head1
head 3
head2

ദേവ് മോഹന്‍ – ജിജു അശോകന്‍ കൂട്ടുകെട്ടില്‍ ‘പുള്ളി’ ഒരുങ്ങുന്നു

കൊച്ചി : മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ആയി ചരിത്രം കുറിച്ച ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയ ദേവ് മോഹന്‍ ജിജു അശോകന്റെ ‘പുള്ളി’ എന്ന പുതിയ ചിത്രത്തിലൂടെ ജയില്‍പുള്ളിയാകുന്നു. ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’, ‘പ്രേമസൂത്രം’ എന്നീ ചിത്രങ്ങള്‍ക്കുശേഷം കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ നിര്‍മ്മിച്ച് ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ പുള്ളി റിലീസിനൊരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

പുള്ളിയിലെ ദേവ് മോഹന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച സൂഫിയും സുജാതക്കും ശേഷം ദേവ് മോഹന്റെ അടുത്ത ചിത്രം ഏതെന്നറിയാനുള്ള കൗതുകം നിറഞ്ഞ കാത്തിരിപ്പിലായിരുന്നു സിനിമാലോകം. 100 കോടി ബഡ്ജറ്റില്‍ ചിത്രീകരിച്ച തെലുങ്ക് ഹിറ്റ് മേക്കര്‍ ഗുണശേഖര്‍ സംവിധാനം ചെയ്ത ‘ശാകുന്തളം’ എന്ന ബ്രഹ്‌മാണ്ഡചിത്രത്തില്‍ നായകനായ ദുഷ്യന്ത മഹാരാജാവിനെ അവതരിപ്പിക്കുന്നതും ദേവ് മോഹനാണ്.

അഞ്ച് ഭാഷകളിലായിറങ്ങുന്ന ചിത്രത്തില്‍ സാമന്തയാണ് ദേവിന്റെ നായികയായെത്തുന്നത്. ലിയോ തദേവ്സിന്റെ പന്ത്രണ്ട് ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയചിത്രം തമിഴിലും തെലുങ്കിലുമായുളള നാലോളം പാന്‍ ഇന്ത്യന്‍ ചിത്രങ്ങള്‍ എന്നിങ്ങനെ വരും വര്‍ഷങ്ങളില്‍ ദേവ്മോഹന്‍ നായകനായി ഒരുപിടി വമ്പന്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.

ദേവ്മോഹന്റെ ആദ്യ തിയറ്റര്‍ റിലീസായ ‘പുളളി’ ഫെബ്രുവരിയില്‍ വേള്‍ഡ് വൈഡ് ആയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, സെന്തില്‍ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശര്‍മ്മ, ശ്രീജിത്ത രവി, വിജയകുമാര്‍, അബിന്‍ ബിനോ, പ്രതാപന്‍, മീനാക്ഷി, ഇന്ദ്രജിത്ത് ജഗന്‍, ടീനാ ഭാട്ടിയ തുടങ്ങിയ ഒരുപിടി അഭിനേതാക്കള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതിനു പുറമേ കഴിവുറ്റ നിരവധി നാടകകലാകാരന്മാരും ചിത്രത്തിലുണ്ട്.

Comments are closed.