head 3
head1
head2

ഡിസിസിയുടെ സാധുതാ കാലയളവ് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശം

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനിലാകെ യാത്രകള്‍ സുഗമമായി തുടരുന്നതിന് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റിന്റെ സാധുതാ കാലയളവ് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദ്ദേശം. 2023 ജൂണ്‍ അവസാനം വരെ നീട്ടാനാണ് ഉദ്ദേശിക്കുന്നത്. പ്രൈമറി വാക്സിനേഷന്റെ അവസാന ഡോസിനോ ബൂസ്റ്റര്‍ ഷോട്ടിന് ശേഷമോ ഉള്ള ഒമ്പത് മാസത്തേക്കാണ് ഇപ്പോഴത്തെ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.

കോവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കെടുക്കുന്ന ആളുകള്‍ക്കും ഡിസിസി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വാക്സിന്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റും അംഗീകരിച്ചാല്‍ മാത്രമേ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാവുകയുള്ളു.

കൊറോണ വൈറസ് ഇപ്പോഴും ഭൂഖണ്ഡത്തില്‍ വളരെ വ്യാപകമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ്
ഇയുവിലെ 27 രാജ്യങ്ങളിലേയ്ക്കുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിനായി കമ്മീഷന്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവെയ്ക്കുന്നത്.

2022ന്റെ രണ്ടാം പകുതിയിലെ അണുബാധയുടെ വര്‍ദ്ധനവോ പുതിയ വേരിയന്റുകളുടെ ആവിര്‍ഭാവത്തിന്റെ ആഘാതമോ ഇപ്പോള്‍ നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ പാന്‍ഡെമിക് അവസാനിക്കാതെ വരികയോ സര്‍ട്ടിഫിക്കറ്റിന് സാധുതയില്ലാതെ വരികയോ ചെയ്താല്‍ അത് ആശയക്കുഴപ്പത്തിനും തടസ്സങ്ങള്‍ക്കും കാരണമാകും. അതൊഴിവാക്കുന്നതിനാണ് ഈ നിര്‍ദ്ദേശമെന്ന് നീതിന്യായ കമ്മീഷണര്‍ ദിദിയര്‍ റെയ്ന്‍ഡേഴ്‌സ് പറഞ്ഞു.

ക്വാറന്റൈന്‍ നിയന്ത്രണങ്ങളില്ലാതെ ഈ മേഖലയില്‍ യാത്ര ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരെ സഹായിക്കുന്നതിനുള്ള സംവിധാനമെന്ന നിലയില്‍ ഡിസൈന്‍ ചെയ്ത ഡിസിസി കഴിഞ്ഞ ജൂലൈയിലാണ് പ്രാബല്യത്തില്‍ വന്നത്. ഇതുവരെ, ഇയു രാജ്യങ്ങള്‍ 1.2 ബില്യണിലധികം സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിട്ടുള്ളത്.

Comments are closed.