head1
head2
head 3

മൂന്ന് ദശാബ്ദത്തിന് ശേഷം യൂറോപ്യന്‍ പൊതു സുരക്ഷാ നയത്തെ അംഗീകരിച്ച് ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : റഷ്യയുടെ ഉക്രൈയ്ന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ സംവിധനങ്ങളില്‍ നിന്നും ഒരിക്കല്‍ വേര്‍പെടുത്തിയ ബന്ധം വീണ്ടും കൂട്ടിച്ചേര്‍ക്കാനൊരുങ്ങുകയാണ് ഡെന്മാര്‍ക്ക്. മൂന്ന് ദശാബ്ദത്തിന് ശേഷമാണ് മുന്‍ ‘തറവാട്ടി’ലേയ്ക്കുള്ള ഈ മടങ്ങിപ്പോക്ക്.

ഭൂരിപക്ഷം വരുന്ന ജനങ്ങളും ഇ.യുവിന്റെ പൊതു സുരക്ഷാ നയത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നതായാണ് ഇതു സംബന്ധിച്ച് ബുധനാഴ്ച സര്‍ക്കാര്‍ നടത്തിയ റഫറണ്ടം നല്‍കുന്ന സൂചനകള്‍. സ്വീഡനും ഫിന്‍ലന്‍ഡും നാറ്റോയില്‍ ചേരാനൊരുങ്ങവെ നാറ്റോ അംഗമായ ഡെന്‍മാര്‍ക്ക് യൂറോപ്യന്‍ യൂണിയന്റെ പൊതു സുരക്ഷാ സംവിധനത്തിന് കീഴില്‍ അണിനിരക്കുന്നത് യൂറോപ്പിന്റെ സുരക്ഷയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്.

രാജ്യത്തെ 92 ഇലക്ട്രല്‍ ഡിസ്ട്രിക്ടുകളില്‍ 55 ഇടങ്ങളിലെ ബാലറ്റുകള്‍ പൂര്‍ണ്ണമായി എണ്ണിയപ്പോള്‍ 65.5% പേരും യൂറോപ്യന്‍ യൂണിയനുമായി ഒത്തുപോകണമെന്ന് അഭിപ്രായമുള്ളവരാണെന്ന് തെളിഞ്ഞു. അതേസമയം, 34.5% പേര്‍ എതിരായും നിലകൊണ്ടു.

ജനങ്ങളുടെ ഈ തിരഞ്ഞെടുപ്പ് ആഹ്ലാദം നല്‍കുന്നതാണെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സെന്‍ പറഞ്ഞു. ഉക്രൈന്‍ ഒറ്റയ്ക്കല്ലെന്ന് റഷ്യക്ക് ലോകം നല്‍കുന്ന ഞങ്ങള്‍ നല്‍കുന്ന സൂചനയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വതന്ത്രമായി നിലകൊള്ളുന്ന രാജ്യത്തെ ആക്രമിക്കുകയും സമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന നിലപാടിനെ ഒരുമിച്ച് നേരിടുമെന്നാണ് ഇത് കാണിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പൊതു സുരക്ഷയ്ക്ക് പ്രതിബദ്ധമാണെന്ന ശക്തമായ സന്ദേശമാണ് ഡാനിഷ് ജനത നല്‍കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു.

Comments are closed.