head 3
head2
head1

കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി യൂറോപ്യന്‍ യൂണിയന്‍; ഓസ്ട്രിയയില്‍ നാളെ മുതല്‍ നിയമം പ്രാബല്യത്തില്‍

ബ്രസല്‍സ് : പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കി യൂറോപ്യന്‍ യൂണിയന്‍. ഈ നിയമം ആദ്യം നടപ്പാക്കുന്ന രാജ്യമായി മാറുകയാണ് ഓസ്ട്രിയ. ഇതു സംബന്ധിച്ച നിയമത്തില്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ ഒപ്പിട്ടു. നാളെ മുതല്‍ ഓസ്ട്രിയയില്‍ പ്രാബല്യത്തില്‍ വരും.

ഗര്‍ഭിണികളേയും ആരോഗ്യപരമായ ഇളവുകളുള്ളവരേയും ഈ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് 3,600 യൂറോ വരെ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കുമെന്ന് പ്രഖ്യാപിച്ച നവംബര്‍ മുതല്‍ രാജ്യത്ത് പ്രതിഷേധവും ഉയര്‍ന്നിരുന്നു.

പതിനായിരക്കണക്കിന് ആളുകളാണ് നിര്‍ബന്ധിത വാക്സിനേഷനെതിരെയുള്ള റാലികളില്‍ അണിനിരന്നിരുന്നത്. തീവ്ര വലതുപക്ഷ കക്ഷികളൊഴികെയുള്ള എല്ലാ പാര്‍ട്ടികളുടെയും രാഷ്ട്രീയ പിന്തുണയും ഈ പ്രതിഷേധത്തിനുണ്ട്.

നിലവില്‍, 69% ഓസ്ട്രിയന്‍ നിവാസികള്‍ക്കും വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുണ്ട്. 14,000 -ത്തിലധികം ആളുകളാണ് ഓസ്ട്രിയയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഒമ്പത് മില്യണ്‍ ജനസംഖ്യയില്‍ രണ്ട് മില്യണ്‍ കോവിഡ് കേസുകളും സ്ഥിരീകരിച്ചിരുന്നു.

ഇക്വഡോര്‍, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഇന്തോനേഷ്യ, മൈക്രോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇത്തരം പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും കോവിഡ് വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയിട്ടില്ല.

അതിനിടെ, പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കുകയാണ് സ്പെയിന്‍. അടുത്ത വ്യാഴാഴ്ച മുതലാണ് ഔട്ട്ഡോറുകളില്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ എടുത്തുകളയുന്നത്. ആരോഗ്യ മന്ത്രി കരോലിന ഡാരിയസ് ഇക്കാര്യം സ്ഥിരീകരിച്ചു.

Comments are closed.