head1
head2
head 3

കോവിഡ് സര്‍ട്ടിഫിക്കേറ്റ് : കാലാവധി നീട്ടി യൂറോപ്യന്‍ യൂണിയന്‍

ലോക്ക് ഡൗണ്‍ ദിനങ്ങള്‍ ഓര്‍മ്മയായി, കോവിഡ് വാക്സിന്‍ എടുത്ത പാടു പോലും കാണുന്നില്ല… നിയന്ത്രണങ്ങളും ഒഴിവായി, പക്ഷേ രണ്ടു വര്‍ഷമായി നിങ്ങളെ നോക്കി കൊഞ്ഞനം കുത്തുന്ന കോവിഡ് ആപ്പ് ഇപ്പോഴും ഫോണില്‍ ഉണ്ടല്ലേ… അതും അണ്‍ഇന്‍സ്റ്റാള്‍ ചെയ്ത് കോവിഡിനോടുള്ള മുഴുവന്‍ കലിപ്പും തീര്‍ക്കാനൊരുങ്ങുകയാണോ നിങ്ങള്‍ ? വരട്ടെ… സമയമായില്ലെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നത്.

മിക്ക യൂറോപ്പ്യന്‍ രാജ്യങ്ങളും മറ്റൊരു കോവിഡ് തരംഗത്തിന്റെ ഭീഷണിയിലായതിനാല്‍ കോവിഡ് ട്രാവല്‍ സട്ടിഫിക്കറ്റിന്റെ കാലാവധി 2023 ജൂണ്‍ 30 വരെ നീട്ടാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനം.

കേസുകള്‍ പരിധി വിട്ടാല്‍ വീണ്ടും നിയന്ത്രണങ്ങള്‍ വന്നേക്കാമെന്ന് മുന്നില്‍ കണ്ടാണ്
ഈയു നടപടി. 2022 ജൂണ്‍ 30 ന് ശേഷം രാജ്യങ്ങളില്‍ പുതിയ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ‘ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റുകള്‍’ ഉപയോഗിക്കുന്നത് തുടരണമെന്നും ഈയു വ്യക്തമാക്കി.

എന്താണ് EU ‘ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ്’?

കഴിഞ്ഞ വര്‍ഷം നിങ്ങള്‍ EU രാജ്യങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, ഇതിനകം നിങ്ങള്‍
ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടുണ്ടാകും.

2021 ജൂലൈ 1-മുതല്‍ EU അംഗരാജ്യങ്ങള്‍ തമ്മിലുള്ള യാത്ര സുഗമമാക്കുന്നതിന് യൂറോപ്യന്‍ കമ്മീഷനാണ് കോവിഡ് ഡിജിറ്റല്‍ ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് രൂപകല്പന ചെയ്തത്..

അതിനാല്‍ നിങ്ങള്‍ ഒരു EU രാജ്യത്താണ് താമസിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമ്പോഴോ പരിശോധന നടത്തി നെഗറ്റീവ് ഫലം നല്‍കുമ്പോഴോ QR കോഡ് ഉള്‍പ്പെട്ട ഈ രേഖ ലഭിക്കും മറ്റെല്ലാ EU രാജ്യങ്ങള്‍ക്കും സ്‌കാന്‍ ചെയ്യാനും വാക്സിനേഷന്‍ വിവരങ്ങള്‍ തിരിച്ചറിയാനും കഴിയും –

വിവിധ രാജ്യങ്ങളില്‍ പേര് വ്യത്യസ്തമാണ് പേപ്പറില്‍ അച്ചടിച്ചതോ നിങ്ങളുടെ രാജ്യത്തിന്റെ ആരോഗ്യ പാസ് ആപ്പിലോ കോഡ് കാണാം. ഉദാ ഇറ്റലിയിലെ ഗ്രീന്‍ പാസ്.

EU വിന്റെ 27 അംഗരാജ്യങ്ങളിലും , സ്‌കീമില്‍ ചേര്‍ന്ന 40 യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലും യുകെ ഉള്‍പ്പെടെ QR കോഡിന് അംഗീകാരമുണ്ട്. – മറ്റ് 40 രാജ്യങ്ങളുടെ ലിസ്റ്റ് കാണാം.

സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടിയത് എന്താണ് അര്‍ത്ഥമാക്കുന്നത്?

EU രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തുന്നില്ലെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യം വരില്ല. അതേസമയം EU-നുള്ളിലെ ഓരോ രാജ്യങ്ങളിലേക്കും പ്രവേശന നിയമങ്ങള്‍ തീരുമാനിക്കുന്നത് രാജ്യങ്ങള്‍ സ്വന്തമായാണ് അതിനാല്‍ കോവിഡ് കേസുകള്‍ മൂലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ യാത്ര ചെയ്യുമ്പോള്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യം വന്നേക്കാം.

യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോളിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇറ്റലി,ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഓസ്ട്രിയ എന്നിവയുടെ ചില ഭാഗങ്ങള്‍ വീണ്ടും റെഡ് സോണിലാണ്.

സര്‍ട്ടിഫിക്കറ്റിനായുള്ള ആവശ്യകതകള്‍

പല EU രാജ്യങ്ങളും EMA-അംഗീകൃത വാക്സിനുകള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ (Pfizer, Moderna, AstraZeneca, Novavax, Valneva, Janssen) – ഇതല്ലാതെ നിങ്ങള്‍ മറ്റൊരു വാക്സിന്‍ എടുത്തിട്ടുണ്ടെങ്കില്‍, യാത്ര ചെയ്യുന്ന രാജ്യത്തെ നിയമങ്ങള്‍ പരിശോധിക്കുക.

പൂര്‍ണ്ണമായ വാക്‌സിനേഷന്‍ സൈക്കിളിനെ തുടര്‍ന്ന് 9 മാസം അഥവാ 270 ദിവസത്തേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സാധുവായി തുടരും – അതിനാല്‍ വാക്‌സിന്‍ എടുത്ത് ഒമ്പത് മാസത്തിലധികം കഴിഞ്ഞിട്ടുണ്ടെങ്കില്‍ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തതായി കണക്കാക്കുന്നതിന് നിങ്ങള്‍ ഒരു ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കേണ്ടിവരും. ഒരു ബൂസ്റ്റര്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ബൂസ്റ്റര്‍ 9 മാസത്തിന് മുമ്പ് എടുത്തതാണെങ്കില്‍പ്പോലും നിങ്ങളെ ‘പൂര്‍ണ്ണമായി വാക്‌സിനേഷന്‍’ എടുത്ത ആളായി കണക്കാക്കും.

Comments are closed.