വ്യക്തമാക്കിയതോടെ ഉക്രെയ്ന്‍ അക്ഷരാര്‍ത്ഥത്തില്‍ ആശങ്കയിലാണ്.

ജോ ബൈഡന്‍ ഉക്രെയ്‌നിനുള്ള സാമ്പത്തികവും മാനുഷികവുമായ പിന്തുണ വീണ്ടും സ്ഥിരീകരിക്കുകയും കിഴക്കന്‍ യൂറോപ്പിലെ യുഎസ് സൈനിക സേന അമേരിക്കയുടെ നാറ്റോ സഖ്യകക്ഷികളെ പ്രതിരോധിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു, എന്നാല്‍ അമേരിക്കന്‍ സൈന്യം ഉക്രെയ്‌നില്‍ റഷ്യക്കെതിരെ യുദ്ധം ചെയ്യില്ലെന്ന് പറയുന്നതില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങള്‍

ഉക്രെയ്നെതിരായ ആക്രമണത്തെ തുടര്‍ന്ന് റഷ്യയ്‌ക്കെതിരെ അതിശക്തമായ ഉപരോധത്തിലൂടെ തിരിച്ചടിക്കാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. റഷ്യ സൈനികരെ വിന്യസിച്ചതിനെ തുടര്‍ന്ന് ഇയു ചില ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അവയ്ക്ക് പുറമേ റഷ്യയെ ഞെരുക്കുന്നതിന് പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം.

ഇന്നലെ ചേര്‍ന്ന അടിയന്തിര ഇയു കൗണ്‍സില്‍ യോഗം ഉപരോധം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തെന്നാണ് സൂചന. ഏതൊക്കെ മേഖലയിലാണ് ഉപരോധം വരുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലെങ്കിലും റഷ്യയ്ക്ക് കനത്ത ശ്വാസം മുട്ടലാകും ഇതുണ്ടാക്കുകയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതുവരെ പരിഗണിച്ചതില്‍ വച്ച് ഏറ്റവും കഠിനവുമായ ഉപരോധ പാക്കേജാണിതെന്ന് യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി ചീഫ് ജോസെപ് ബോറെല്‍ വ്യക്തമാക്കി. റഷ്യയുടേത് നീതിരഹിതമായ പ്രാകൃത പ്രവൃത്തിയെന്ന് ഇയു വിശേഷിപ്പിച്ചു.

യൂറോപ്പിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനം നിലനിര്‍ത്തുന്നതിനാണ് ഉപരോധമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. നിരപരാധികളായ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അകാരണമായി ആക്രമണത്തെയും ജീവ ഭയത്തെയും നേരിടുകയാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ചാള്‍സ് മൈക്കലും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും പറഞ്ഞു. ഉക്രെയ്ന്‍ ആക്രമണം റഷ്യയില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവികള്‍ പറഞ്ഞു.

റഷ്യയുടെ ആക്രമണം ഉക്രെയ്നിന് ഭയാനകമായ ദിനവും യൂറോപ്പിന് ഇരുണ്ട ദിനവുമാണ് സമ്മാനിച്ചതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.

സംഭവമൊക്കെ ശരി, പക്ഷെ

അമേരിക്ക നേരിട്ടിടപെടുമെന്ന വിചാരത്തിലിരുന്ന ഉക്രെയ്നെ അവര്‍ നിരാശരാക്കുകയാണ്. യൂറോപ്പിന്റെ പലഭാഗങ്ങളിലും അമേരിക്ക ഇപ്പോഴത്തെ പ്രതിസന്ധിയുടെ പേരില്‍ കടന്നുകയറി സൈനിക താവളങ്ങള്‍ സൃഷ്ടിക്കും. ആയുധ കച്ചവടവും അധിനിവേശവും മാത്രമാണ് അവരുടെ ലക്ഷ്യം എന്ന തിരിച്ചറിവിലാണ് സെലസ്‌കി ഇന്നലെ നിലവിളിച്ചത് എന്നാണ് യുദ്ധ വിദഗ്ദര്‍ വിലയിരുത്തുന്നത്.

യൂറോപ്പ്യന്‍ യൂണിയന്‍ നേതാക്കള്‍ മറ്റെന്തൊക്കെ വാചകം അടിച്ചാലും ഇന്ധന വാതക വിതരണം യൂറോപ്പിലേക്ക് സുഗമമായി എന്തുന്നുണ്ടെന്ന് ഉറപ്പു വരുത്തി മാത്രമാവും യൂറോപ്യന്‍ യൂണിയന്റെയും അന്തിമ നിലപാട്.

ഈ കൊടും തണുപ്പ് കാലത്ത് നഷ്ടപ്പെടാനുള്ളത് ഉക്രെയ്ന്‍ ജനതയ്ക്ക് മാത്രമെന്ന് ലോകം തിരിച്ചറിയുകയാണിപ്പോള്‍.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.