head2
head 3
head1

ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരല്ലെന്ന് ഇയു കോടതി

ബ്രസല്‍സ് : ബ്രക്സിറ്റോടെ ബ്രിട്ടീഷുകാര്‍ യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരല്ലാതായെന്ന് ഇയു കോടതിയുടെ ഔദ്യോഗിക വിധി. ബ്രക്‌സിറ്റുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ടായെങ്കിലും ഒരു വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ പരമോന്നത കോടതിയുടെ വിധി വരുന്നത് ഇതാദ്യമാണ്. ഭാവിയില്‍ യൂണിയന്‍ വിടാന്‍ തീരുമാനിക്കുന്നവര്‍ക്കുള്ള മാതൃക കൂടിയാണ് ഈ വിധിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

2020 ഫെബ്രുവരി ഒന്നിന് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടു. അതോടെ ബ്രിട്ടീഷുകാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നഷ്ടപ്പെട്ടതായി കോടതി സ്ഥിരീകരിച്ചു.

ബ്രിട്ടീഷ് പൗരന്മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ പൗരത്വവുമായി ബന്ധപ്പെട്ട മറ്റ് രണ്ട് കേസുകള്‍ ഇപ്പോഴും ഇയു കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാതെയുണ്ട്. അവയിലൊന്ന് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം അടിസ്ഥാന പദവി ആണോ എന്ന് നിര്‍ണ്ണയിക്കാനുള്ളതാണ്.

വിധി വന്ന വഴി

ഫ്രാന്‍സില്‍ താമസിക്കുന്ന ബ്രിട്ടീഷ് വനിത ആലിസ് ബൗയിലസ് നല്‍കിയ കേസിലാണ് വിധി. ബ്രക്സിറ്റിന് മുമ്പ്, അവള്‍ക്ക് അവളുടെ താമസസ്ഥലമായ തൗക്സിലെ വോട്ടറായിരുന്നു ഇവര്‍. എന്നാല്‍ ഇ യു വില്‍ നിന്ന് യുകെ പിന്‍വാങ്ങിയതോടെ ഇവരെ വോട്ടര്‍പട്ടികയില്‍ നിന്നും നീക്കി. ഇക്കാരണത്താല്‍ 2020 മാര്‍ച്ചില്‍ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് വോട്ടു ചെയ്യാനായില്ല.

ഇതിനെതിരെ നല്‍കിയ അപ്പീല്‍ മേയര്‍ നിരസിച്ചു. തുടര്‍ന്ന് ഇവര്‍ ഓച്ചിലെ റീജിയണല്‍ കോടതിയില്‍ പോയി. പരമോന്നത കോടതിയെ സമീപിക്കാനായിരുന്നു ആ കോടതി ഉപദേശിച്ചത്.

15 വര്‍ഷത്തിലേറെയായി വിദേശത്ത് താമസിക്കുന്ന സ്ത്രീക്ക് യുകെയില്‍ വോട്ടിംഗ് അവകാശം നഷ്ടപ്പെട്ടെന്നും യൂറോപ്യന്‍ യൂണിയന്‍ പൗരത്വം കൂടി നഷ്ടപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല.

ഫ്രഞ്ച് പൗരനെ വിവാഹം കഴിച്ച് 1984 മുതല്‍ ഫ്രാന്‍സില്‍ താമസിക്കുകയാണ് ആലിസ് ബൗയിലസ്. ഇവര്‍ ഫ്രഞ്ച് പൗരത്വത്തിന് അപേക്ഷിച്ചിരുന്നില്ല. മുന്‍ യുകെ ഉദ്യോഗസ്ഥയെന്ന നിലയിലും അത് ആവശ്യമില്ലെന്ന് കരുതിയുമായിരുന്നു പൗരത്വമെടുക്കാഞ്ഞത്.

ഒരു രാജ്യത്തിന്റെ പൗരത്വമുള്ളയാള്‍ക്ക് ഇയു ദേശീയത നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം ബ്രക്‌സിറ്റിന്റെ ഫലമായി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് അവരുടെ യൂറോപ്യന്‍ യൂണിയന്‍ പൗരത്വം സ്വയമേവ നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു. കോടതി തീരുമാനത്തിനെതിരെ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.

Comments are closed.