head 3
head2
head1

അനധികൃത കുടിയേറ്റം കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയമെന്ന് ഇസിഎ

യൂറോപ്പിലെത്തുന്ന അഞ്ചിലൊരു കുടിയേറ്റക്കാരന്‍ പോലും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നില്ല

ബ്രസല്‍സ് : അനധികൃത കുടിയേറ്റക്കാരെ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ ഗുരുതരമായ വീഴ്ച വരുത്തുന്നതായി കോര്‍ട്ട് ഓഫ് ഓഡിറ്റേഴ്‌സ് (ഇസിഎ) റിപ്പോര്‍ട്ട്. ഈ വിഷയത്തിലെ കാര്യക്ഷമതയില്ലായ്മ അനധികൃത കുടിയേറ്റത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

അനധികൃതമായ മാര്‍ഗ്ഗങ്ങളിലൂടെ ഇ.യു രാജ്യങ്ങളിലെത്തുന്നവരെ സുരക്ഷിതമായി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ ഇക്കാര്യത്തില്‍ കാര്യക്ഷമമായല്ല പ്രവര്‍ത്തിക്കുന്നത്. ഇ.യു ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

അഞ്ച് ലക്ഷം യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാരാണ് ഓരോ വര്‍ഷവും യൂറോപ്യന്‍ യൂണിയനില്‍ അനധികൃതമായി കടന്നു കൂടുന്നത്. ഇവര്‍ പുറത്തുപോകണമെന്ന് യൂണിയന്‍ ഉത്തരവിടുന്നു, എന്നാല്‍ ഇങ്ങനെയെത്തുന്ന അഞ്ചിലൊരാള്‍ പോലും സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുന്നില്ലെന്ന് ഇസിഎ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അനധികൃത കുടിയേറ്റത്തെ സഹായിക്കുന്ന നിലപാട്

മുന്‍ പരിസ്ഥിതി മന്ത്രിയും ഇസിഎ അംഗവുമായ ലിയോ ബ്രിന്‍കാറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇ.യു വിന്റെ കുടിയേറ്റ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന്റെ പോരായ്മകള്‍ വിവരിക്കുന്നത്. ഈ വിഷയത്തിലെ യൂറോപ്യന്‍ യൂണിയന്റെ നിരുത്തരവാദപരമായ സമീപനം അനധികൃത കുടിയേറ്റത്തെ സഹായിക്കുകയാണെന്ന് ബ്രിന്‍കാറ്റ് കുറ്റപ്പെടുത്തുന്നു.

കുടിയേറ്റക്കാരുടെ സ്വന്തം രാജ്യവുമായി സഹകരിച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് ആത്മാര്‍ഥമായ ശ്രമമില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇക്കാര്യം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ആറ് രാജ്യങ്ങളുമായി ഔപചാരികമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ നിയമപരമായി 18 പുനപ്രവേശന കരാറുകള്‍ അവസാനിപ്പിക്കുന്ന നിലയുണ്ടാകുന്നു. ഇത്തരത്തില്‍ വ്യവസ്ഥകളില്ലാതെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്.

യൂറോപ്യന്‍ യൂണിയന് ഒരേ സ്വരമില്ല

യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളോട് ഒത്തുപോകാനുള്ള കഴിവിന്റെ അഭാവമാണ് എടുത്തുപറയേണ്ട മറ്റൊരു ദൗര്‍ബല്യം. നോണ്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് എപ്പോഴും ഒരേ ശബ്ദത്തോടെ സംസാരിക്കാന്‍ ഇ.യുവിനാകുന്നില്ല – റിപ്പോര്‍ട്ട് പറയുന്നു.

യൂറോപ്യന്‍ കമ്മീഷന്‍ പുനരധിവാസത്തിനും വികസനത്തിനുമുള്ള പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെങ്കിലും, അതിനനുസൃതമായി മറ്റ് നയങ്ങള്‍ രൂപപ്പെടുത്തുന്നില്ല. അനധികൃത കുടിയേറ്റം തടയുന്നതിന് ഒട്ടേറെ ആയുധങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ പക്കലുണ്ട്. എന്നിട്ടും ഇ.യു വിസ നയമല്ലാതെ മറ്റൊന്നും ഇക്കാര്യത്തില്‍ ഇ.യു സ്വീകരിക്കുന്നില്ല. അതിന്റെ പുതുക്കിയ വ്യവസ്ഥകള്‍ യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളെ പുനപ്രവേശനത്തിന് സഹകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതുമാണ്. അതിനാല്‍ അനധികൃത കുടിയേറ്റ പ്രശ്‌നം പരിഹാരമില്ലാതെ നീളുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

Comments are closed.