head 3
head2
head1

ത്രില്ലര്‍ മത്സരത്തില്‍ വിന്‍ഡീസിനെതിരെ എട്ട് റണ്‍സിന്റെ വിജയം; ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് എട്ട് റണ്‍സ് ജയം. 187 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനായി നിക്കോളാസ് പൂരനും റോമാന്‍ പവലും ഉജ്വല ബാറ്റിംഗ് വെടിക്കെട്ട് നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. ആദ്യ മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയുടെയും സൂര്യ കുമാര്‍ യാദവിന്റെയും മികവില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു.

രണ്ടാം ടി 20യില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് അടിച്ചെടുത്തു. ഇന്ത്യക്ക് വേണ്ടി വിരാട് കോഹ്ലിയും റിഷഭ് പന്തും അര്‍ദ്ധ സെഞ്ചുറി നേടി. ഓപ്പണര്‍മാരായ കാപ്റ്റന്‍ രോഹിത് ശര്‍മ 19 റണ്‍സും ഇഷാന്‍ കിഷന്‍ രണ്ട് റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ മൂന്നാം സ്ഥാനത്തിറങ്ങിയ മുന്‍ നായകന്‍ കോഹ്ലി 41 പന്തില്‍ 52 റണ്‍സ് നേടി. ചെറിയ സ്‌കോറില്‍ ഒതുങ്ങും എന്ന് കരുതിയടുത്തു നിന്ന് റിഷഭ് പന്തും (28 പന്തില്‍ നിന്ന് 52 റണ്‍സ്) വെങ്കടേശ് അയ്യരും (33 റണ്‍സ്) ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിതമാക്കി. വിന്‍ഡീസിന് വേണ്ടി ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റോസ്റ്റണ്‍ ചേസ് ഇന്നത്തെ മത്സരത്തില്‍ മൂന്ന് വിക്കറ്റെടുത്തു. ഷെല്‍ഡ്രണ്‍ കോട്ട്രെലും റൊമാരിയോ ഷെഫേഡും ഓരോ വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് മാത്രമാണ് നേടാനായത്. നിക്കോളാസ് പൂരനും റോമന്‍ പവലും അര്‍ദ്ധസെഞ്ചുറി നേടി. നിക്കോളാസ് പൂരന്‍ 41 പന്തില്‍ നിന്ന് 62 റണ്‍സ് നേടി പുറത്തായി. റോമന്‍ പവ്വല്‍ 36 പന്തില്‍ നിന്ന് പുറത്താകാതെ 68 റണ്‍സ് നേടി. പവ്വലിന്റെ പവര്‍ ഹിറ്റിങ്ങിന് മുന്‍പില്‍ ഇന്ത്യ മുട്ടുമടക്കുമെന്ന് കരുതിയ സമയത്താണ് ഡെത്ത് ബൗളിങ്ങില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മിന്നും പ്രകടനം പുറത്തെടുത്തത്. അതില്‍ എടുത്തുപറയേണ്ടത് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന്റെ 19-ാം ഓവറാണ്. വിന്‍ഡീസിന് ജയിക്കാന്‍ രണ്ട് ഓവറില്‍ 29 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് വെറും നാല് റണ്‍സ് മാത്രമാണ് ഭുവനേശ്വര്‍ ആ ഓവറില്‍ വിട്ടു നല്‍കിയത്. അതില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരുന്ന പൂരന്റെ വിക്കറ്റും ഉള്‍പെടും. ഭുവനേശ്വര്‍ കുമാറും യൂസ്വേന്ദ്ര ചാഹലും രവി ബിഷ്‌ണോയിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഏകദിനത്തിനു പിന്നാലെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ഇന്ത്യന്‍ സമയം ഞായറാഴ്ച (ഫെബ്രുവരി 20) വൈകീട്ട് ഏഴിനാണ് പരമ്പരയിലെ അവസാന മത്സരം.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.