head1
head 3
head2

കോവിഡ് സര്‍ട്ടിഫിക്കറ്റുള്ളവരെ ടെസ്റ്റുകളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്ന് ഇയു കൗണ്‍സില്‍

ബ്രസല്‍സ് : സാധുവായ ഡിജിറ്റല്‍ കോവിഡ് സര്‍ട്ടിഫിക്കറ്റുള്ള എല്ലാ യാത്രക്കാരെയും ടെസ്റ്റുകളില്‍ നിന്നും ക്വാറന്റൈനില്‍ നിന്നും ഒഴിവാക്കണമെന്ന് യൂറോപ്യന്‍ ആരോഗ്യ മന്ത്രിമാര്‍ ധാരണയിലെത്തി. ഇതു സംബന്ധിച്ച സംഗതികള്‍ വ്യക്തമാക്കുന്ന പ്രസ്താവനയും ഇയു കൗണ്‍സില്‍ പുറത്തിറക്കി.

ഇയു അംഗീകൃത വാക്സിന്റെ രണ്ട് ഡോസുകളുള്‍പ്പെട്ട പ്രൈമറി വാക്സിനേഷനെടുത്തവര്‍ക്കുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റിന് ഒമ്പത് മാസത്തേക്ക് സാധുതയുണ്ടെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കോവിഡ് പോസിറ്റീവായി സുഖം പ്രാപിച്ച് ആറ് മാസം വരെയുള്ളവര്‍ക്കും ക്വാറന്റൈനോ സെല്‍ഫ് ഐസോലേഷനോ ടെസ്റ്റോ ആവശ്യമില്ലെന്നും ഇയു കൗണ്‍സില്‍ വിശദീകരിച്ചു.

72 മണിക്കൂര്‍ മുമ്പെടുത്ത നെഗറ്റീവ് പിസിആര്‍, 24 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് ആന്റിജന്‍ പരിശോധനാ ഫലമോ ഉള്ളവരെയും ക്വാറന്റൈന്‍, സെല്‍ഫ് ഐസൊലേഷനില്‍ നിന്നും ഒഴിവാക്കണമെന്ന് കൗണ്‍സില്‍ പറഞ്ഞു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമോയെന്നതില്‍ അംഗരാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

എന്നാല്‍, മാള്‍ട്ടയില്‍ പ്രൈമറി ഡോസുകളുടെ കോവിഡ് സര്‍ട്ടിഫിക്കറ്റിന് മൂന്ന് മാസത്തേക്ക് മാത്രമേ സാധുതയുള്ളൂ. ബൂസ്റ്റര്‍ ഡോസോടുകൂടിയ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിനാണ് ഇവിടെ ഒമ്പത് മാസത്തെ സാധുതയുള്ളത്. എന്നിരുന്നാലും, മാള്‍ട്ടയില്‍ എത്തുന്നതിന് കുറഞ്ഞത് 14 ദിവസം മുമ്പെടുത്ത വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ രാജ്യം അംഗീകരിച്ചിട്ടുണ്ട്. വാക്സിനെടുക്കാത്ത യാത്രക്കാരെ മാള്‍ട്ട അനുവദിക്കുന്നുമില്ല.

Comments are closed.