head1
head2
head 3

ഗ്യാസ് ഉപയോഗം 15% കുറയ്ക്കുന്നതിന് ഇയു കമ്മീഷന്‍ ശുപാര്‍ശ; നിയന്ത്രണം സെപ്റ്റംബര്‍ മുതലെന്ന് സൂചന

ബ്രസല്‍സ് : ഊര്‍ജ്ജ, പാചകവാതക രംഗത്തെ പ്രതിസന്ധി കണക്കിലെടുത്ത് ഗ്യാസ് ഉപയോഗത്തില്‍ കരുതല്‍ വേണമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ വിന്ററില്‍ ഗ്യാസിന്റെ ഉപയോഗം 15% കുറയ്ക്കുന്നതിന് തീരുമാനമുണ്ടാകുമെന്നാണ് സൂചന. റഷ്യ യൂറോപ്പിനുള്ള ഗ്യാസ് ഇറക്കുമതി നിര്‍ത്തലാക്കുമോയെന്ന ആശങ്കയ്ക്കിടെയാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുള്ള കമ്മീഷന്റെ ഉപദേശം. യൂറോപ്പിനുള്ള ഗ്യാസ് റഷ്യ വെട്ടിക്കുറച്ചാല്‍ നിര്‍ബന്ധിത ഊര്‍ജ്ജ റേഷനിംഗ് ഏര്‍പ്പെടുത്താന്‍ ബ്രസല്‍സിന് പ്രത്യേക അധികാരം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

സെപ്തംബര്‍ അവസാനത്തോടെ ഗ്യാസ് ഉപയോഗത്തില്‍ നിയന്ത്രണം പ്രാബല്യത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതു മുന്നില്‍ക്കണ്ട് പദ്ധതികള്‍ തയ്യാറാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഇതു സംബന്ധിച്ച എമര്‍ജെന്‍സി ആക്ഷന്‍ പ്ലാനും കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച ബ്രസല്‍സില്‍ ചേരുന്ന ഊര്‍ജ മന്ത്രിമാരുടെ അടിയന്തര യോഗത്തില്‍ ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.

റഷ്യ ഇറക്കുമതി നിര്‍ത്തുകയോ വെട്ടിക്കുറയുകയോ ചെയ്താല്‍ അത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയെ വിനാശകരമായി ബാധിക്കും. ഫാക്ടറികള്‍ പൂട്ടുകയും വീടുകള്‍ക്ക് ഹീറ്റിംഗ് നിര്‍ത്തലാകുന്ന സ്ഥിതിയുമുണ്ടാകും. ഇത് നേരിടുന്നതിനാണ് ഈ മുന്‍കരുതല്‍. യൂറോപ്യന്‍ യൂണിയന്റെ വാതക ഇറക്കുമതിയുടെ 40%വും റഷ്യയില്‍ നിന്നാണ്.

അതേസമയം, മറ്റ് ഇയു രാജ്യങ്ങളെപ്പോലെ അയര്‍ലണ്ട് റഷ്യന്‍ വാതകത്തെ ആശ്രയിക്കുന്നില്ലെന്ന് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. എന്നിരുന്നാലും കൂട്ടായ തീരുമാനത്തെ അംഗീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘എന്തും നേരിടാന്‍ തയ്യാറാകണം’

റഷ്യ നമ്മളെ ഭീഷണിപ്പെടുത്തുകയാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു. റഷ്യ ഊര്‍ജ്ജത്തെ ഒരു ആയുധമായി ഉപയോഗിക്കുന്നു അതിനാല്‍, ഏത് സാഹചര്യത്തിലും റഷ്യയുടെ ‘കുത്സിത നീക്കം’ പ്രതീക്ഷിക്കേണ്ടതുണ്ട്. എന്തിനെയും നേരിടാന്‍ തയ്യാറെടുക്കണമെന്ന് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ആവശ്യപ്പെട്ടു. ബദല്‍ മാര്‍ഗ്ഗങ്ങളും സംവിധാനങ്ങളും തേടുന്നതും സജീവമാണ്. എങ്കിലും റഷ്യന്‍ ഗ്യാസിന്റെ അതേ അളവില്‍ ലഭിക്കുന്നതിന് വഴി തുറന്നിട്ടില്ല. ഇക്കാര്യം ഐ ഇ എയും സ്ഥിരീകരിച്ചിട്ടുണ്ട്.

Comments are closed.