head1
head2
head 3

പണപ്പെരുപ്പം പ്രശ്നമാണ്… ഒടുവില്‍ ഇസിബിയും അംഗീകരിച്ചു

ബ്രസല്‍സ് : കുതിയ്ക്കുന്ന പണപ്പെരുപ്പത്തെ അംഗീകരിച്ച് നയസമീപനങ്ങളില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗവേണിംഗ് കൗണ്‍സില്‍ തീരുമാനം. പണപ്പെരുപ്പം രണ്ട് ശതമാനത്തിന് താഴെയായിരിക്കുമെന്ന് എപ്പോഴും വാദിച്ചിരുന്ന ലോകത്തിലെ സെന്‍ട്രല്‍ ബാങ്കുകളിലൊന്നാണ് ഇസിബി. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ കെടുതികള്‍ ഒരിക്കലും ഇസിബി മുന്‍കൂട്ടി കാണുകയോ പ്രായോഗിക സമീപനം സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന യോഗം, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തിന്റെ അപകടസാധ്യതകള്‍ അംഗീകരിച്ചു.

യൂറോ മേഖലയിലെ പണപ്പെരുപ്പം ജനുവരിയില്‍ 5.1 ശതമാനമെന്ന ചരിത്ര റെക്കോഡിലെത്തിയിരുന്നു. ഊര്‍ജച്ചെലവിലുണ്ടായ ഇരട്ട അക്ക വര്‍ധനവാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണമായത്. പണപ്പെരുപ്പം കണക്കാക്കുന്നതിന് ഉപയോഗിച്ചിരുന്ന 10 ഇനങ്ങളില്‍ ആറെണ്ണത്തിന്റെ വിലയും കഴിഞ്ഞ വര്‍ഷം ഉയര്‍ന്നിരുന്നു.എന്നാല്‍ അതൊന്നും അംഗീകരിക്കാന്‍ ഇസിബി തയ്യാറായിരുന്നില്ല.

നയം മാറ്റത്തിന് പിന്നില്‍

പാന്‍ഡെമക്കില്‍ നിന്ന് മോചനം നേടിതൊഴില്‍ വിപണി ദ്രുതഗതിയില്‍ തിരിച്ചുവന്നതും സെന്‍ട്രല്‍ ബാങ്കിന്റെ നയ മാറ്റത്തിന് കാരണമായി. യൂറോസോണിലെ തൊഴിലില്ലായ്മ 7 ശതമാനമായി കുറഞ്ഞ് റെക്കോര്‍ഡിലെത്തിയിരുന്നു. യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ എക്കാലത്തെയും കുറഞ്ഞ നിരക്കായ14.9 ശതമാനത്തിലുമെത്തിയിരുന്നു.

വിപണികളിലെ പലിശനിരക്ക് ഈ വര്‍ഷം വര്‍ധിക്കാന്‍ വിസമ്മതിച്ച് യുഎസ് ഫെഡറല്‍ റിസര്‍വ്വ് ചെയര്‍മാന്‍ ജെറോം പവല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് വില്‍പ്പനയ്ക്ക് തുടക്കമിട്ടതും ഇസിബിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് മൂന്ന് മാസത്തിനുള്ളില്‍ രണ്ടാം തവണയും നിരക്കുകള്‍ ഉയര്‍ത്തിയത് മറ്റൊരു കാരണമായി.

ബാങ്കിന്റെ മോണിറ്ററി പോളിസിയില്‍ വഴിത്തിരിവുണ്ടാക്കുമെന്ന് പ്രസിഡന്റ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷം പണപ്പെരുപ്പനിരക്ക് വര്‍ദ്ധനയുടെ സാധ്യത തള്ളിക്കളയുന്നില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

നയംമാറ്റത്തിന്റെ പ്രതികരണം വിപണിയിലും

ബാങ്കിന്റെ നയമാറ്റം ഉടന്‍ വിപണിയിലും വന്‍ പ്രതികരണമുണ്ടാക്കി. മീറ്റിംഗിന് മുമ്പ് 28 ബേസിസ് പോയിന്റിലായിരുന്ന വിപണി 50 ബേസിസ് പോയിന്റായി ഉയര്‍ന്നു. ഡോളറിനെതിരെ യൂറോ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലുമെത്തി. 2015നു ശേഷമുള്ള നിലയിലേക്ക് 2 വര്‍ഷത്തെ ജര്‍മ്മന്‍ ബണ്ട് ഈല്‍ഡും കുത്തനെ ഉയര്‍ന്നു.

എന്നിരുന്നാലും, അസറ്റ് വാങ്ങലുകള്‍, കടം വാങ്ങുന്നതിനുള്ള ചെലവ് തുടങ്ങിയ ഇസിബിയുടെ മറ്റ് നയങ്ങളിലൊന്നും മാറ്റമുണ്ടാകില്ലെന്ന് ലഗാര്‍ഡ് പറഞ്ഞു. മാര്‍ച്ചിലെ യോഗമാകും ഇക്കാര്യത്തില്‍ നിര്‍ണായകമാവുകയെന്നും ലഗാര്‍ഡ് സൂചിപ്പിച്ചു.

Comments are closed.