head 3
head1
head2

ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍ക്ക് താമസവും വിദ്യാഭ്യാസ സൗകര്യവും ഉറപ്പാക്കും

കോപ്പന്‍ഹേഗന്‍ : യുദ്ധക്കെടുതികളില്‍ നാടുവിട്ടെത്തുന്ന ഉക്രൈയ്ന്‍ അഭയാര്‍ഥികള്‍ക്കായി താമസവും വിദ്യാഭ്യാസ സൗകര്യവുമെല്ലാം സജ്ജമാക്കുന്ന പ്രത്യേക ടൗണുകള്‍ സ്ഥാപിക്കുമെന്ന് ഡെന്മാര്‍ക്ക്. ചെറിയ ഉക്രൈയ്ന്‍ മോഡല്‍ പട്ടണങ്ങളാകും രാജ്യത്ത് നിര്‍മ്മിക്കുകയെന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് ഇന്റഗ്രേഷന്‍ മന്ത്രി മാത്യാസ് ടെസ്ഫായി യ പറഞ്ഞു.

ഡെന്‍മാര്‍ക്കിലേയ്ക്ക് 100,000 അഭയാര്‍ഥികളെത്തുമെന്നാണ് കരുതുന്നതെന്ന് ടെസ്ഫെ പറഞ്ഞു. 2015ല്‍ എത്തിയ സിറിയക്കാരുടെ എണ്ണത്തിന്റെ ഇരട്ടിയാണിത്. ഇത് നേരത്തേ കണക്കാക്കിയതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ്. ഈസ്റ്റര്‍ സമയത്ത് മാത്രം 40,000 പേരെത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ഉക്രൈന്‍ മോഡല്‍ പട്ടണ പദ്ധതി പ്രാരംഭ ഘട്ടത്തിലാണ്. ഉപയോഗിക്കാത്ത സ്‌കൂളുകള്‍, ആശുപത്രികള്‍, ബാരക്കുകള്‍, കെയര്‍ ഹോമുകള്‍ തുടങ്ങിയവയിലായിരിക്കും അഭയാര്‍ഥികള്‍ക്ക് താമസമൊരുക്കുക. അതിനു പരിസരത്തായിരിക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കുക. ഈ പട്ടണങ്ങളില്‍ ഉക്രേനിയന്‍ ശൈലിയില്‍ ശിശു സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പാക്കും. ഉക്രേനിയക്കാരാകും ഇതിന്റെ നടത്തിപ്പെന്നും ടെസ്ഫായി പറഞ്ഞു.

ഉക്രൈനിയന്‍ അഭയാര്‍ഥികള്‍ക്ക് പ്രാദേശിക തൊഴില്‍ വിപണിയില്‍ ഇടപെടാന്‍ കഴിയുന്നതിനുള്ള അവസരം എളുപ്പത്തില്‍ സജ്ജമാക്കുന്നതും രാജ്യം പരിഗണിക്കുകയാണ്. ഇതിനായി ‘ഫാസ്റ്റ് ട്രാക്ക്’ പദ്ധതി വികസിപ്പിച്ചു വരികയാണ് സര്‍ക്കാര്‍.

ഡെന്‍മാര്‍ക്കിന് പരമ്പരാഗതമായി ഒരു നിയന്ത്രിത മൈഗ്രേഷന്‍ നയമുണ്ട്. രാജ്യത്തേക്ക് അഭയം തേടുന്നവരെ പരമാവധി ഒഴിവാക്കണമെന്നതായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ അതില്‍ നിന്നും രാജ്യം മാറുകയാണെന്ന സൂചനയാണ് മന്ത്രി നല്‍കുന്നത്.

യുദ്ധം ആരംഭിച്ചതിനുശേഷം 19,000 ഉക്രൈയ്ന്‍കാരാണ് ഡാനിഷ് റസിഡന്‍സ് പെര്‍മിറ്റിനായി അപേക്ഷിച്ചത്. ഇവയില്‍ 2,600 -ലധികം പേര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചു.

Comments are closed.