head1
head2
head 3

റഷ്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും

ബ്രസല്‍സ് : ഇയു രാജ്യങ്ങളില്‍ റഷ്യന്‍ യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് യൂറോപ്യന്‍ യൂണിയന്‍ പരിഗണിച്ചേക്കും. ഇപ്പോള്‍ ഇയു പ്രസിഡന്റ് പദവിയിലുള്ള ചെക്ക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്സ്‌കിയാണ് എല്ലാ റഷ്യന്‍ യാത്രക്കാര്‍ക്കും വിസാ നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ സൂചന നല്‍കിയത്.

ഓഗസ്റ്റ് അവസാനം പ്രാഗില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഈ ആശയം മുന്നോട്ടുവെയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈയ്ന്‍ ആക്രമണവുമായി മുന്നോട്ടു പോകുന്നതിനാല്‍ റഷ്യക്കാര്‍ക്ക് വിനോദസഞ്ചാരത്തിന് അവസരം നല്‍കേണ്ടതില്ലെന്ന് ഇദ്ദേഹം പറഞ്ഞു.

എല്ലാ റഷ്യന്‍ സഞ്ചാരികള്‍ക്കും വിലക്കേര്‍പ്പെടുത്തണമെന്ന് ഉക്രൈയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഫെബ്രുവരി 25നാണ് റഷ്യ ഉക്രെയ്‌നെ ആക്രമിച്ചത്. അതിന് തൊട്ടുപിന്നാലെ, ചെക്ക് റിപ്പബ്ലിക് സാധാരണ റഷ്യക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിയിരുന്നു.

എന്നിരുന്നാലും, ഫിന്‍ലന്‍ഡിലൂടെ റഷ്യന്‍ വിനോദസഞ്ചാരികള്‍ ഇപ്പോഴും യൂറോപ്പിലേക്ക് ഒഴുകുകയാണ്. ഷെങ്കന്‍ സോണില്‍ പ്രവേശിച്ചാല്‍, റഷ്യക്കാര്‍ക്ക് യൂറോപ്പിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും സഞ്ചരിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കും. റഷ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസകള്‍ പരിമിതപ്പെടുത്താനുള്ള പദ്ധതി ഫിന്‍ലന്‍ഡ് വിദേശകാര്യ മന്ത്രി പെക്ക ഹാവിസ്റ്റോ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചിരുന്നു. വിസ നല്‍കുന്നത് നിര്‍ത്തണമെന്ന് എസ്തോണിയയുടെ പ്രധാനമന്ത്രി കാജ കല്ലാസ് ഈ ആഴ്ച ആദ്യം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയ്‌ക്കെതിരെ ഇതുവരെ ആറ് ഉപരോധ പാക്കേജുകളാണ് യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്നത്.

Comments are closed.