head1
head 3
head2

വിവാദ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് പദ്ധതി; തീര്‍പ്പിന് കാത്ത് മാള്‍ട്ട

വലേറ്റ : സമ്പന്നരെ പൗരത്വം വാങ്ങാന്‍ അനുവദിക്കുന്ന മാള്‍ട്ടയുടെ വിവാദ ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് പദ്ധതിയില്‍ യൂറോപ്യന്‍ കമ്മീഷനുമായി എഴുത്തുകുത്തുകള്‍ തുടരുന്നു. ഗോള്‍ഡന്‍ പാസ്‌പോര്‍ട്ട് പദ്ധതിയുടെ നടപടിക്രമങ്ങള്‍ നിര്‍ത്തലാക്കുന്നതിനാണ് യൂറോപ്യന്‍ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് കമ്മീഷന്‍ മാള്‍ട്ട സര്‍ക്കാരിന് കത്തുകളും നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കി കാത്തിരിക്കുകയാണ് മാള്‍ട്ട.

പദ്ധതിയെക്കുറിച്ചുള്ള യൂറോപ്യന്‍ കമ്മീഷന്റെ ആശങ്കകളെ സംബന്ധിച്ച് ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്ന് പാര്‍ലമെന്ററി സെക്രട്ടറി അലക്സ് മസ്‌കറ്റ് വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരുകയാണെന്നും തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും ഇദ്ദേഹം വിശദീകരിച്ചു. പക്വമായ ചര്‍ച്ചകള്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്മീഷന്‍ നല്‍കിയ രണ്ട് കത്തുകള്‍ക്കും മറുപടി നല്‍കിയതായും ഇദ്ദേഹം വെളിപ്പെടുത്തി.

മാള്‍ട്ടയുടെ വ്യക്തിഗത നിക്ഷേപക പദ്ധതി (ഐഐപി) -യിലൂടെ യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളിലേക്ക് ഗോള്‍ഡന്‍ പാസ്പോര്‍ട്ടുടമകള്‍ക്ക് പ്രവേശനം സാധ്യമാക്കുമെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ചൂണ്ടിക്കാട്ടുന്നു.

അപേക്ഷകര്‍ക്ക് ഒരു വര്‍ഷത്തെ റസിഡന്‍സിയ്ക്ക് ശേഷം പൗരത്വത്തിന് അര്‍ഹത നേടുന്നതിന് ആദ്യം 750,000 യൂറോ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതാണ് ഭേദഗതി ചെയ്ത പുതിയ സ്‌കീം. 600,000 യൂറോ നിക്ഷേപിക്കുന്ന വ്യക്തികള്‍ക്ക് മൂന്ന് വര്‍ഷത്തെ താമസത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാം.

ദേശീയതയും പൗരത്വവും രാജ്യതാല്‍പ്പര്യത്തില്‍ മാത്രമായി നിലനില്‍ക്കുമെന്ന് ഉറപ്പാക്കാന്‍ എല്ലാ നിയമവഴികളും സ്വീകരിക്കാന്‍ മാള്‍ട്ട തയ്യാറാണെന്ന് മസ്‌കറ്റ് നേരത്തെ പറഞ്ഞിരുന്നു. യൂറോപ്യന്‍ കോടതിയില്‍ പോയിട്ടായാലും മാള്‍ട്ടയുടെ നിലപാട് സംരക്ഷിക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

Comments are closed.