head 3
head1
head2

ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ തനിച്ചാക്കില്ലെന്ന പ്രഖ്യാപനം കര്‍മ്മപദത്തിലെത്തിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : ഉക്രെയ്ന്‍ അഭയാര്‍ത്ഥികളെ തനിച്ചാക്കില്ലെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ട്. അംഗരാജ്യങ്ങളില്‍ ജീവിക്കാനും ജോലി ചെയ്യാനുമുള്ള താല്‍ക്കാലിക അവകാശം അഭയാര്‍ത്ഥികള്‍ക്ക് നല്‍കിക്കൊണ്ടാണ് ഉക്രെയ്നോടുള്ള പ്രതിജ്ഞാബദ്ധത ഇയു വ്യക്തമാക്കിയത്. യുദ്ധപ്പേടിയില്‍ നാടുവിടുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ താമസാനുമതിയും വിദ്യാഭ്യാസവും തൊഴിലും നേടാനും വഴിയൊരുക്കുന്നതാണ് ഈ തീരുമാനം.

ഉക്രെയ്നില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും റസിഡന്‍സ് പെര്‍മിറ്റും ജോലിയും വിദ്യാഭ്യാസവും ആക്സസ് ചെയ്യാനുള്ള അവകാശവും ലഭിക്കും. മൊത്തം രണ്ട് വര്‍ഷമാണ് പദ്ധതി കാലാവധി. ഓരോ ആറ് മാസത്തിലും ഇത് പുതുക്കാനാകും. വ്യക്തിഗതമായി യൂറോപ്യന്‍ യൂണിയന്‍ അംഗ രാജ്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

മുമ്പ് യുഗോസ്ലാവിയന്‍ യുദ്ധത്തില്‍ അഭയാര്‍ഥികളെ സഹായിക്കുന്നതിനായി 2000കളുടെ തുടക്കത്തില്‍ തയ്യാറാക്കിയ പദ്ധതിയാണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്. അന്നത് വിഭാവനം ചെയ്തെങ്കിലും നടപ്പാക്കിയിരുന്നില്ല.

ചരിത്രപരമായ തീരുമാനമാണിതെന്ന് യൂറോപ്യന്‍ ആഭ്യന്തരകാര്യ കമ്മീഷണര്‍ യില്‍വ ജോഹാന്‍സണ്‍ പറഞ്ഞു. ഉക്രെയ്നില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ താല്‍ക്കാലിക സംരക്ഷണം നല്‍കുമെന്നും ഇവര്‍ ട്വീറ്റ് ചെയ്തു.

കൈനീട്ടി സ്വീകരിക്കാനൊരുങ്ങി അയര്‍ലണ്ട്

ഇന്നു മുതല്‍ നടപടി ഔദ്യോഗികമായി പ്രാബല്യത്തില്‍ വരും. അയര്‍ലണ്ടിലേക്ക് യാത്ര ചെയ്യുന്ന ഉക്രെയിന്‍ പൗരന്മാര്‍ക്ക് നേരത്തേ വിസ നിബന്ധനകള്‍ ഒഴിവാക്കിയിരുന്നു. ഈ പദ്ധതിയില്‍ ഇതിനകം ഇവിടെ എത്തിയവര്‍ക്കും ഈ പ്ലാനിന്റെ ആനുകൂല്യം ലഭിക്കും. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം അയര്‍ലണ്ടില്‍ ഇതുവരെ 450 പേര്‍ ഉക്രെയ്നില്‍ നിന്ന് അഭയാര്‍ഥികളായെത്തിയിട്ടുണ്ട്.

അയര്‍ലണ്ടില്‍ ഇത് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ആക്ട് 2015ന്റെ 60ാം വകുപ്പിന് കീഴിലാണ് നിയമം നടപ്പാക്കുക. ഇത് എങ്ങനെ പ്രവര്‍ത്തിക്കും വ്യക്തികള്‍ക്ക് എങ്ങനെ അനുമതി ആക്സസ് ചെയ്യാനാകും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പിന്നീടുണ്ടാകും.

റഷ്യന്‍ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതും ഉക്രെയ്‌നെ പിന്തുണയ്ക്കുന്നതും തുടരുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു. അയര്‍ലണ്ട് 20,000 പേരെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും വകുപ്പുകളുടെ ജനറല്‍ സെക്രട്ടറിമാര്‍ ആഴ്ചതോറും യോഗം ചേരുമെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.