head1
head 3
head2

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഏകീകൃത മൊബൈല്‍ ചാര്‍ജ്ജര്‍ സംവിധാനത്തിലേയ്ക്ക്

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഏകീകൃത മൊബൈല്‍ ചാര്‍ജ്ജര്‍ സംവിധാനത്തിലേയ്ക്ക് എത്തിയേക്കും. ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കുള്‍പ്പടെ മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ഹെഡ്‌ഫോണുകള്‍ എന്നിവയ്ക്കായി ഏകീകൃത ചാര്‍ജ്ജര്‍ അംഗീകരിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ നാളെ ഇയു രാജ്യങ്ങള്‍ കരാറിലെത്തുമെന്നാണ് കരുതുന്നത്.

ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാതാക്കളുമായുള്ള അന്തിമ വട്ട ചര്‍ച്ചയാണ് നാളെ നടക്കുന്നത്. സാംസങ്ങിനെയും ഹുവായെയും മറ്റ് നിര്‍മ്മാതാക്കളെയും പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ ലാപ്‌ടോപ്പുകളെക്കൂടി ഈ സംവിധാനത്തില്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം തര്‍ക്കത്തിനിടയാക്കിയിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തിയതോടെയാണ് ഏകീകൃത മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട് എന്ന ആശയം യൂറോപ്യന്‍ കമ്മീഷനില്‍ ഉയര്‍ന്നുവന്നത്. ഇവ ഉപയോഗിക്കുന്നവര്‍ വ്യത്യസ്ത ചാര്‍ജറുകള്‍ ഉപയോഗിക്കേണ്ടി വരുന്നതാണ് പരാതിയ്ക്കിട നല്‍കിയത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ യുഎസ്ബി-സി കണക്ടറുകള്‍ ഉപയോഗിച്ചും ആപ്പിള്‍ ഫോണുകള്‍ ലൈറ്റനിംഗ് കേബിളിലൂടെയുമാണ് ചാര്‍ജ് ചെയ്യുന്നത്.

ഏകീകൃത സംവിധാനത്തിനെതിരെ ആപ്പിള്‍ മുമ്പ് രംഗത്തുവന്നിരുന്നു. കാലികമായ ആഗോള മാനദണ്ഡങ്ങളുടെ അനുചിതമായ ഉപയോഗം നവീകരണത്തെ തടസ്സപ്പെടുത്തുമെന്നായിരുന്നു ഇവരുടെ വിമര്‍ശനം. പുതിയ ചാര്‍ജറുകളിലേക്ക് മാറുന്നതിലൂടെ ഇലക്ട്രോണിക് മാലിന്യങ്ങള്‍ കുന്നുകൂടുന്നതിന് കാരണമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു.

സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമയം വേണ്ടിവരുമെന്നതിനാല്‍ നീണ്ട കാലയളവ് വേണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും കമ്മീഷനും ആവശ്യപ്പെടുന്നത്. അതേസമയം, 2025ഓടെ വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിലെത്തണമെന്ന ആശയമാണ് ഇയു നേതാക്കള്‍ മുന്നോട്ടുവെയ്ക്കുന്നത്.

Comments are closed.