head1
head2
head 3

വാക്സിനെടുത്തിട്ടും ഡെന്മാര്‍ക്കിലെ രാജ്ഞിയ്ക്കും സ്പെയിനിലെ രാജാവിനും കോവിഡ് പോസിറ്റീവ്

കോപ്പന്‍ഹേഗന്‍ : പൂര്‍ണ്ണ അളവില്‍ വാക്സിനെടുത്ത ഡെന്മാര്‍ക്കിലെ രാജ്ഞിയ്ക്കും സ്പെയിനിലെ രാജാവിനും കോവിഡ് സ്ഥിരീകരിച്ചു. ഡെന്മാര്‍ക്ക് രാജ്ഞി മാര്‍ഗരീത്ത് കോവിഡ് പോസിറ്റീവായതായി കൊട്ടാരം സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ 82 കാരിയായ രാജ്ഞി കോപ്പന്‍ഹേഗന്‍ കൊട്ടാരത്തില്‍ സെല്‍ഫ് ഐസൊലേഷനില്‍ കഴിയുകയാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് രാജ്ഞിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ബുധനാഴ്ച പ്ലാന്‍ ചെയ്തിരുന്ന നോര്‍വേയിലേയ്ക്കുള്ള അവധി യാത്ര റദ്ദാക്കിയെന്നും രാജകുടുംബം അറിയിച്ചു.

യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ രാജവാഴ്ചയില്‍ 50 വര്‍ഷം പിന്നിട്ടെന്ന വാര്‍ത്ത അടുത്തിടെ പുറത്തുവന്നിരുന്നു. കോവിഡ് പരിഗണിച്ച് ആസൂത്രണം ചെയ്ത സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ മാറ്റിവച്ചിരുന്നു. എങ്കിലും 1559 മുതല്‍ ഡാനിഷ് രാജകുടുംബങ്ങളെ അടക്കം ചെയ്ത റോസ്‌കില്‍ഡ് കത്തീഡ്രലിലെ മാതാപിതാക്കളുടെ ശവകുടീരത്തില്‍ പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങിലുള്‍പ്പടെ രാജ്ഞി ഈ മാസം പങ്കെടുത്തിരുന്നു.

സ്പെയിനിലെ രാജാവായ ഫിലിപ്പെ ആറാമനും കോവിഡ് പോസിറ്റീവായെന്ന് രാജകുടുംബം അറിയിച്ചു. വാക്സിനേഷനുണ്ടായിട്ടും കോവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് പരിശോധന നടത്തിയത്. 54 കാരനായ രാജാവിന് മറ്റാരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കോവിഡ് പ്രോട്ടോക്കോളനുസരിച്ച് ഏഴ് ദിവസത്തേക്ക് ക്വാറന്റൈനിലാണെന്നും കൊട്ടാരം അറിയിച്ചു. ലെറ്റിസിയ രാജ്ഞിയ്ക്ക് രോഗ ലക്ഷണങ്ങളില്ലെന്നും അധികൃതര്‍ അറിയിച്ചു.

12 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 90% പേര്‍ക്കും രണ്ട് ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രാജ്യമാണ് സ്പെയിന്‍. ഈ മെറിറ്റ് മുന്‍നിര്‍ത്തി കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിക്കാനും രാജ്യം തയ്യാറെടുക്കുകയാണ്.

Comments are closed.