head 3
head2
head1

ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകളും ഗോള്‍ഡന്‍ വിസകളും വേണ്ടെന്ന് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകളും ഗോള്‍ഡന്‍ വിസകളും നിരോധിക്കുന്നതിനനുകൂലമായി യൂറോപ്യന്‍ യൂണിയനില്‍ എംഇപിമാര്‍ വോട്ടു ചെയ്തു. ഈ പദ്ധതി നടപ്പിലാക്കിയ മാള്‍ട്ടയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വലിയ തിരിച്ചടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.

പൗരസ്വാതന്ത്ര്യം, നീതിന്യായം, ആഭ്യന്തരകാര്യങ്ങള്‍ എന്നിവയ്ക്കായുള്ള ഇയു കമ്മിറ്റിയാണ് സ്‌കീമുകള്‍ക്കെതിരെ വോട്ടുചെയ്തത്. വോട്ടെടുപ്പില്‍ അഞ്ച് രാജ്യങ്ങള്‍ വിട്ടുനിന്നെങ്കിലും മൂന്നു രാജ്യങ്ങളെ പിന്തുണയ്ക്കാന്‍ അവരല്ലാതെ മറ്റാരും ഉണ്ടായില്ല.

മാര്‍ച്ച് ഏഴു മുതല്‍ ഒമ്പത് വരെ നടക്കുന്ന അടുത്ത പ്ലീനറി സെഷനില്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എംഇപിമാരുടെ ചര്‍ച്ചയും വോട്ടെടുപ്പും നടക്കും. പ്ലീനറി അംഗീകരിച്ചാല്‍ കമ്മീഷന്‍ ഇതു സംബന്ധിച്ച നിയമനിര്‍മ്മാണ നിര്‍ദ്ദേശം തയ്യാറാക്കും.

പൗരത്വം ഒരു അവകാശമാണ്, വില്‍പ്പനച്ചരക്കല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്റെ പ്രശസ്തി ലാഭത്തിനായി ചൂഷണം ചെയ്യുന്ന വിവിധ സര്‍ക്കാരുകളുടെ വിചിത്രമായ നിലപാട് ഇയുവിന്റെ പൊതു സുരക്ഷയെ അപകടത്തിലാക്കുമെന്ന് ഇതു സംബന്ധിച്ച കരട് റിപ്പോര്‍ട്ട് പറയുന്നു.

ഇയുവിന് പുറത്തുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് നിക്ഷേപം വഴി പൗരത്വം നല്‍കുന്നതാണ് ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട്, ഗോള്‍ഡന്‍ വിസ സ്‌കീമുകള്‍. മാള്‍ട്ടയുള്‍പ്പടെ മൂന്ന് ഇയു രാജ്യങ്ങളാണ് സിബിഐ പദ്ധതി നടപ്പാക്കിയത്. പന്ത്രണ്ട് അംഗരാജ്യങ്ങളില്‍ ആര്‍ബിഐ സ്‌കീമുകളുണ്ട്.

പണമുള്ളവര്‍ക്ക് പൗരത്വം വില്‍ക്കുന്ന ഈ പദ്ധതി വലിയ വിവാദമായിരുന്നു. സിബിഐ നടപ്പാക്കിയ ബള്‍ഗേറിയ ഈ സ്‌കീം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. സൈപ്രസ് നിലവില്‍ 2020 നവംബറിന് മുമ്പ് സമര്‍പ്പിച്ച അപേക്ഷകള്‍ മാത്രമേ പ്രോസസ്സ് ചെയ്യുന്നുള്ളു. എന്നാല്‍ ഇയുവില്‍ നിന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിട്ടും അവയെ അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്നു മാള്‍ട്ട.

സ്‌കീമുകള്‍ പ്രയോജനപ്പെടുത്തിയത് 1,30,000 പേര്‍

2011നും 2019നും ഇടയില്‍ ഇയുവിലെ മൂന്നു രാജ്യങ്ങള്‍ നടപ്പിലാക്കിയ സിബിഐ, ആര്‍ബിഐ സ്‌കീമുകള്‍ 1,30,000 ആളുകള്‍ പ്രയോജനപ്പെടുത്തി, ഇതുവഴി ഈ രാജ്യങ്ങള്‍ക്ക് 21.8 ബില്യണ്‍ യൂറോയിലധികം വരുമാനം നേടാനായെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നിക്ഷേപത്തിന് പകരമായി മൂന്നാം രാജ്യക്കാര്‍ക്ക് പൗരത്വ അവകാശങ്ങള്‍ നല്‍കുന്ന ഈ പദ്ധതികള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്‌കീമുകള്‍ ധാര്‍മ്മികവും നിയമപരവും സാമ്പത്തികവുമുള്‍പ്പടെ എല്ലാ കോണുകളില്‍ നിന്നും നോക്കുമ്പോഴും എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഗുരുതരമായ നിരവധി സുരക്ഷാ അപകടങ്ങള്‍ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പിന്നിലുണ്ട്. യൂറോപ്യന്‍ യൂണിയന്‍ പൗരത്വത്തിന്റെ സത്തയെത്തന്നെ ഇവ ദുര്‍ബലപ്പെടുത്തുന്നു. അതിനാല്‍ ഘട്ടംഘട്ടമായി ഇവ നിര്‍ത്തലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചു.

സ്‌കീമുകള്‍ അപകടം നിറഞ്ഞത്…

സമഗ്രമായ പരിശോധനാ നടപടിക്രമങ്ങളില്ലാത്തതാണ് പദ്ധതികള്‍. യാതോരു ആധികാരികതയുമില്ലാതെ നല്‍കുന്ന വിവിധ അംഗരാജ്യങ്ങളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. സാമ്പത്തിക സംഭാവനയ്ക്ക് പകരമായി വിദേശികള്‍ക്ക് താമസാവകാശം നല്‍കുന്ന പദ്ധതികള്‍ക്ക് പിന്നിലെ അപകടസാധ്യതകള്‍ കമ്മിറ്റി തുറന്നുകാട്ടി.

ഫണ്ടിന്റെ സ്രോതസ്സും ആളുകളെയും നോക്കേണ്ടേ

കുടുംബാംഗങ്ങളും ഫണ്ടുകളുടെ സ്രോതസ്സും ഉള്‍പ്പെടെ കര്‍ശനമായ പശ്ചാത്തല പരിശോധനകള്‍, യൂറോപ്യന്‍ യൂണിയന്‍ നീതിന്യായ വ്യവസ്ഥകളും ആഭ്യന്തരകാര്യങ്ങളും മുന്‍നിര്‍ത്തിയുള്ള നിര്‍ബന്ധിത പരിശോധനകള്‍, മൂന്നാം രാജ്യങ്ങളിലെ പരിശോധനാ നടപടിക്രമങ്ങള്‍ തുടങ്ങിയ ഒട്ടേറെ നടപടികള്‍ക്ക് ശേഷം മാത്രമേ ഇത്തരം പദ്ധതികള്‍ ആസൂത്രണം ചെയ്യാവുയെന്നും കമ്മിറ്റി ഓര്‍മ്മിപ്പിച്ചു. ഇത്തരം പദ്ധതികള്‍ക്ക് പിന്നിലെ ഇടനിലക്കാരുടെ പങ്കിനെക്കുറിച്ചും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.