head 3
head2
head1

വിമാന സര്‍വീസുകള്‍ നിയന്ത്രിക്കണമെന്ന എയര്‍പോര്‍ട്ടിന്റെ ആവശ്യം തള്ളി; ഹീത്രു ഓപ്പറേഷന്‍ വെട്ടിക്കുറയ്ക്കില്ലെന്ന് വ്യക്തമാക്കി എമിറേറ്റ്സ്

ലണ്ടന്‍ : നിയമനടപടികളുണ്ടാകുമെന്ന ഭീഷണിക്കിടയിലും ഹീത്രൂ വിമാനത്താവളത്തിലേക്ക് ദിവസേനയുള്ള ആറ് വിമാനങ്ങള്‍ തുടരാന്‍ ദൂബായ് സര്‍ക്കാര്‍ സ്ഥാപനമായ എമിറേറ്റ്സ് തീരുമാനം. ദിവസവും ആറ് ഫ്ളൈറ്റുകളാണ് എമിറേറ്റ്സ് സര്‍വീസ് നടത്തുന്നത്.

ജീവനക്കാരുടെ കുറവു മൂലം ഹീത്രുവില്‍ തിരക്ക് നിയന്ത്രണാതീതമാണ്. ഇതിനെ തുടര്‍ന്ന് ചില സമ്മര്‍ ഫ്ളൈറ്റുകളിലെ ടിക്കറ്റുകള്‍ വില്‍ക്കുന്നത് നിര്‍ത്തണമെന്ന് എമിറേറ്റ്സ് കമ്പനിയോട് എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇത് അവഗണിച്ചാണ് എമിറേറ്റ്സ് തീരുമാനം.

എയര്‍ബസ് എ380 സൂപ്പര്‍ജംബോ ഉപയോഗിച്ച് നടത്തുന്ന ആറ് പ്രതിദിന ഫ്‌ളൈറ്റ് സര്‍വീസുകളുടെ ശേഷി കുറയ്ക്കണമെന്ന് എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചു. ഫ്ളൈറ്റുകള്‍ കുറച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എയര്‍പ്പോര്‍ട്ടധികൃതര്‍ സൂചിപ്പിച്ചിരുന്നു.

ജീവനക്കാരുടെ കുറവ് പ്രശ്‌നമായതോടെയാണ് യാത്രികരുടെ എണ്ണം കുറയ്ക്കാന്‍ എയര്‍പോര്‍ട്ട് തീരുമാനിച്ചത്. പ്രതിദിന യാത്രക്കാരുടെ എണ്ണം 100,000 ആയി പരിമിതപ്പെടുത്തുന്നതിനായിരുന്നു തീരുമാനം. ഇതു സംബന്ധിച്ച് വിവിധ എയര്‍ലൈനുകളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും വിജയിച്ചില്ല. അതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ വിമാനത്താവളം നിര്‍ബന്ധിതമായത്.

എന്നാല്‍, ഹീത്രൂവില്‍ നിന്നും ഷെഡ്യൂള്‍ ചെയ്ത പ്രകാരം തന്നെ സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുമെന്ന് എമിറേറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ദീര്‍ഘദൂര ജെറ്റ് വിമാനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഓപ്പറേറ്ററാണ് എമിറേറ്റ്സ്. ഇതിന്റെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹബ്ബുകളിലൊന്നാണ് ഹീത്രൂ.

Comments are closed.