head 3
head1
head2

ആത്മവിശ്വാസത്തോടെ ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വേയും : സ്‌കാന്‍ഡിനേവിയ കോവിഡ് (നിയന്ത്രണ) രഹിതമാകുന്നു

കോപ്പന്‍ ഹേഗന്‍ : ഡെന്‍മാര്‍ക്കും സ്വീഡനും നോര്‍വേയും ഉള്‍പ്പെടുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളെല്ലാം കോവിഡ് നിയന്ത്രണങ്ങളൊഴിവാക്കുന്നു. പകര്‍ച്ചവ്യാധി നിയന്ത്രണങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാവുകയാണ് ഈ മേഖല. വൈറസ് ബാധയൊഴിഞ്ഞതുകൊണ്ടല്ല സ്‌കാന്‍ഡിനേവിയ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത്. മേഖലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്, എന്നാല്‍ ഉയര്‍ന്ന വാക്സിനേഷന്‍ നിരക്ക് നല്‍കുന്ന ആത്മബലത്തിലാണ് ഈ നീക്കം.

മിക്ക കോവിഡ് നിയന്ത്രണങ്ങളുമൊഴിവാക്കിയ ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലൊന്നായി ഡെന്‍മാര്‍ക്ക് നേരത്തേ മാറിയിരുന്നു.

സ്വീഡനും നോര്‍വ്വേയും പിന്നാലെ

കോവിഡുമായി ബന്ധപ്പെട്ട എല്ലാ നിര്‍ബന്ധിത നിയന്ത്രണങ്ങളും ഫെബ്രുവരി 9-നകം നീക്കുമെന്ന് സ്വീഡന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കോവിഡ് ബാധിതര്‍ വീട്ടില്‍ തുടരണമെന്നും വാക്സിനേഷന്‍ എടുക്കാത്തവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

പാന്‍ഡെമിക്കിന്റെ തുടക്കം മുതല്‍ താരതമ്യേന അയഞ്ഞ നിയമങ്ങളായിരുന്നു സ്വീഡനിലുണ്ടായിരുന്നത്. രാജ്യത്ത് ഇപ്പോഴും അണുബാധ കൂടുതലാണ്. എന്നാല്‍, ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം സുസ്ഥിരമാണെന്നതിനെ അടിസ്ഥാനമാക്കിയാണ് നിയന്ത്രണങ്ങള്‍ നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന വാക്സിനേഷന്‍ നിരക്കും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനവുമാണ് സ്വീഡനുള്ളത്.

കോവിഡ് കേസുകളുടെ വര്‍ദ്ധനവ് ആരോഗ്യ സേവനങ്ങളെ അപകടത്തിലാക്കില്ലെന്ന നിഗമനത്തില്‍, അവശേഷിക്കുന്ന മിക്ക ലോക്ക്ഡൗണ്‍ നടപടികളും നീക്കം ചെയ്യുകയാണെന്ന് നോര്‍വേയും പ്രഖ്യാപിച്ചു.

രാത്രി 11 മണിക്ക് ശേഷം മദ്യം വിളമ്പാന്‍ റസ്റ്റോറന്റുകള്‍ക്ക് വീണ്ടും അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോയര്‍ പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം നിര്‍ബന്ധമല്ലെന്നും വീടുകളില്‍ 10 സന്ദര്‍ശകരെന്ന പരിധി വെട്ടിക്കുറയ്ക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എന്നാല്‍, ഒരു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്നും തിരക്കേറിയ ഇടങ്ങളില്‍ ഫേയ്സ് മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. രാജ്യത്തെ മുക്കാല്‍ ഭാഗം ആളുകളും രണ്ട് ഡോസ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ജനസംഖ്യയുടെ പകുതിയ്ക്കും ബൂസ്റ്റര്‍ ഷോട്ടും നല്‍കിയിട്ടുണ്ട്.

ഡെന്‍മാര്‍ക്കില്‍ 3,770, സ്വീഡനില്‍ 15,991, നോര്‍വേയില്‍ 1,440 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Comments are closed.