head 3
head1
head2

യൂറോപ്പില്‍ അമേരിക്കയുടെ ഒരു ലക്ഷം സൈനികര്‍, പക്ഷെ ഉക്രെയ്നില്‍ ആരും പോകില്ല..!

കീവ് : മുട്ടനാടുകളെ കൂട്ടിയിടിപ്പിച്ച് രക്തം കുടിച്ചു വയറുനിറച്ച കുറുക്കന്റെ റോളാണോ ലോക പോലീസുകാരനെന്ന് സ്വയം ചമയുന്ന അമേരിക്കയുടെ റോളെന്ന ചോദ്യമുയരുന്നു. യുദ്ധത്തിന്റെ പേരില്‍ യൂറോപ്പില്‍ സൈനിക സാന്നിധ്യമുറപ്പിക്കുകയും ആയുധക്കച്ചവടം പൊലിപ്പിക്കുകയുമാണ് യുഎസ് ചെയ്യുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പോളണ്ടിലടക്കം ഒട്ടേറെ രാജ്യങ്ങളില്‍ അമേരിക്ക താവളം ഉറപ്പിച്ചു കഴിഞ്ഞതുമൊക്കെ ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉക്രെയ്നിന് നേരെ റഷ്യന്‍ ബോംബറുകള്‍ പാഞ്ഞടുത്തപ്പോള്‍ 7,000 സൈനികരെ അധികമായി യൂറോപ്പിലേയ്ക്ക് നിയോഗിക്കുകയായിരുന്നു അമേരിക്ക ചെയ്തത്. എന്തുകൊണ്ടാണ് ഈ സൈനികരെ ഉക്രെയ്നിലേയ്ക്ക് വിടാത്തതെന്ന ചോദ്യം അപ്പോഴേ ഉയര്‍ന്നിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അനുവദിക്കാത്തതു കൊണ്ടാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് 14000 സൈനികരെ കൂടി യൂറോപ്പിലക്കേയച്ചു. അതോടെ യൂറോപ്പിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം ഏകദേശം 100,000 ആയി. നാറ്റോ അംഗങ്ങള്‍ക്കു നേരെ പുടിന്‍ എന്തെങ്കിലും നീക്കം നടത്തിയാല്‍ ചെറുക്കാനാണിതെന്നാണ് വിശദീകരണം. നാറ്റോ സഖ്യകക്ഷികള്‍ക്ക് പിന്തുണ നല്‍കാനെന്ന പേരില്‍ ഈ ആഴ്ച ആറ് എഫ് -35 യുദ്ധവിമാനങ്ങളും മറ്റ് യുദ്ധവിമാനങ്ങളും പെന്റഗണ്‍ കിഴക്കന്‍ യൂറോപ്പിലേക്ക് മാറ്റിയിരുന്നു.

മിണ്ടാതിരുന്ന് നിരീക്ഷണം മാത്രം !

റഷ്യന്‍ അധിനിവേശത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉക്രെയ്‌നില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ സൈനിക സൗകര്യങ്ങള്‍ക്കും ഉക്രേനിയന്‍ വ്യോമ പ്രതിരോധ സംവിധാനത്തിനുമെതിരെ 160 -ലധികം വ്യോമാക്രമണങ്ങള്‍ നടത്തി കഴിഞ്ഞു. ഉക്രേനിയന്‍ സൈന്യത്തെക്കാള്‍ വലിപ്പമുള്ള മൂന്ന് റഷ്യന്‍ സേനകള്‍ ഉക്രെയ്‌നിലെ മൂന്ന് നഗരങ്ങളിലേക്ക് അതിവേഗമാണ് എത്തിയത്. കിഴക്ക് ഖാര്‍കിവ്, തെക്ക് കെര്‍സണ്‍, തലസ്ഥാനമായ കീവ് എന്നിവിടങ്ങളില്‍ ആധിപത്യം പിടിച്ചെടുക്കാനായിരുന്നു അവരുടെ ലക്ഷ്യം.

നാറ്റോ രാജ്യങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് അമേരിക്ക പറയുന്നത്. അതുകൊണ്ട് തന്നെ ഉക്രൈനിലെ ജനങ്ങളുടെ പ്രശ്നത്തില്‍ നേരിട്ടിടപെടാനുള്ള യാതൊരു ഉദ്ദേശ്യവും അമേരിക്കയ്ക്കില്ലതാനും.

അമേരിക്കന്‍ സേനയെ വരവേല്‍ക്കുന്ന പോളണ്ട്

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും ഫേസ്ബുക്കില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://www.facebook.com/Danish-Malayali-102072102248627/

Comments are closed.