head1
head2
head 3

യൂറോപ്പിലെ ഇന്ത്യക്കാരടക്കമുള്ള നോണ്‍ ഇ യൂ കാര്‍ക്ക്, അംഗരാജ്യങ്ങളിലേയ്ക്ക് റസിഡന്‍സിയും തൊഴിലും മാറ്റാന്‍ വഴിയൊരുക്കുന്ന നിയമം വരുന്നു

ബ്രസല്‍സ് : യൂറോപ്യന്‍ യൂണിയനില്‍ താമസിക്കുന്ന നോണ്‍ ഇയു പൗരന്മാര്‍ക്ക് റസിഡന്‍സിയും തൊഴിലും മറ്റും അംഗ രാജ്യങ്ങളിലേയ്ക്ക് മാറ്റാന്‍ കഴിയുന്ന വിധത്തില്‍ എമിഗ്രേഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പദ്ധതിയിടുകയാണ് ഇയു കമ്മീഷന്‍. ദീര്‍ഘ കാല റസിഡന്‍സി ഉള്ളവര്‍ക്കാണ് നിയമം ബാധകമാക്കാന്‍ നിര്‍ദേശമുള്ളത്.

ഈ ലക്ഷ്യം മുന്‍നിര്‍ത്തി നോണ്‍ ഇയു പൗരന്മാര്‍ക്കുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കും. അതോടെ നോണ്‍ ഇയു പൗരന്മാര്‍ക്ക് മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തേക്ക് മാറുന്നതിനും ജോലി ചെയ്യുന്നതും എളുപ്പമായേക്കും. ഇതു സംബന്ധിച്ച അന്തിമ പ്രപ്പോസല്‍ ഏപ്രില്‍ അവസാനത്തോടെയുണ്ടാകുമെന്നാണ് കരുതുന്നത്. ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള പ്രമേയത്തിന് അനകൂലമായി 2021ല്‍, യൂറോപ്യന്‍ പാര്‍ലമെന്റ് വോട്ട് ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ ദീര്‍ഘകാല റസിഡന്‍സി നേടുന്നതിനുള്ള കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്നായി കുറയ്ക്കണമെന്നായിരുന്നു ഇയു പാര്‍ലമെന്റ് തീരുമാനിച്ചത്. ഇതിനനുസൃതമായി നിയമം പരിഷ്‌കരിക്കാനും നോണ്‍ ഇയു പൗരന്മാര്‍ക്ക് മറ്റൊരു യൂറോപ്യന്‍ യൂണിയന്‍ രാജ്യത്തേക്ക് മാറുന്നത് സുഗമമാക്കാനുമാണ് കമ്മീഷന്‍ പദ്ധതിയിടുന്നത്.

ഇയുവില്‍ സ്ഥിരതാമസമാക്കിയ നോണ്‍ ഇയു പൗരന്മാരുടെ സമഗ്രമായ ഏകീകരണമാണ് ഈ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. തുല്യ പരിഗണനയും കുറഞ്ഞ തോതിലാണെങ്കിലും യാത്രാ അവകാശങ്ങളും ഉറപ്പാക്കാനും നിയമം ഉന്നമിടുന്നു. പദ്ധതി നടപ്പായാല്‍ പൗരത്വം മാറിയില്ലെങ്കിലും യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യത്തും ജോലി ചെയ്യാന്‍ ദീര്‍ഘകാല (long term) റസിഡന്‍സിയുള്ളവര്‍ക്ക് സാധ്യമാവും.

ഇയുവില്‍ താമസിക്കുന്ന നോണ്‍-ഇയു പൗരന്മാര്‍ക്ക് ദീര്‍ഘകാല റസിഡന്റ് പദവി നേടാനായാല്‍ മറ്റ് ഇയു രാജ്യങ്ങളിലേക്ക് ജോലിക്ക് മാറാനുള്ള അവകാശം പുതിയ നിയമം നല്‍കും. ഇയു പൗരന്മാര്‍ക്കുള്ള അതേ അവകാശം തന്നെയാണിത്. എന്നാല്‍ ഇയു പൗരനുള്ളതുപോലെ അനിയന്ത്രിത യാത്രാ സ്വാതന്ത്ര്യമുണ്ടാകില്ല എന്നാണ് കരടു രേഖകള്‍ സൂചിപ്പിക്കുന്നത്.

നിയമത്തിന്റെ പൊതു വ്യവസ്ഥകള്‍ ഇങ്ങനെ…

ഒരു ഇയു രാജ്യത്ത് കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും നിയമപരമായി ജീവിച്ചിരിക്കണം. ഈ കാലയളവില്‍ തുടര്‍ച്ചയായി ആറു മാസമോ ആകെ 10 മാസത്തില്‍ കൂടുതലോ സമയം വിട്ടുനില്‍ക്കാന്‍ പാടില്ല.

സാമൂഹികാനുകൂല്യങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവയെ ആശ്രയിക്കാതെ തന്നെ സ്വന്തം കുടുംബത്തെ പോറ്റാന്‍ സുസ്ഥിരമായ സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിച്ചിരിക്കണം.

