head1
head 3
head2

യൂറോപ്പിലെ നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു

ബ്രസല്‍സ് : ശമ്പള വര്‍ധനവും മികച്ച തൊഴില്‍ അന്തരീക്ഷവും ആവശ്യപ്പെട്ട് റയ്നെയര്‍ ജീവനക്കാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് യൂറോപ്പിലേയ്ക്കുള്ള നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി. ഇതോടെ നൂറുകണക്കിന് യാത്രികര്‍ വലഞ്ഞു. ബെല്‍ജിയം, സ്പെയിന്‍, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ക്യാബിന്‍ ജീവനക്കാരാണ് പണിമുടക്കിയത്. മൂന്നു ദിവസത്തെ പണിമുടക്കിനാണ് യൂണിയനുകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

പണിമുടക്ക് ഇന്നും തുടരും

ഫ്രാന്‍സിലെയും ഇറ്റലിയിലെയും ജീവനക്കാരും വാരാന്ത്യത്തില്‍ പണിമുടക്കുകയാണ്. സ്പെയിനിലെ ജീവനക്കാര്‍ ജൂണ്‍ 30നും ജൂലൈ ഒന്ന്, രണ്ട് തീയതികളിലും വീണ്ടും പണിമുടക്കാന്‍ ഒരുങ്ങുകയാണ്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിവിധ എയര്‍ലൈനുകളിലെ തൊഴിലാളികളും ഈ സമ്മറില്‍ പണിമുടക്കിന് പദ്ധതിയിടുന്നുണ്ട്.

യൂറോപ്പിലുടനീളം കുതിച്ചുയരുന്ന പണപ്പെരുപ്പം ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ രംഗത്തുവന്നത്.

മിനിമം വേജസ് അടക്കമുള്ള തൊഴില്‍ നിയമങ്ങളെ റയ്നെയര്‍ മാനിക്കുന്നില്ലെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുന്നു. തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ഇവ ആവശ്യപ്പെടുന്നു. ക്രൂ അംഗത്തിന് ഒരു കുപ്പി വെള്ളം പോലും എടുക്കാന്‍ അനുവാദമില്ലാത്ത ദുരവസ്ഥയാണ് വിമാനത്തിലെന്ന് പോര്‍ച്ചുഗലിലെ യൂണിയനായ എസ്എന്‍പിവിഎസിയുടെ പ്രസിഡന്റ് റിക്കാര്‍ഡോ പെനാറോയസ് പറഞ്ഞു.

അതേസമയം, 3,000 വിമാനങ്ങളില്‍ 2 ശതമാനത്തില്‍ താഴെ എണ്ണത്തെ മാത്രമേ സമരം ബാധിച്ചിട്ടുള്ളൂവെന്ന് റയ്നെയര്‍ അവകാശപ്പെട്ടു. ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, യുകെ, ഫ്രാന്‍സ് അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഭൂരിഭാഗം ജീവനക്കാരും സാധാരണപോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കമ്പനി വിശദീകരിച്ചു.

മാര്‍സെയിലിലെ ഫ്രഞ്ച് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററില്‍ രണ്ട് ദിവസത്തെ പണിമുടക്ക് കാരണം ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നിവിടങ്ങളില്‍ ഇന്നും നാളെയും യാത്രകളില്‍ ചില തടസ്സങ്ങള്‍ പ്രതീക്ഷിക്കുന്നതായും കമ്പനി പറഞ്ഞു.

യൂറോപ്പിലുടനീളമുള്ള എയര്‍ലൈനുകളും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരും യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരുടെ ക്ഷാമം നേരിടുന്നതിനിടെയാണ് ജീവനക്കാരുടെ പണിമുടക്ക് വന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ചതോടെ യാത്രക്കാരുടെ തിരക്കും ഏറുകയാണ്.

Comments are closed.