head1
head 3
head2

ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ ഇയു തീരുമാനം

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടിയുണ്ടാകും. ഡി സി സിയുടെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചിരിക്കുകയാണ്.

നിലവിലെ ഡി സി സിയുടെ കാലാവധി ജൂണ്‍ 30ന് അവസാനിക്കാനിരിക്കുകയാണ്. ഈ സംവിധാനം തുടരണമോയെന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നതാണ് പാര്‍ലമെന്റ് തീരുമാനം.

പാര്‍ലമെന്റിലെ 432 എം ഇ പിമാര്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 130 പേര്‍ ഡി സി സിയെ എതിര്‍ത്തു. 23 പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. വിവിധ രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുന്നതിനിടയിലാണ് വോട്ടെടുപ്പ് നടന്നത്.

അയര്‍ലണ്ടിലെ 13 എം ഇ പിമാരില്‍, ഒമ്പത് പേര്‍ ഡിസിസി കാലാവധി നീട്ടുന്നതിനെ അനുകൂലിച്ചു. ഫിന ഗേല്‍, ഫിന ഫാള്‍ ഗ്രീന്‍സ്, സിന്‍ ഫെയ്‌നിന്റെ ഏക അംഗം എന്നിവരാണ് അനുകൂലിച്ചത്. എം ഇ പി മാരായ ക്ലെയര്‍ ഡാലിയും മിക്ക് വാലസും പ്രമേയത്തിനെതിരെ വോട്ട് ചെയ്തു. ഫിന ഗേല്‍ എംഇപിമാരായ മരിയ വാല്‍ഷും ഡീര്‍ഡ്രെ ക്ലൂണും വോട്ട് ചെയ്തതായി സൂചനയില്ല.

സുരക്ഷിതവും നിയന്ത്രണരഹിതവുമായ യാത്ര സുഗമമാക്കുന്നതിനുള്ള മാര്‍ഗമായി കഴിഞ്ഞ സമ്മറിലാണ് ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുവന്നത്. എന്നാല്‍ അയര്‍ലണ്ടുള്‍പ്പടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിന് ഇപ്പോള്‍ ഇവ ആവശ്യമില്ല. എന്നാല്‍ പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളിലെ മുതിര്‍ന്നവര്‍ക്ക് യാത്ര ചെയ്യുന്നതിന് ആവശ്യവുമാണ്. കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസുകള്‍ കൂടി ഇയുവിന്റെ ഡിസിസിയില്‍ ഫെബ്രുവരി മുതല്‍ ഉള്‍പ്പെടുത്തിയിരുന്നു.

Comments are closed.