head2
head 3
head1

അതിര്‍ത്തി മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സ്വീഡനും ഡെന്മാര്‍ക്കും

കോപ്പന്‍ഹേഗന്‍ : അതിര്‍ത്തി മേഖലയില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സ്വീഡനും ഡെന്മാര്‍ക്കും ധാരണയില്‍. കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നേരിടേണ്ടിവന്ന വെല്ലുവിളികളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനാണ് ഇരു നോര്‍ഡിക് രാജ്യങ്ങളും സംയുക്ത പദ്ധതി തയ്യാറാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഡെന്മാര്‍ക്ക് വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു.

കോവിഡുമായി ബന്ധപ്പെട്ടു കൊണ്ടുവന്ന പ്രവേശന നിയന്ത്രണങ്ങള്‍ പല സമയത്തും അതിര്‍ത്തിക്കപ്പുറത്തേയ്ക്കുള്ള യാത്രകളെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇത് ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ പ്രതിസന്ധിയുണ്ടാക്കി. ഈ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിരുന്നെങ്കിലും അണുബാധയുടെ വ്യാപനത്തോത് കുറയ്ക്കാന്‍ അത് ആവശ്യമായി വന്നുവെന്ന് വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നോര്‍ഡിക് പ്രദേശം ലോകത്തിലെ ഏറ്റവും സംയോജിതവും സുസ്ഥിരവുമായ പ്രദേശമാകണമെന്നാണ് ഇരു രാജ്യങ്ങളുടേയും കാഴ്ചപ്പാടെന്ന് വകുപ്പ് പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിലും ഇരു കൂട്ടരും വലിയ പ്രാധാന്യം നല്‍കുന്നു. അതനുസരിച്ചാണ് ഡാനിഷ്, സ്വീഡിഷ് സഹകരണ മന്ത്രിമാര്‍ കോപ്പന്‍ഹേഗനില്‍ ഈ പദ്ധതിയെക്കുറിച്ച് ഒരു സംഭാഷണത്തിന് തുടക്കമിട്ടതെന്ന് പ്രസ്താവനയില്‍ പറയുന്നു.

അതിര്‍ത്തിയില്‍ നിയന്ത്രണം ശക്തം

ഉയര്‍ന്ന കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും, മൂന്നാം രാജ്യ യാത്രക്കാര്‍ക്കുള്ള യാത്രാ നിയന്ത്രണ നടപടികള്‍ കഴിഞ്ഞ മാസം ഡെന്മാര്‍ക്ക് നിര്‍ത്തിയിരുന്നു. ഭൂരിപക്ഷം നിയന്ത്രണങ്ങളും എടുത്തുകളഞ്ഞിട്ടും, രാജ്യം അതിര്‍ത്തിയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്.

മുമ്പ് വാക്സിനെടുക്കാത്ത യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും ഷെങ്കന്‍ സോണില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് ഡെന്മാര്‍ക്കില്‍ പ്രവേശിക്കുന്നതിന് 24 മണിക്കൂറിന് മുമ്പെടുത്ത കോവിഡ് നെഗറ്റീവ് റിസള്‍ട്ട് കാണിക്കേണ്ടതുണ്ടായിരുന്നു.

കഴിഞ്ഞ മാസം മറ്റ് ഷെങ്കന്‍ സോണ്‍ രാജ്യങ്ങള്‍ക്കുള്ള അതിര്‍ത്തി നിയന്ത്രണം ആറു മാസത്തേക്ക് കൂടി ഡെന്മാര്‍ക്ക് നീട്ടിയിരുന്നു. 2022 മെയ് രണ്ടിന് ഇത് കാലഹരണപ്പെടും.

ഡെന്മാര്‍ക്കില്‍ 31,06,030 കോവിഡ് ബാധിതര്‍

ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണക്കുകളനുസരിച്ച് ഡെന്മാര്‍ക്കില്‍ മൊത്തം 31,06,030 ആളുകള്‍ക്ക് ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ കോവിഡ് ബാധിച്ചു. ഇതേ കാലയളവില്‍ ഡെന്മാര്‍ക്കില്‍ ആകെ 6,047 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.

Comments are closed.