head 3
head1
head2

എലിസബത്ത് ബോണ്‍ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രി

1992നു ശേഷം ഫ്രാന്‍സിന്റെ ആദ്യ വനിത പ്രധാനമന്ത്രിയാണ് എലിസബത്ത് ബോണ്‍

ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി തൊഴില്‍ മന്ത്രി എലിസബത്ത് ബോണിനെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചു. 30 വര്‍ഷത്തിനിടെ ഫ്രഞ്ച് ഗവണ്‍മെന്റിന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയാണ് 61 കാരിയായ എലിസബത്ത് ബോണ്‍.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് അടക്കം തൊഴില്‍മേഖലയില്‍ മാക്രോണ്‍ വാഗ്ദാനം ചെയ്ത പരിഷ്‌കരണ നടപടികള്‍ക്കു ശക്തമായ പിന്തുണയാണു സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ബോണ്‍ നല്‍കിയത്. യൂണിയനുകളുമായി വിവേകത്തോടെ ചര്‍ച്ചകള്‍ നടത്താന്‍ കഴിവുള്ള ഒരു സാങ്കേതിക വിദഗ്ധ കൂടിയാണ് ഇവര്‍. 2019ല്‍ പരിസ്ഥിതി മന്ത്രിയായിരുന്നു.

സ്ഥാനമൊഴിയുന്ന ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്സ് തന്റെ രാജിക്കത്ത് നേരത്തെ പ്രസിഡന്റിന് കൈമാറിയിരുന്നു. കഴിഞ്ഞ മാസം മാക്രോണ്‍ തന്റെ രണ്ടാം അഞ്ച് വര്‍ഷത്തെ കാലാവധിയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കാസ്റ്റെക്സിന്റെ രാജി പ്രതീക്ഷിച്ചിരുന്നു.

‘നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക് പിന്നാലെ പോകൂ എന്ന് പറഞ്ഞുകൊണ്ട് എല്ലാ കൊച്ചു പെണ്‍കുട്ടികള്‍ക്കും ഈ നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു!’ നമ്മുടെ സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനത്തിനായുള്ള പോരാട്ടത്തെ ഒന്നും തടയരുത്,” നിയമനത്തിന് ശേഷം ബോണ്‍ പ്രതികരിച്ചു.

മാക്രോണും ബോണും വരും ദിവസങ്ങളില്‍ പുതിയ ഫ്രഞ്ച് സര്‍ക്കാരിനെ നിയമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Comments are closed.