head2
head1
head 3

അനിശ്ചിതത്വത്തിന് വിട; ട്വിറ്റര്‍ എലോണ്‍ മസ്‌കിന്റെ കൈകളിലേയ്ക്ക്

വില്‍പ്പന ട്വിറ്റര്‍ സ്ഥിരീകരിച്ചു; ഇടപാട് 44 ബില്യണ്‍ ഡോളറിന്

വാഷിംഗ്ടണ്‍ : അനിശ്ചിതത്വത്തിന് വിട നല്‍കി ട്വിറ്റര്‍ എലോണ്‍ മസ്‌കിന്റെ കൈകളിലേയ്ക്ക്. 44 ബില്യണ്‍ ഡോളറിന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം മസ്‌കിന് വില്‍ക്കുന്നതായി ട്വിറ്റര്‍ സ്ഥിരീകരിച്ചു. ഈ ഇടപാട് പൂര്‍ത്തിയാകുന്നതോടെ ലക്ഷക്കണക്കിന് ഉപയോക്താക്കളും ആഗോള നായകരും ഉള്‍ക്കൊള്ളുന്ന വമ്പന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ നിയന്ത്രണം ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിക്ക് സ്വന്തമാകും.

2013 മുതല്‍ നിലനില്‍ക്കുന്ന പബ്ലിക് കമ്പനി എന്ന പദവിയും ട്വിറ്ററിന് നഷ്ടമാകും. അതിനിടെ, ഈ ഏറ്റെടുക്കല്‍ വാര്‍ത്തയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഓഹരി വില 6% ഉയര്‍ന്നു.

എലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നുവെന്ന് കഴിഞ്ഞ മാസം മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് ഇദ്ദേഹം നടത്തിയ പ്രസ്താവനകളും ചില ഭീഷണികളുമൊക്കെ ആ നീക്കത്തെ മന്ദഗതിയിലാക്കി. മസ്‌ക് ഏറ്റെടുക്കുന്നതിനെ തടയുന്നതിന് ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് തന്ത്രപരമായ നീക്കങ്ങള്‍ നടത്തി. അതിനിടെ മസ്‌ക് ഓഹരി ഉടമകളുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ ബോര്‍ഡിനെ സമ്മര്‍ദ്ദത്തിലുമാക്കി. മസ്‌ക് തന്റെ ഓഫറിന്റെ സാമ്പത്തിക ഇടപാടിന്റെ വിശദാംശങ്ങള്‍ വിവരിച്ചുകൊണ്ട് ട്വിറ്റര്‍ ഓഹരി ഉടമകളെ ആകര്‍ഷിക്കുകയായിരുന്നു. ഒടുവില്‍ മസ്‌കുമായി ഇടപാട് നടത്താന്‍ നാടകീയമായ നീക്കത്തിലൂടെ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ഈ മാസം ആദ്യം അദ്ദേഹം സ്ഥാപനത്തിന്റെ നല്ലൊരു ശതമാനം ഓഹരികളും സ്വന്തമാക്കിയിരുന്നു. അതിനു ശേഷം കഴിഞ്ഞ ആഴ്ച ഏകദേശം 46.5 ബില്യണ്‍ ഡോളര്‍ ധനസഹായവും ട്വിറ്ററിന് ഓഫര്‍ ചെയ്തിരുന്നു. ഓഹരിക്ക് 54.20 ഡോളര്‍ വിലയിട്ടാണ് മസ്‌ക് ട്വിറ്റിനെ ഏറ്റെടുത്തത്.

മൂല്യം, ഉറപ്പ്, ധനസഹായം എന്നിവ മുന്‍നിര്‍ത്തിയാണ് എലോണ്‍ മസ്‌കിന്റെ നിര്‍ദ്ദേശം സ്വീകരിച്ചതെന്ന് ട്വിറ്റര്‍ ബോര്‍ഡ് ചെയര്‍ ബ്രെറ്റ് ടെയ്‌ലര്‍ പറഞ്ഞു. ഈ ഇടപാട് ട്വിറ്ററിന്റെ ഓഹരി ഉടമകള്‍ക്ക് ഏറ്റവും മികച്ച ക്യാഷ് പ്രീമിയം നല്‍കുമെന്ന് വിശ്വസിക്കുന്നതായും ഇദ്ദേഹം പറഞ്ഞു.

സ്വതന്ത്രമായ അഭിപ്രായപ്രകടനമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്ന് സംയുക്ത പ്രസ്താവനയില്‍ എലോണ്‍ മസ്‌ക് പറഞ്ഞു.

ട്വിറ്ററിലേയ്ക്കില്ലെന്ന് ട്രംപ്

അക്കൗണ്ട് പുനസ്ഥാപിച്ചാലും ട്വിറ്ററിലേക്ക് മടങ്ങില്ലെന്ന് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ സ്വന്തം ട്രൂത്ത് സോഷ്യല്‍ സ്റ്റാര്‍ട്ടപ്പില്‍ ഔദ്യോഗികമായി ചേരുമെന്ന് ട്രംപ് പറഞ്ഞു. ”ട്വിറ്ററിലേയ്ക്ക് മടങ്ങുന്നില്ല, ട്രൂത്തില്‍ തുടരുകയാണ്. എലോണ്‍ ട്വിറ്റര്‍ സ്വന്തമാക്കും. അദ്ദേഹം അത് മെച്ചപ്പെടുത്തും. കാരണം മസ്‌ക് നല്ല മനുഷ്യനാണ്. എന്നിരുന്നാലും ട്രൂത്തില്‍ തുടരാനാണ് താല്‍പ്പര്യം,” ട്രംപ് പറഞ്ഞു.

Comments are closed.