head2
head1
head 3

സാമ്പത്തിക നയ പരിഷ്‌കരണത്തെ ചൊല്ലി യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഭിന്നത

സ്ഥിരതയും വളര്‍ച്ചാ കരാറും ലക്ഷ്യമിടുന്ന യൂറോപ്യന്‍ കമ്മീഷന്റെ ബജറ്റ് നിയമങ്ങളെക്കുറിച്ചുള്ള പൊതു ചര്‍ച്ചകള്‍ ശരത്കാലത്ത് പുനരാരംഭിക്കാനൊരുങ്ങവെ സാമ്പത്തിക നയ പരിഷ്‌കരണം സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഭിന്നത ശക്തമായി. സ്ലൊവേനിയയില്‍ നടന്ന യൂറോസോണ്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ രാജ്യങ്ങളുടെ ഭിന്ന സ്വരങ്ങള്‍ കേള്‍ക്കാനായി. യൂറോപ്യന്‍ യൂണിയന്റെ സാമ്പത്തിക നയങ്ങളില്‍ കാലികമായ മാറ്റം വരുത്തണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

സാമ്പത്തിക നയത്തിന്റെ പേരില്‍ സൃഷ്ടിക്കുന്ന കടുംപിടുത്തം അംഗരാജ്യങ്ങളെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും ചില ധനമന്ത്രിമാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഓസ്ട്രിയ, നെതര്‍ലാന്റ്‌സ്, നോര്‍ഡിക് രാജ്യങ്ങള്‍, ലാത്വിയ, സ്ലൊവാക്യ, സെചിയ എന്നിവ അമിതമായ കടം കുറയ്ക്കണമെന്ന ആവശ്യം രേഖാമൂലം ഉന്നയിച്ചു.

ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, പോര്‍ച്ചുഗല്‍, മറ്റ് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ കടം കുറയ്ക്കുന്നതിനുള്ള നിയമങ്ങള്‍ കൂടുതല്‍ അയവുള്ളതാക്കണമെന്നും കാലാവസ്ഥയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

പകര്‍ച്ചവ്യാധി വരുന്നതിനുമുമ്പ് തന്നെ നിയമങ്ങളുടെ പരിഷ്‌കരണം അജണ്ടയിലുണ്ടായിരുന്നതാണ്. ചെലവുചുരുക്കല്‍ മൂലം പൊതു നിക്ഷേപം ഏതാണ്ട് പൂര്‍ണമായി ഇല്ലാതാകുന്നതിലേക്ക് നയിച്ച 2008-ലെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷമുള്ള പിശകുകള്‍ ആവര്‍ത്തിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

മൂന്ന് ശതമാനം ജിഡിപി കമ്മിയും 60% കടബാധ്യതാ പരിധിയുമെന്ന നിലവിലെ യൂറോപ്യന്‍ യൂണിയന്‍ നിയമം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. 2023 വരെ ഇത് പ്രാബല്യത്തിലില്ല.

നയത്തിന്റെ പേരില്‍ വളര്‍ച്ചയെ കൊല്ലരുത്

വളര്‍ച്ചയെ കൊല്ലാതെ തന്നെ ശക്തമായ പൊതു സാമ്പത്തിക തലത്തിലേയ്ക്ക് തിരിച്ചുവരികയാണ് വേണ്ടതെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കടബാധ്യതയുടെ അളവ് സംബന്ധിച്ച കാലഹരണപ്പെട്ട നിയമങ്ങളേറെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ യൂറോസോണ്‍ സര്‍ക്കാരുകളുടെ കട ബാധ്യത ജിഡിപിയുടെ 100.5 ശതമാനത്തിലെത്തി. എന്നാല്‍ വ്യക്തിഗത നിരക്കുകള്‍ എസ്റ്റോണിയയിലെ ജിഡിപിയുടെ 18.5% മുതല്‍ ഗ്രീസിലെ ജിഡിപിയുടെ 209.3% വരെയാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

സമവായത്തിന് ശ്രമിക്കുമെന്ന് ഇയു

എല്ലാ അംഗരാജ്യങ്ങളുടെയും യഥാര്‍ഥ കടം കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവശ്യമാണെന്നും പരിഷ്‌കാരത്തിനായി സമവായം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ വൈസ് പ്രസിഡന്റ് വാല്‍ഡിസ് ഡോംബ്രോവ്‌സ്‌കിസ് പറഞ്ഞു.

ഉത്തേജക നടപടികള്‍ പെട്ടെന്ന് പിന്‍വലിക്കുന്നത് അപകടകരമാണെന്ന് യൂറോപ്യന്‍ സാമ്പത്തിക കമ്മീഷണര്‍ പൗലോ ജെന്റിലോണി വ്യക്തമാക്കി. മുന്‍ പ്രതിസന്ധിയില്‍ എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.

Comments are closed.