head 3
head1
head2

റഷ്യന്‍ യുദ്ധക്കുറ്റകൃത്യങ്ങളെ അതിശക്തമായി അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

ബ്രസല്‍സ് : ഉക്രൈനില്‍ റഷ്യ നടത്തുന്ന മനുഷ്യക്കുരുതിയ്ക്കും നിയമ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായി പ്രതികരിച്ച് യൂറോപ്യന്‍ യൂണിയന്‍. ലക്ഷക്കണക്കിനാളുകളെ നിരാലംബരാക്കിയ യുദ്ധക്കെടുതികളെ ശക്തമായി അപലപിച്ച യൂറോപ്യന്‍ യൂണിയന്‍ നിരപരാധികള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെയും കിരാത പ്രവൃത്തികളേയും ഒന്നൊന്നായെടുത്തു പറഞ്ഞ് അതിശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. ഈ സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം റഷ്യന്‍ ഭരണകൂടത്തിനും പുടിനും മാത്രമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ പറഞ്ഞു.

അതിനിടെ, ഹേഗിലെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി ഉക്രൈയ്നിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച ക്രെംലിനെതിരെ ആഞ്ഞടിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പുടിനെ ‘യുദ്ധക്കുറ്റവാളി’ എന്ന് ആക്ഷേപിച്ചിരുന്നു.

റഷ്യന്‍ സായുധ സേനയും കക്ഷികളും ഉക്രൈയ്നിലെ സാധാരണക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ കണ്ണില്ലാത്ത ആക്രമണമാണ് നടത്തുന്നതെന്ന് ബോറെല്‍ പ്രസ്താവനയില്‍ പറഞ്ഞു. തുടര്‍ച്ചയായി മരിയുപോള്‍ നഗരത്തെ വളഞ്ഞുവെച്ച് ആക്രമിക്കുന്നതിനെയും യൂറോപ്യന്‍ യൂണിയന്‍ ശക്തമായി അപലപിച്ചു.

കെട്ടിടത്തിനു പുറത്ത് റഷ്യന്‍ ഭാഷയില്‍ ‘കുട്ടികള്‍’ എന്ന് പലയിടത്തും ബോര്‍ഡുകള്‍ എഴുതിവെച്ചിട്ടും നൂറുകണക്കിന് ആളുകള്‍ അഭയം തേടിയ മരിയുപോളിലെ ഒരു തിയേറ്ററില്‍ റഷ്യ ബോംബാക്രമണം നടത്തിയെന്ന് ഉക്രൈന്‍ ആരോപിച്ചിരുന്നു. 30,000 ആളുകള്‍ക്കാണ് അവിടെ ഗതാഗത സൗകര്യം നഷ്ടപ്പെട്ടത്. 80% ഓളം ആളുകളുടെ വീടുകളും മറ്റും നശിച്ചു.

സിവിലിയന്‍മാര്‍ക്കെതിരായ ബോധപൂര്‍വമായ ആക്രമണങ്ങള്‍ ലജ്ജാകരവും അപലപനീയവും തികച്ചും അസ്വീകാര്യവുമാണ്. അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ഗുരുതരമായ ലംഘനവുമാണ്- ബോറെല്‍ പറഞ്ഞു. ”മൂന്നാമതൊരു രാജ്യത്തിന്മേല്‍ ഏകപക്ഷീയമായ ബലപ്രയോഗം നടത്താന്‍ അന്താരാഷ്ട്ര നിയമപ്രകാരം റഷ്യയ്ക്ക് അവകാശമില്ല.സൈനിക ആക്രമണത്തിന്റെയും അത് ഉണ്ടാക്കുന്ന എല്ലാ നാശങ്ങളുടെയും ജീവഹാനിയുടെയും പൂര്‍ണ്ണ ഉത്തരവാദിത്തം റഷ്യയ്ക്ക് മാത്രമാണ്” ബോറെല്‍ പറഞ്ഞു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഒരു ‘യുദ്ധ കുറ്റവാളി’ ആയി പ്രഖ്യാപിക്കണമെന്ന് ഉക്രൈയ്‌നിന്റെ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് യൂറോപ്യന്‍ യൂണിയന്‍ നിയമനിര്‍മ്മാതാക്കളോട് ആഹ്വാനം ചെയ്തിരുന്നു. മോസ്‌കോയുടെ സേനയ്‌ക്കെതിരെ പോരാടുന്നതിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സ്പാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/BgcwBGkXndt5fu1IlCzdHp

Comments are closed.