head 3
head2
head1

വാക്‌സിനേഷന്‍ ദൗത്യം അവസാനിപ്പിക്കാനൊരുങ്ങി ഡെന്‍മാര്‍ക്ക്

കോപ്പന്‍ഹേഗന്‍: രാജ്യത്തെ വാക്‌സിനേഷന്‍ പ്രോഗ്രാം അവസാനിപ്പിക്കാനൊരുങ്ങുന്നതായി ഡെന്‍മാര്‍ക്ക് ആരോഗ്യവിഭാഗം. സ്പ്രിങ് സീസണ്‍ അവസാനത്തോടെ വാക്‌സിനേഷന്‍ ക്യാംപയിനുകള്‍ അവസാനിപ്പിക്കുമെന്നാണ് ആരോഗ്യ വിഭാഗം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. രാജ്യത്തെ ഭൂരിഭാഗം ആളുകളും രോഗപ്രതിരോധശേഷി കൈവരിച്ചതോടെ മൂന്നാം കോവിഡ് തരംഗം അവസാനിക്കുകയാണ്, മൂന്നാം ഡോസ് അടക്കമുള്ള വാക്‌സിനേഷന്‍ കാര്യക്ഷമമായി നടപ്പാക്കിയതിലൂടെ ഡെന്‍മാര്‍ക്കില്‍ രോഗബാധ ഗുരുതരമാവുന്നത് തടയാന്‍ കഴിയും, അതിനാല്‍ വാക്‌സിനേഷന്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്ന് ഡാനിഷ് സര്‍ക്കാര്‍ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കും, ദുര്‍ബല വിഭാഗത്തിലെ ആളുകള്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കുമെന്ന് കഴിഞ്ഞ മാസം ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മൂന്ന് ഡോസുകള്‍ കൊണ്ട് തന്നെ ആവശ്യത്തിന് പ്രതിരോധം ആളുകള്‍ കൈവരിച്ചിട്ടുണ്ടെന്നും, നാലാമതൊരു ഡോസിന്റെ ആവശ്യമില്ല എന്നുമുള്ള വിലയിരുത്തലിലാണ് ഇപ്പോള്‍ ഡെന്‍മാര്‍ക്ക് സര്‍ക്കാര്‍. നിലവില്‍ ചുരുങ്ങിയ ചില രാജ്യങ്ങള്‍ മാത്രമാണ് കോവിഡ് നാലാം ഡോസുമായി ബന്ധപ്പെട്ട സാധ്യതകള്‍ പരിശോധിക്കുകയോ, പ്രഖ്യാപിക്കുകയോ ചെയ്തിട്ടുള്ളത്.

രാജ്യത്ത് ഡെല്‍റ്റ വകഭേദം കൂടുതലായി പടര്‍ന്നു പിടിച്ച സാഹചര്യത്തിലായിരുന്നു കഴിഞ്ഞ നവംബര്‍ മുതല്‍ 5 വയസ്സിനും11 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ഡെന്‍മാര്‍ക്കില്‍ ആരംഭിച്ചത്. പുതിയ സാഹചര്യത്തില്‍ ഈ പ്രായവിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷനും അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. നിലവില്‍ രാജ്യത്തെ 80 ശതമാനത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്റെ ഇരുഡോസുകളും സ്വീകരിച്ചവരാണ്. 61.3 ശതമാനം ആളുകള്‍ ബൂസ്റ്റര്‍ ഡോസുകളും സ്വീകരിച്ചതായി ഡെന്‍മാര്‍ക്ക് ആരോഗ്യവിഭാഗം അറിയിച്ചു.

Comments are closed.