head 3
head1
head2

ഹംഗറിയ്ക്കും പോളണ്ടിനും താക്കീതായി ഇയു കോടതി വിധി, ജനാധിപത്യ മൂല്യങ്ങളെ വിലമതിക്കണമെന്ന് മുന്നറിയിപ്പ്

ബ്രസല്‍സ് : ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഹംഗറിയ്ക്കും പോളണ്ടിനും താക്കീത് നല്‍കി യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതി വിധി. യൂറോപ്യന്‍ റൂള്‍ ഓഫ് മാനിക്കാത്തവര്‍ക്ക് യൂണിയന്റെ സാമ്പത്തിക പിന്തുണ ലഭിക്കില്ലെന്ന വ്യക്തമായ മുന്നറിയിപ്പാണ് ഇയു കോടതി നല്‍കിയിരിക്കുന്നത്. നിയമവാഴ്ചയും അംഗരാജ്യങ്ങളുടെ സാമ്പത്തിക പിന്തുണയുമായി ബന്ധമുണ്ടെന്നാണ് കോടതി വിധി.

ഹംഗറിയുടെയും പോളണ്ടിന്റെയും വലതുപക്ഷ സര്‍ക്കാരുകള്‍ ഇത്തരം ഇയു നടപടികള്‍ക്ക് നിയമപരമായ അടിത്തറയില്ലെന്ന് നിലപാടിലായിരുന്നു ഇതുവരേയും. യൂറോപ്യന്‍ യൂണിയന്‍ ഫണ്ടുകളുടെ വലിയ ഗുണഭോക്താക്കളാണ് ഇരു രാജ്യങ്ങളും. ഈ രാജ്യങ്ങള്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വേണ്ടത്ര ആദരവ് നല്‍കുന്നില്ലെന്ന വിമര്‍ശനം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ അതെല്ലാം രാജ്യങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായമാണ് ഇരു രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്. പോളണ്ടും ഹംഗറിയും ജനാധിപത്യ മൂല്യങ്ങള്‍ക്കൊപ്പം ജുഡീഷ്യല്‍, മാധ്യമ സ്വാതന്ത്ര്യം എന്നിവ ഇല്ലാതാക്കുന്നുവെന്ന ആരോപണവും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്.

ഈ രാജ്യങ്ങള്‍ക്കുള്ള ഫണ്ട് തടഞ്ഞുവയ്ക്കുന്നതിന് കോടതി വിധിക്കായി കാത്തിരിക്കുകയായിരുന്നുവെന്ന് ഇയു എക്സിക്യൂട്ടീവ് കമ്മീഷന്‍ അറിയിച്ചിരുന്നു. ഇയുവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹംഗറിയും പോളണ്ടും ബജറ്റ് തടയാന്‍ ശ്രമിച്ചിരുന്നുവെങ്കിലും യൂറോപ്യന്‍ കോടതി വിധി വരുന്നതു മുന്‍ നിര്‍ത്തി പദ്ധതി അംഗീകരിക്കുകയായിരുന്നു.

ഹംഗറിയുടെയും പോളണ്ടിന്റെയും നടപടികളെ തള്ളിക്കളയുന്നതായി യൂറോപ്യന്‍ കോടതി അറിയിച്ചു. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ യൂണിയനും അംഗരാജ്യങ്ങള്‍ക്കും കഴിയണമെന്നും കോടതി പറഞ്ഞു. ജനാധിപത്യ നിയമ തത്വങ്ങളെ മാനിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍ പ്രവേശന മാനദണ്ഡത്തിന്റെ ഒരു വഴിവിളക്കാണ് ആ തത്വങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കോടതി വിധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹംഗറി രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയന്‍ അധികാരം ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണ് ഈ രാഷ്ട്രീയ വിധിയെന്ന് നീതിന്യായ മന്ത്രി ജൂഡിറ്റ് വര്‍ഗ ഫെയ്‌സ്ബുക്ക് പേജില്‍ വിമര്‍ശിച്ചു.

യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടികളില്‍ വിവരിക്കാത്ത പുതിയ മേഖലകളിലേയ്ക്ക് കോടതി അതിന്റെ അധികാരം ഉപയോഗിക്കുകയാണെന്ന് ഹംഗറിയും പോളണ്ടും നേരത്തേ ആരോപിച്ചിരുന്നു. അംഗരാജ്യങ്ങളുടെ ധനകാര്യവും നിയമപരവുമായ തീരുമാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നത് ബ്രസല്‍സില്‍ നിന്നുള്ള ബ്ലാക്ക് മെയിലിംഗാണെന്ന് ഇവര്‍ പറഞ്ഞിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.