റസിഡന്‍സ് പെര്‍മിറ്റിന്റെ സാധുതാ കാലാവധി കുറഞ്ഞത് അഞ്ച് വര്‍ഷമാണ്. ഓട്ടോമാറ്റിക്കായി പുതുക്കാനുമാകും. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഇയുവില്‍ നിന്ന് വിട്ടുനിന്നാല്‍ ദീര്‍ഘകാല റസിഡന്റ് പദവി നഷ്ടപ്പെടും.

നിയമം ട്രാക്കിലാകാന്‍…

ഈ നിയമം കര്‍മ്മപഥത്തിലെത്താന്‍ സമയമെടുത്തേക്കുമെന്നാണ് നിരീക്ഷണം. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പുതിയ നിയമങ്ങള്‍ അംഗീകരിക്കാനും പ്രായോഗത്തില്‍ വരുത്താനും മാസങ്ങളോ വര്‍ഷം തന്നെയോ എടുത്തേക്കാമെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഏകദേശം 3.1 മില്യണ്‍ മൂന്നാം രാജ്യ പൗരന്മാര്‍ക്കാണ് ഇയുവില്‍ 2017ല്‍ ഇയുവില്‍ ദീര്‍ഘകാല റസിഡന്‍സി പെര്‍മിറ്റുള്ളത്. എന്നാല്‍ കുറച്ച് നോണ്‍ ഇയു ദീര്‍ഘകാല റസിഡന്‍സി പെര്‍മിറ്റുകാര്‍ മാത്രമേ മറ്റ് ഇയു രാജ്യങ്ങളിലേക്ക് മാറാനുള്ള അവകാശം വിനിയോഗിക്കുന്നുള്ളൂ.

മിക്ക ഇയു അംഗരാജ്യങ്ങളും ദേശീയ പെര്‍മിറ്റുകള്‍ നല്‍കുന്നത് തുടരുന്നു എന്നതാണ് അതിന് കാരണമായി പറയുന്നത്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ അറിവില്ലായ്മകള്‍

പ്രായോഗിക നടപടിക്രമങ്ങളും സങ്കീര്‍ണ്ണതകളും കൈകാര്യം ചെയ്യുന്നതിനുള്ള സര്‍ക്കാരുകളിലെ ഉദ്യോഗസ്ഥരുടെ അറിവില്ലായ്മയുമെല്ലാം ഈ നിയമം നടപ്പിലാക്കുന്നതിലെ പ്രശ്നമാണ്. പരസ്പരമുള്ള ആശയവിനിമയത്തിന്റെ കുറവും വൈതരണിയാകുന്നുണ്ട്. പ്രാദേശിക തൊഴില്‍ വിപണിയില്‍ നിന്നും വൈദഗ്ധ്യമുള്ളവരെ കണ്ടെത്താന്‍ കഴിയാത്തതിനാലാണ് നോണ്‍ ഇയു പൗരന്മാരെ നിയോഗിക്കുന്നതെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും ചില രാജ്യങ്ങള്‍ തൊഴിലുടമകളോട് ആവശ്യപ്പെടുന്നത് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

അല്‍പ്പം ചരിത്രം…

യൂറോപ്യന്‍ കമ്മീഷന്‍ 2001ല്‍ എല്ലാ മൂന്നാം രാജ്യ പൗരന്മാര്‍ക്കും ജോലിക്കായി ഇയുലേക്ക് മാറുന്നതിന് പൊതുവായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ ഈ നിര്‍ദ്ദേശം നിരസിച്ചു. തുടര്‍ന്ന് ഇയു നിയമങ്ങളുടെ പരമ്പര തന്നെ ഇതുമായി ബന്ധപ്പെട്ടുണ്ടായി.

മുന്തിയ ശമ്പളം ലഭിക്കുന്ന, ഉയര്‍ന്ന വൈദഗ്ധ്യമുള്ള ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും ശാസ്ത്ര ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും സീസണല്‍ തൊഴിലാളികളുടെയും ഇന്‍ട്രാ കോര്‍പ്പറേറ്റ് ട്രാന്‍സ്ഫര്‍ ജോലിക്കാര്‍ക്കും മാത്രം ഉതകുന്നതായിരുന്നു ഇയു രാജ്യങ്ങള്‍ നിര്‍മ്മിച്ച നിയമങ്ങളിലേറെയും.

ഇയു പൗരന്മാരുടെ നോണ്‍ ഇയു കുടുംബാംഗങ്ങള്‍ക്കും പൊതുവായ നിയമങ്ങള്‍ ബാധകമായിരുന്നു താനും. എന്നിരുന്നാലും ഇക്കാര്യത്തില്‍ ഓരോ രാജ്യത്തെയും നിയമങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ റസിഡന്‍സിക്ക് അപേക്ഷിക്കുന്ന നോണ്‍ ഇയു പൗരന്മാരില്‍ ഭൂരിപക്ഷത്തിനും അവര്‍ അപേക്ഷിക്കുന്ന രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഈ നിയമത്തിലാണ് സമഗ്രമായ മാറ്റം വരുന്നത്.

Comments are closed.