head1
head 3
head2

റഷ്യന്‍ വാതക ഉപഭോഗം ഘട്ടം ഘട്ടമായി നിര്‍ത്താന്‍ ഒരുങ്ങി ഡെന്മാര്‍ക്ക്

കോപ്പന്‍ഹേഗന്‍ : റഷ്യയുടെ ഉക്രൈന്‍ ആക്രമണത്തിനെതിരെയുള്ള പ്രതിഷേധ സൂചകമായി ഡെന്മാര്‍ക്ക് പ്രതിരോധ ബജറ്റ് ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും റഷ്യന്‍ പ്രകൃതിവാതകത്തില്‍ നിന്ന് ഡെന്മാര്‍ക്ക് സ്വാതന്ത്രമാവുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി മെറ്റെ ഫ്രഡറിക്‌സണ്‍.

2033 ഓടെ ജി ഡി പിയുടെ 2% എത്തുന്ന വിധം പ്രതിരോധ ചെലവ് വര്‍ദ്ധിപ്പിക്കും. അതായത് ഏകദേശം 18 ബില്യണ്‍ ക്രൗണ്‍ വര്‍ദ്ധനവ് ഉണ്ടാവും. നയതന്ത്രം, മാനുഷിക പ്രവര്‍ത്തങ്ങള്‍ എന്നിവയ്ക്കായി 7 ബില്യണ്‍ ക്രൗണ്‍ ആണ് അടുത്ത 2 വര്‍ഷത്തിനുള്ളില്‍ ഡെന്മാര്‍ക്ക് നീക്കിവയ്ക്കാന്‍ പോവുന്നത്. പ്രധാന പാര്‍ലമെന്ററി പാര്‍ട്ടികളുടെ അംഗീകാരത്തോടെയാണ് തീരുമാനം.

ചരിത്രപരമായ സമയങ്ങള്‍ ചരിത്രപരമായ തീരുമാനങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ഫ്രഡറിക്‌സണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2019ല്‍ സൈനിക ചെലവ് അതിന്റെ സാമ്പത്തിക ഉല്പാദനത്തിന്റെ 1.35 ല്‍ നിന്നും 1.5 ആയി ഉയര്‍ത്താന്‍ ഡെന്മാര്‍ക്ക് സമ്മതിച്ചിരുന്നു. 2% എന്ന നാറ്റോ ലക്ഷ്യത്തിലെത്താന്‍ അമേരിക്കയുടെ നിരന്തര സമ്മര്‍ദ്ദങ്ങള്‍ ഡെന്മാര്‍ക്കിന് മേലുണ്ടായിരുന്നു. റഷ്യന്‍ ഊര്‍ജ ഉപഭോഗം പരമാവധി വേഗത്തില്‍ കുറയ്ക്കുമെന്ന് ജര്‍മനിയും കഴിഞ്ഞയാഴ്ച അറിയിച്ചു.

ഉക്രൈനിനെതിരായ ക്രൂരമായ ആക്രമണങ്ങള്‍ യൂറോപ്പില്‍ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടുവെന്ന് ഫ്രഡറിക്‌സണ്‍ പറഞ്ഞു. ഉക്രൈന്‍ പോരാട്ടത്തില്‍ ഒറ്റക്കല്ലെന്നും മൂല്യങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തിപരീക്ഷണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിരോധ ചെലവിലെ വര്‍ദ്ധനവ് ഉള്‍ക്കൊള്ളാന്‍ നിലവിലെ ബജറ്റ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെടും. ഡെന്മാര്‍ക്ക് റഷ്യന്‍ വാതക ആശ്രിതത്വത്തില്‍ നിന്ന് സ്വാതന്ത്രമാകണമെന്ന് പ്രധാന പാര്‍ലമെന്ററി പാര്‍ട്ടികള്‍ സമ്മതിച്ചതായി ഫ്രഡറിക്‌സണ്‍ അറിയിച്ചു. ഇതിന്റെ സമയപരിധി നിശ്ചയിച്ചിട്ടില്ല. യൂറോപ്യന്‍ യൂണിയന്റെ കോമണ്‍ സെക്യൂരിറ്റി ആന്‍ഡ് ഡിഫന്‍സ് പോളിസിയില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ ജൂണ്‍ 1ന് നടക്കുന്ന റഫറണ്ടത്തില്‍ തീരുമാനമാവും. 1992 ല്‍ നടന്ന മാസ്ട്രിക്ട് ഉടമ്പടി സംബന്ധിച്ച റഫറണ്ടത്തില്‍ യൂറോ കറന്‍സിയും പ്രതിരോധ സുരക്ഷാ നയവും ഉള്‍പ്പടെയുള്ള മേഖലകളില്‍ നിന്ന് ഡെന്മാര്‍ക്ക് ഒഴിവായിരുന്നു.

ഡാനിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/FyTmDIgHdhJ9X8pXzh2PMv

Comments are closed.