head1
head 3
head2

യൂറോപ്യന്‍ യൂണിയനില്‍ മിനിമം വേതന നിയമം നടപ്പാക്കുന്നതിന് കളമൊരുങ്ങുന്നു

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ മിനിമം വേതന നിയമം നടപ്പാക്കുന്നതിന് കളമൊരുങ്ങുന്നു. ഇയു മിനിമം വേതന നിയമം സംബന്ധിച്ച പൊതു നിയമത്തിന്മേല്‍ ധാരണയിലെത്തിയിരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍ കൂട്ടായ്മ.

തൊഴിലാളികളുടെ കൂട്ടായ്മ ശ്കതിപ്പെടുത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലെ മിനിമം വേതനം മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിനുമായാണ് ഇയു കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രകാരം പുതിയ ഇയു നിയമം രൂപകല്‍പ്പന ചെയ്യുന്നത്. 2020 ഒക്ടോബറിലാണ് മിനിമം വേതനത്തിന് പൊതുവായ നിയമം രൂപപ്പെടുത്തണമെന്ന നിര്‍ദ്ദേശം യൂറോപ്യന്‍ കമ്മീഷന്‍ മുന്നോട്ടുവെച്ചത്.

ഇതുമായി ബന്ധപ്പെട്ട താല്‍ക്കാലിക കരാറിന്റെ കരട് സംബന്ധിച്ചാണ് യൂറോപ്യന്‍ പാര്‍ലമെന്റും യൂറോപ്യന്‍ കൗണ്‍സിലും ധാരണയിലെത്തിയത്. ഇനി ഇതിന്മേല്‍ വോട്ടെടുപ്പ് നടക്കേണ്ടതുണ്ട്. വോട്ടെടുപ്പിലൂടെ ഇതംഗീകരിച്ചു കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇയു അംഗ രാജ്യങ്ങള്‍ ദേശീയ തലത്തില്‍ ഇതിന് നിയമം കൊണ്ടു വരും.

തൊഴിലാളികളെ ദുരുപയോഗം ചെയ്യുന്ന ഉപ കരാറുകള്‍, വ്യാജ സ്വയം തൊഴില്‍, നോണ്‍ റോക്കോര്‍ഡെഡ് ഓവര്‍ടൈം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കര്‍ശനമായ നിരീക്ഷണവും നിയന്ത്രണവും നിയമത്തിലുണ്ടാകും. മാത്രമല്ല, ഇതു കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകളും നിയമം വ്യവസ്ഥ ചെയ്യും. ഇവയെല്ലാം ഉള്‍പ്പെടുന്ന എന്‍ഫോഴ്സ്മെന്റ് സംവിധാനം ഇയു നിയമത്തിന്റെ ഭാഗമായി നിലവില്‍ വരും.

യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍, ആറിടത്ത് തൊഴിലുടമകളും ട്രേഡ് യൂണിയനുകളും ചേര്‍ന്നുള്ള കൂട്ടായ വിലപേശലില്‍ നിശ്ചയിച്ച വേതനവും 21 രാജ്യങ്ങളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിയമാനുസൃത മിനിമം വേതനവുമാണ് നിലനില്‍ക്കുന്നത്.

പുതിയ നിയമപ്രകാരം നിലവിലുള്ള മിനിമം വേതനം മാന്യമായ ജീവിതം ഉറപ്പാക്കാന്‍ പര്യാപ്തമാണോയെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വിലയിരുത്തേണ്ടിവരുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് പറഞ്ഞു. മിനിമം വേതന ക്രമീകരണം വിപുലീകരിക്കുന്നതിന് വ്യക്തമായ സമയക്രമവും കൃത്യമായ നടപടികളുമുള്‍പ്പെട്ട കര്‍മ്മ പദ്ധതി രൂപീകരിക്കണമെന്നും കൗണ്‍സിലും പാര്‍ലമെന്റും സംയുക്ത പ്രസ്താവനയില്‍ നിര്‍ദ്ദേശിക്കുന്നു.

ജോലിയുടെ അന്തസ്സ് സംരക്ഷിക്കുന്നതും തൊഴിലാളിക്ക് പ്രതിഫലം ഉറപ്പാക്കുന്നതുമാണ് മിനിമം വേതനം സംബന്ധിച്ച പുതിയ നിയമമെന്ന് കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ഇയു കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

Comments are closed.